ക്ഷണക്കത്ത് കിട്ടിയത്
ഇന്നലെയാണ്
വിഷയം കാലഘട്ടങ്ങളുടെ
സംവാദം..
ഒരു ദിവസത്തിന്‍റെ തയ്യാറെടുപ്പുമായി സ്ഥലത്തെത്തി..
എഴുപതുകളില്‍ നിന്നും ഒരു
ചുവന്ന തോള്‍സഞ്ചി എത്തിയിരുന്നു..
മുപ്പതുകളില്‍ നിന്നും
ഒരു ഖദര്‍..
ആയിരത്തി എണ്ണൂറുകളുടെ അവസാന പാദത്തില്‍ നിന്നും ഒരു മേല്‍മുണ്ട് ...
രണ്ടായിരാം ആണ്ടു താണ്ടി
എത്തിയത് ഞാന്‍ മാത്രമാണ് എന്നറിഞ്ഞപ്പോള്‍
വരേണ്ടിയിരുന്നില്ല
എന്നൊരു ലജ്ജ എന്നെ വന്നു മൂടി..
നെറ്റും സിമ്മും എന്നെ ഉപേക്ഷിച്ചു
ഹാളിനു വെളിയില്‍ തന്നെ നിന്നു.
ഏതാണ് ഹാളിനുള്ളിലെ കാലം എന്ന് ഞാന്‍
വാതില്‍ക്കല്‍ നിന്ന
മനുഷ്യനോടു ചോദിച്ചപ്പോള്‍
അയാളില്‍ കൌതുകം.
ഹാളിനകത്ത് കാലം ചോദിക്കരുത് എന്നൊരു
ബോര്‍ഡ് വച്ചിരുന്നു.
അവനവന്‍റെ കാലം പറയാം.
തിങ്ങി നിറഞ്ഞ ഹാളിനകം,
പക്ഷെ, നിശ്ശബ്ദമായിരുന്നു..
ചരിത്ര പുസ്തകത്തിലെ
പല പല രൂപങ്ങളും
ഒന്നോടെ, ഒരു പ്രൊജക്റ്റ് ബുക്കിലെ ഒരു പേജില്‍
വെട്ടിയൊട്ടിക്കപ്പെട്ടത് പോലെ,
നിരന്നിരിക്കുന്നു..
ഓരോരുത്തരും
അവരവരുടെ
കാലത്തിന്‍റെ പ്രതിനിധികളത്രേ.
സംവാദത്തില്‍
ആര് ജയിക്കുമോ,
എന്‍റെ കാലത്തിനെ പ്രതിനിധീകരിക്കാന്‍
ഞാന്‍ യോഗ്യനോ,
ഈ സംവാദം സംഘടിപ്പിച്ചവര്‍ ഏതു കാലത്തില്‍ ആവും
എന്നിങ്ങനെ
സംശയങ്ങളുടെ
നൂറു തിര വന്ന്
എന്നെ മൂടി.
ഏറ്റവുമാദ്യം
സംസാരിക്കുന്നത് ഒരു
ഏക കോശ ജീവിയാണെന്ന
അറിയിപ്പ് വന്നു.
അനന്ത കോടി കണ്ണികളുടെ
ഇങ്ങേത്തലയ്ക്കല്‍
അനവസരത്തില്‍
തിളച്ചു പൊന്തിയ
പുച്ഛം
അങ്ങേ അറ്റത്തു നില്‍ക്കുന്ന
ആ ജീവിയിലേയ്ക്ക് ഓളം തല്ലി
എത്തിയോ എന്തോ
ഞാന്‍ എന്തിനോ
വീണ്ടും ലജ്ജിച്ചു കാത്തിരിപ്പായി..
ഇത്തിരി ക്രിസ്പ് ആക്കിയിരുന്നെങ്കിൽ എന്ന് ഞാൻ കൊതിച്ചുപോകുന്നു
ReplyDeleteഹോ... മാഷേ, ആദ്യമായാ ഇവിടെ വരുന്നത്. കൂടുതല്‍ വായിക്കാനായി വീണ്ടും വരുന്നുണ്ട്. കിടിലം...
ReplyDelete