ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

Tuesday, 25 January 2011

രുചിഭേദങ്ങള്‍

പണ്ട്-


കുട്ടിക്കാലത്ത്
നാട്ടിലെ
നാരായണ വിലാസം
ഹോട്ടല്‍ കാണുമ്പോഴൊക്കെ
ഞാന്‍
വിചാരിക്കുമായിരുന്നു..

ഇനി ഇത് വളര്‍ന്നു
ഹോസ്റ്റല്‍ ആവും..

പിന്നെയും പണം സമ്പാദിച്ചു ഹോസ്പിറ്റല്‍ ആവും..

ഇന്ന്-
വളര്‍ന്നു വളര്‍ന്നു
നാടുമല്ല നഗരവുമല്ല
എന്ന ഇളിഭ്യ ച്ചിരി ചിരിക്കുന്ന
അതേ നാടിന്‍റെ;
നാരായണവിലാസം നില്‍ക്കുന്ന
അതേ സ്ഥലത്ത്
പുഴുക്കള്‍ അരിക്കുന്ന
ചവറു കൂനയ്ക്കടുത്തു
ഒരു ബോര്‍ഡ് വന്നിരിക്കുന്നു.

ഇത്
ഒരു മള്‍ട്ടി സ്പെഷ്യാലിറ്റി
ഹോസ്പിറ്റല്‍ സൈറ്റ്

Tuesday, 11 January 2011

അട്ടിമറി

അമ്പലപ്പറമ്പില്‍
സാമൂഹ്യ നാടകം

എത്ര കാലമായി ഒരു
നാടകം കണ്ടിട്ട് എന്ന
ഗൃഹാതുരതയോടെ
പോയി നിന്ന് നോക്കി
രാത്രിയില്‍.

കര്‍ട്ടന്‍ ഉയരുമ്പോഴുണ്ട്
എല്ലാ നടീ നടന്മാരും
നിരന്നിരിക്കുന്നു.

ജീവിതം കാണാനാത്രേ.

പൊടുന്നനെ
അഭിനേതാക്കള്‍
ആകേണ്ടി വന്നതിന്റെ
ഉത്തര വാദിത്തം
കാണികള്‍
കൂവി മറി കടന്നു

സ്റ്റേജ് നിറഞ്ഞിരിക്കുന്ന
കാണിഅഭിനേതാക്കള്‍ ആവട്ടെ
ജീവിതത്തിനും
നാടകത്തിനും
ഇടയ്ക്ക്
പൊടുന്നനെ
പൊട്ടി വീണ
ചുവന്ന കര്‍ട്ടന്റെ
ഉള്ളിലുമകപ്പെട്ടു.

സ്ക്രിപ്റ്റ് തിരുത്തിയ
സംഘടിത നീക്കത്തെ
ഭാരവാഹികള്‍
എങ്ങിനെ നേരിടുമോ എന്തോ?

Thursday, 6 January 2011

സെമിനാര്‍/സംവാദം

ക്ഷണക്കത്ത് കിട്ടിയത്
ഇന്നലെയാണ്

വിഷയം കാലഘട്ടങ്ങളുടെ
സംവാദം..

ഒരു ദിവസത്തിന്‍റെ തയ്യാറെടുപ്പുമായി സ്ഥലത്തെത്തി..

എഴുപതുകളില്‍ നിന്നും ഒരു
ചുവന്ന തോള്‍സഞ്ചി എത്തിയിരുന്നു..

മുപ്പതുകളില്‍ നിന്നും
ഒരു ഖദര്‍..

ആയിരത്തി എണ്ണൂറുകളുടെ അവസാന പാദത്തില്‍ നിന്നും ഒരു മേല്‍മുണ്ട്‌ ...

രണ്ടായിരാം ആണ്ടു താണ്ടി
എത്തിയത് ഞാന്‍ മാത്രമാണ് എന്നറിഞ്ഞപ്പോള്‍
വരേണ്ടിയിരുന്നില്ല
എന്നൊരു ലജ്ജ എന്നെ വന്നു മൂടി..

നെറ്റും സിമ്മും എന്നെ ഉപേക്ഷിച്ചു
ഹാളിനു വെളിയില്‍ തന്നെ നിന്നു.

ഏതാണ്‌ ഹാളിനുള്ളിലെ കാലം എന്ന് ഞാന്‍
വാതില്‍ക്കല്‍ നിന്ന
മനുഷ്യനോടു ചോദിച്ചപ്പോള്‍
അയാളില്‍ കൌതുകം.

ഹാളിനകത്ത്‌ കാലം ചോദിക്കരുത് എന്നൊരു
ബോര്‍ഡ് വച്ചിരുന്നു.
അവനവന്‍റെ കാലം പറയാം.

തിങ്ങി നിറഞ്ഞ ഹാളിനകം,
പക്ഷെ, നിശ്ശബ്ദമായിരുന്നു..

ചരിത്ര പുസ്തകത്തിലെ
പല പല രൂപങ്ങളും
ഒന്നോടെ, ഒരു പ്രൊജക്റ്റ്‌ ബുക്കിലെ ഒരു പേജില്‍
വെട്ടിയൊട്ടിക്കപ്പെട്ടത് പോലെ,
നിരന്നിരിക്കുന്നു..

ഓരോരുത്തരും
അവരവരുടെ
കാലത്തിന്‍റെ പ്രതിനിധികളത്രേ.

സംവാദത്തില്‍
ആര് ജയിക്കുമോ,
എന്‍റെ കാലത്തിനെ പ്രതിനിധീകരിക്കാന്‍
ഞാന്‍ യോഗ്യനോ,
ഈ സംവാദം സംഘടിപ്പിച്ചവര്‍ ഏതു കാലത്തില്‍ ആവും

എന്നിങ്ങനെ
സംശയങ്ങളുടെ
നൂറു തിര വന്ന്
എന്നെ മൂടി.

ഏറ്റവുമാദ്യം
സംസാരിക്കുന്നത് ഒരു
ഏക കോശ ജീവിയാണെന്ന
അറിയിപ്പ് വന്നു.

അനന്ത കോടി കണ്ണികളുടെ
ഇങ്ങേത്തലയ്ക്കല്‍
അനവസരത്തില്‍
തിളച്ചു പൊന്തിയ
പുച്ഛം
അങ്ങേ അറ്റത്തു നില്‍ക്കുന്ന
ആ ജീവിയിലേയ്ക്ക് ഓളം തല്ലി
എത്തിയോ എന്തോ

ഞാന്‍ എന്തിനോ
വീണ്ടും ലജ്ജിച്ചു കാത്തിരിപ്പായി..

Wednesday, 5 January 2011

ഇനി

മഴയുടെ
സ്ഫടിക തമ്പുരു
ഇനി മാനം
വേനല്‍പ്പുതപ്പിട്ടു മൂടും..

ശ്രുതി ചേര്‍ക്കാന്‍
ആരെയും കിട്ടാതെ..
രാത്രിചീവീടുകള്‍
കരഞ്ഞു കൊണ്ടേയിരിക്കും...

Monday, 3 January 2011

അവനവന്‍ അക്കാദമി

ചതുര വടിവില്‍
കിനാവ്‌ കാണാന്‍
ഒരു ക്രാഷ് കോഴ്സ് .

വിപ്ലവ കാരി യാവാന്‍
പത്ത് എളുപ്പ വഴികള്‍

കൈ നനയാതെ
പിടിച്ച മീന്‍
എങ്ങിനെ
ആരാന്‍റെ പൊള്ളുന്ന
നെഞ്ചില്‍ ചുട്ടെടുക്കാം..

............

എങ്ങിനെ
മതിമറന്നു
പൊട്ടിക്കരയാം
എന്ന് കൂടെ പഠിപ്പിച്ചിരുന്നെങ്കില്‍...