ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

Friday, 26 August 2011

ദുര്‍ബ്ബ - ലത


മുള്ളുകമ്പികളാല്‍ ബന്ധിതരായ
സിമെന്‍റ് തൂണുകള്‍ അതിരുകാക്കുന്ന
ഈ പ്ലോട്ട് ഫോര്‍ സെയില്‍ ചതുരമില്ലേ?

അവിടെ പണ്ട് കുമാരേട്ടന്‍റെ ടെയിലര്‍ കടയായിരുന്നു..
തൊട്ടടുത്ത്‌ പക്രു വണ്ണന്‍റെ പലവ്യഞ്ജനം
മുകളില്‍ ഉദയം ഗ്രാമീണ വായനശാല.

പ്രേമലത പുസ്തകം എടുക്കാന്‍ കയറുകയോ
എടുത്ത് ഇറങ്ങുകയോ ചെയ്യുന്ന
ഇടുങ്ങിയ ഏണിപ്പടി ഇടവേളയെ
എന്നും കളയാതെ കാത്തു പോന്ന കാലം

പിന്നീട്
പ്രേമലത പട്ടാളക്കാരനെ കെട്ടി
വടക്കേഇന്ത്യയിലേയ്ക്കു നാട് കടത്തപ്പെട്ടു.
കുമാരേട്ടന്‍ മരണത്തിനു വഴിമാറി
പക്രു അണ്ണന്‍
സ്ക്കൂളിനടുത്ത മുന്തിയ കെട്ടിടത്തിലേയ്ക്കു
കച്ചവട മുന്നേറ്റം നടത്തി..

ഉദയത്തി ന്‍റെ അസ്തമയ പാത പൊടുന്നനെ
(എന്നാല്‍ ഞെട്ടിപ്പിക്കാതെ )

നാട്ടില്‍ അവധി ആഘോഷിക്കാനെത്തിയ
പ്രേമലതയേയും മകനെയും
സൂപ്പര്‍മാര്‍ക്കറ്റില്‍ വച്ച് കണ്ടു.

കൊതുകിനെ തുരത്താനുള്ള
ദ്രാവകയന്ത്രം വാങ്ങുന്നു.

"അയ്യോ കൊതുക്" എന്ന കൊഞ്ചലോടെ
ഒരു ഏണിപ്പടി ഇടവേളയില്‍ വച്ച്
അവളെന്‍റെ കൈകളില്‍ മൃദുവായി തല്ലിയത്
എത്ര മുന്‍പായിരുന്നു.

ഇന്നിപ്പോള്‍
പീഡനങ്ങള്‍ക്കും പരേഡുകള്‍ക്കും
നടുവില്‍ നിന്ന് നോക്കുമ്പോള്‍
അന്നത്തെ അവളുടെ ദുര്‍ബ്ബലധൈര്യത്തിന്
എന്തൊരു കരുത്താണ്!