ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

Monday, 18 July 2011

കോരല്‍

ആഴമുള്ള കിണറാണ്
മതിലിനുചുറ്റും പൊന്തയാണ്
ഉള്ളില്‍ ഇരുളിന്‍ തണുവാണ്.

ഉണ്ട്, തെളിനീരിന്‍
ആകാശം, കീഴെയെന്നു
ഉള്‍വിളി മാത്രം പറഞ്ഞതാണ്..

കപ്പിയിട്ട് കയറുകെട്ടി
തൊട്ടിയിട്ടു കോരിക്കോരി
നടുവൊടിഞ്ഞുവെന്ന് മാത്രം

കോരിയെടുത്തത്‌ മുഴുവന്‍
മഞ്ഞാണ് കുളിരാണ്

മീതെയെത്തുമ്പോഴോ, വെറും
പൊയ്യാണ് കനവാണ്.

ഇനി പഠിക്കണം
ഒറ്റക്കോരലില്‍
ഒരു തൊട്ടി
നിറവുള്ള തെളിനീരു
മുകളിലെത്തിക്കാനുള്ള
കൈവേഗം
മെയ്യൊതുക്കം

Thursday, 14 July 2011

സൂര്യന്‍ ‍, ഭൂമി, മഴ..

സൂര്യന്റേതു ഒരു ഒടുക്കത്തെ പ്രണയമാണ്
അങ്ങനെ ആഞ്ഞു പുല്‍കി
ഉള്ളിലെ സ്നേഹ നീര് മുഴുവന്‍
വലിച്ചൂറ്റിയെടുത്ത്-
ഒരു മാതിരി വന്യ ഭോഗം

അതൊക്കെ ഭൂമിയെ കണ്ടു പഠിക്കണം
ശാന്തമായി
ലളിതമായി
കാല്‍പ്പനിക സ്വപ്നങ്ങളെ
കടല്‍ച്ചിന്തകളെ
ആകാശത്തേക്കുയര്‍ത്തി
മേഘക്കൈകള്‍ വിടര്‍ത്തി
തന്നിലേയ്ക്കു സ്വയം
കുളിര്‍മഴ വീഴ്ത്തി..
രോമാഞ്ചപ്പുല്‍ക്കൊടികള്‍ ഞെട്ടി ഉണര്‍ത്തി...

ഒരുമാതിരി സ്വയംഭോഗം..

Sunday, 10 July 2011

മ്യൂസിയം ഡോട്ട് കോം (2050 )

പോയിട്ടുണ്ടോ നിങ്ങള്‍ ഈ സൈറ്റില്‍ ?
പഴയ കമ്പ്യൂട്ടര്‍, വെബ്‌ സൈറ്റുകള്‍,
ബ്ലോഗുകള്‍, എന്നിവയുടെ
വിചിത്ര ശേഖരം കാണാം
നിങ്ങള്‍ക്കീ സൈറ്റില്‍

പണ്ടുകാലത്തെ മനുഷ്യര്‍ ഉപയോഗിച്ച
സര്‍ഫിംഗ് ഉപകരണങ്ങള്‍
പ്രാചീനമായ ലിങ്കുകള്‍
ചിത്രങ്ങള്‍ അപ്‌ലോഡ്‌ ചെയ്യുന്ന
വിചിത്ര രീതികള്‍
മെയിലുകള്‍ അയക്കുന്ന സംവിധാനം
വോയിസ്‌ വീഡിയോ ചാറ്റിംഗ്
എന്ന അന്നത്തെ സങ്കേതങ്ങള്‍

ഒന്നൂടെ സെര്‍ച്ച്‌ ചെയ്‌താല്‍
ഒറ്റ എന്നൊരു ബ്ലോഗും കാണും

അന്ന് കാലത്തെ മനുഷ്യരുടെ
അടയാളപ്പെടാനുള്ള ഓരോ
വെപ്പ്രാളപ്പെടല്‍..!!