ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

Tuesday, 30 June 2015

---

അത്യാവശ്യമായി
ഒരിടം വരെ പോകേണ്ടതുണ്ടായിരുന്നു. അതിനുള്ള ഒരുക്കം തുടങ്ങുമ്പോഴാണ് മരിച്ചവരുടെ ഗാനമേള തുടങ്ങിയത്.
ഹാളിൽ മൊത്തം കാണികളും സ്കൂൾ കുട്ടികളായിരുന്നു.
തോളിൽ നിറമുള്ള ബാഗുകളും തൂക്കി കൈയ്യിൽ പലവർണ്ണ വാട്ടർബോട്ടിലുകളുമായി ഇരിക്കുന്ന യൂണിഫോം ധാരികൾ പലരും മീശ വച്ച ഉദ്യോഗസ്ഥന്മാരും മീശയില്ലാത്ത പ്രൊഫഷണലുകളുമായിരുന്നു.
നിറയെ കാറ്റ് നിറച്ച ബലൂണുകളിൽ ചിരിമുഖങ്ങൾ വരച്ചു വച്ചിട്ടുണ്ടായിരുന്നു.
മരിച്ചവരുടെ ഗാനമേള നയിച്ചിരുന്നത് പഴയ യൂപി സ്കൂൾ ഹെഡ്മാഷായിരുന്നു.
മാഷ് അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി എന്ന കീർത്തനം ഭേഷായി വിസ്തരിക്കുന്നുണ്ട്.
വളരെ അത്യാവശ്യമായി
ഒരിടം വരെ പോകേണ്ടതുണ്ടെന്ന കാര്യം മറന്ന് ഞാനാ ഹാളിൽ വായും പൊളിച്ച് നോക്കി നിൽക്കുന്നുണ്ടായിരുന്നു. നാലു മണിക്ക് എയർപോർട്ടിൽ എത്തേണ്ടതുണ്ട് എനിക്ക് എന്ന കാര്യം ഞാൻ മൂന്ന് അമ്പത്തിയഞ്ചിന് ഓർത്തെടുത്തു. വീട്ടിൽ നിന്ന് എയർപോർട്ടിലേയ്ക്ക് മൂന്ന് മണിക്കൂർ യാത്രയുണ്ട്. അപ്പോൾ വളരെ അത്യാവശ്യകാര്യത്തിന് എനിക്കിനി പോകാൻ ആവില്ല. എന്റെ ജീവിതം എപ്പോഴും ഇങ്ങനെത്തന്നെ എന്ന്  ഞാൻ സ്വയം ശപിക്കാൻ തുടങ്ങുന്നു. മരിച്ചവരുടെ ഗാനമേള അത്രയൊന്നും മികച്ചതല്ലാഞ്ഞിട്ടും എനിക്കത് മുഴുവനും കാണണമെന്നും കേൾക്കണമെന്നും ഒരേ നിർബന്ധം. അപ്പോൾ ഹാളിനകത്തു ഭിത്തിയിൽ തൂക്കിയിട്ടിരുന്ന സ്റ്റഫ് ചെയ്ത മാൻ തല പുലിയുടെ ശബ്ദത്തിൽ അലറി.
അന്നേരം പുലർച്ചെ മൂന്നുമണിയുടെ അലാറം അലറുകയും  നാലേകാലിന്റെ തിരുവനന്തപുരം ഫാസ്റ്റ് വീടിനു വെളിയിൽ വലിയ ശബ്ദത്തോടെ ബ്രേക്ക് ചവിട്ടി നിൽക്കുകയും ചെയ്തു. വളരെ അത്യാവശ്യമായി തിരുവനന്തപുരം പോകേണ്ടതുണ്ടല്ലോ എന്ന താരാട്ട് പാടിക്കൊണ്ട് അമ്മ ഉറക്കത്തിന്റെ മാറാലപിടിച്ച മുഖം തൂത്ത് വൃത്തിയാക്കി തൊട്ടിലാട്ടിയാട്ടി നിൽക്കുന്നുണ്ടായിരുന്നു.

---

എത്രയോ കാലമായി മുത്തശ്ശിയെ ഒന്ന് വിളിച്ചിട്ട് എന്ന തിരിച്ചറിവ് പ്രേമത്തോടെ ഒന്ന് വിളിച്ചതാണ്.
മറുതലയ്ക്കൽ പാടവരമ്പും പശുവും കണ്ണിമാങ്ങകളും ചക്കപ്പഴയീച്ചകളും ഒന്നിച്ച് ഹലോ പറഞ്ഞു. മുത്തശ്ശിയ്ക്ക് ആൻ ജിയോ പറഞ്ഞതല്ലെ..എന്തായി എന്ന ചോദ്യത്തിന് അതിപ്പോഴില്ല ആദ്യം വീടിന്റെ അടുക്കള കത്തിച്ചു കളയാൻ പറഞ്ഞു ഡോക്ട്ർ എന്ന് മറുപടി. അപ്പോൾ അടുക്കളയിൽ മുത്തശ്ശി മാങ്ങാപ്പുളിശ്ശേരി പാകമായോന്ന് ഒരു തുള്ളിയെടുത്ത് നാവുകൊണ്ട് ഊശ്ശ്... എന്ന് സാക്ഷ്യപത്രം കൊടുക്കുന്ന ശബ്ദം കേട്ടു. കാളവണ്ടിയുമായി വന്നുനിന്ന് കേലൻ എയർപോർട്ടിലേയ്ക്ക് പോവ്വ്വല്ലേ എന്ന് ചോദിക്കുന്നു. ദാ വന്നു കേലോ ഈ പപ്പടം കൂടിയൊന്ന് കാച്ചിക്കോട്ടെ എന്ന് മുത്തശ്ശി. അപ്പോൾ മരിച്ചു പോയ മുത്തശ്ശൻ വന്ന് അടുക്കളയ്ക്ക് തീ കൊടുത്തു. പകുതി അടുക്കള കത്തിയും പുകഞ്ഞും നിൽക്കുമ്പോൾ ബാക്കി പകുതിയിൽ മുത്തശ്ശിയുടെ വേഷ്ടിയും മുണ്ടും ഉണങ്ങാൻ ഇട്ടിരിക്കുന്നു. തീ പടർന്ന് ഗ്യാസ് കുറ്റിയിൽ പിടിക്കുമല്ലോ അത് പൊട്ടിത്തെറിക്കുമല്ലോ എന്നൊക്കെ അമ്മായി ആവലാതി പറയുന്നതും കേട്ടു. മതിയെടാ പൊട്ടാ എന്ന് അമ്മാമ ഫോൺ കട്ടാക്കാൻ തുടങ്ങുന്നേരം കേലൻ ഒറ്റയ്ക്ക് എയർപോർട്ടിലേയ്ക്ക് പോകുന്ന ഘട്ഖടു ഘട്ഖടു ശബ്ദം കൂടി കേട്ടു. പുലർച്ചെ ഇരുട്ട് മൂടിയകുളത്തിൽ വെള്ളം വകയുമ്പോൾ മാത്രം വെളിച്ചപ്പെടുന്ന ഗുളുഗുളു ശബ്ദം തണുപ്പിന്റെ അരിവാളുകൾ വീശി തീ കൊയ്യാൻ തുടങ്ങിയിരുന്നു. അയ്യോ കേലാ.. എയർപോർട്ടിലേക്ക് ഈ തീക്കറ്റകൾ കൂടെ കൊണ്ട് പോടാ എന്ന് തീയിലും പുകയിലും നിന്ന് മുത്തശ്ശി നിലവിളിച്ച് പറയുന്നുണ്ടായിരുന്നു.

അന്നേരം

ഒരു ചെറിയ കല്ല്
കുളത്തിന്റെ നിസ്സംഗതയിലേയ്ക്ക്
ആഴ്ന്ന് പോകുമ്പോലെ
ഒരോർമ്മയെ ഞാൻ മറന്നു പോയി.

അതൊരുവേള
നിന്നെക്കുറിച്ചുള്ള
എത്രയും തരളമായ
ഒരു ഓർമ്മയായിരുന്നിരിക്കണം

എന്തോ
അറിയില്ല
ഞാനത് മറന്നുകഴിഞ്ഞതു കൊണ്ട്
ഇനിയെങ്ങനെ ഓർത്തെടുക്കാനാണ്.

എങ്കിലും
പട്ടുപോലെ പുതഞ്ഞ് പുതഞ്ഞ് പോകുന്ന അടിത്തട്ടെന്ന പോലെ
ഓർമ്മകളടിഞ്ഞുകൂടിയ ഒരിടം
അടുത്ത വേനലിൽ
വെളിപ്പെടുമായിരിക്കും.

നീ കാത്തിരിക്കില്ലേ?

ബാക്കി വന്ന വാക്കുകൾ

ഇട്ടുവയ്ക്കാറുണ്ട്
പഴയോരു മൺകുടുക്കയിൽ.
ഒരു കവിതയിലും ചേരാത്തവ.

ഓരോ തവണ നിറയുമ്പോഴും
കളയാറുണ്ടവ പിറകിലെ
ത്തൊടിയിൽ.

മഴകൊണ്ട് വെയിൽകൊണ്ട്
പകുതിയളിഞ്ഞും പകുതി തെഴുത്തും തൊടിയാകെ നിറഞ്ഞു നിൽപ്പുണ്ടവ.

ആർക്കും വേണ്ടാത്ത വാക്കുകളുടെ തണൽ കൊണ്ട്
നിർമ്മിക്കണം ഇനി ഒരു കവിത.
ആർക്കും വേണ്ടാത്ത രൂപകങ്ങളും ഉപമകളും നിറഞ്ഞ ഒരു പാഴ്ത്തൊടിക്കവിത.

ആദ്യ വയ്പ്പിൽ തന്നെ
കാലുപുതഞ്ഞ് പോകുന്നൊരു
ചതുപ്പു കവിത.

ഗൃഹാതുരതയെന്ന് പേരിട്ട് വിളിക്കും മുമ്പതിനെ
കയറിട്ട് വലിച്ച് തെളിച്ച്
കൊണ്ടെക്കെട്ടണം
മുറ്റത്തെത്തെങ്ങിൻ ചുവട്ടിൽ.

തെങ്ങേ കവുങ്ങേ തൈമാവിന്തണലേ എന്ന്
മാറി മാറി അമറും മുമ്പ്
വിറ്റ് വിലമാറണം നല്ലൊരു അറവുകാരന്.

-----

അവിടവിടെ പിഞ്ഞിത്തുടങ്ങിയ
നനഞ്ഞ മഞ്ഞത്തുണികൊണ്ട്
ഇരുട്ടിൽ നിന്നുമിരുട്ടിലേയ്ക്ക്
വലിച്ചുകെട്ടിയിരിക്കുന്നു..

ഇറയത്തിരുന്നൊരു ചിമ്മിനി.

----------

ഒരിളം കാറ്റടിക്കുന്നു.

ഉടലാകെ രോമങ്ങൾ എഴുന്നു നിൽക്കുന്നു,
കുളത്തിന്റെ.

-----------

രാകി മൂർച്ചകൂട്ടിയ ഒരു
മൗനം നീട്ടുന്നു
ഈ വയലിനിലേയ്ക്ക്;
മരണം തൊട്ടുമീട്ടാൻ
എരിവു തിളയ്ക്കുന്നൊരു
നിസ്സംഗത വിളമ്പുന്നു
ഈ നാക്കിലയിലേയ്ക്ക്;
ജീവിതം തൊട്ടുകൂട്ടാൻ

ബെല്ലടിക്കുന്നു

രാത്രിയിൽ
ഇരുട്ടിൽ
മഴ
തുന്നിക്കൊണ്ടേ
യിരിക്കുന്നുണ്ടായിരുന്നു.

നേരം പുലർന്നപ്പോൾ
കോലായിൽ ഇട്ടുപോയിരിക്കുന്നു
വക്ക് നനഞ്ഞൊരു
വെയിലിന്റെ പാവാട.

സ്കൂൾ ബെല്ലടിക്കും മുമ്പത്
ഉണക്കിത്തരാമെന്ന്
ഊതിയൂതിത്തണുക്കുന്ന
കാറ്റ്.

പനിയാണ് കുളിരാണെന്ന
കുഞ്ഞുകളവിനെ ചിരിച്ചു കളിയാക്കുന്ന
മുറ്റത്തെ പുളിന്തണൽ.

ഇനിയും പെയ്യുമല്ലോ മഴ
എന്ന് മുടികോതുന്ന
തെങ്ങോലകൾ.

വീട്ട്പടിക്കൽ മുതൽ സ്കൂൾ മുറ്റം വരെ കൂടെ വരുന്നുണ്ടൊരു തുണ്ട് സങ്കടം.

എനിക്കെന്റമ്മേടട്ത്ത് പോണേ
എന്ന് മൂക്ക് പിഴിഞ്ഞ്
കവിളൊലിച്ച്
ഇടറിയിടറി നടക്കുന്നുണ്ടൊരു
വിങ്ങൽ.

പണ്ടെന്നോ മറന്നിട്ടതായിരുന്നു
നെഞ്ചിനകത്ത്
ഉറഞ്ഞ് മഞ്ഞായതായിരുന്നു.
സ്കൂൾ യൂണിഫോമിൽ
വന്നുനിന്ന് മകളതിനെ
ഊതിയൂതി ഉരുക്കുന്നു.

ഒരു സങ്കടപ്പുഴയുടെ അക്കരെയിക്കരെയാവുന്നു
ഞങ്ങൾ.

______

തിങ്കൾ രാവിലെ

ഉണരുമ്പോൾത്തന്നെ മഴ വന്നുപോയ്ക്കഴിഞ്ഞിരുന്നു. സങ്കടം വേണ്ട, പറ്റ്യാ ഇനീം വരാട്ടോ എന്നോ മറ്റോ പറഞ്ഞ് മാനത്ത് അപ്പോഴും മൂടിക്കെട്ടി നിൽപ്പുണ്ട് കരിമേഘങ്ങൾ. അതിനിടയിലൂടെ സൂചിയാഴ്ത്തി കണ്ണുകോർത്തെടുക്കുന്നുണ്ട് സൂര്യൻ. തണുത്ത കാറ്റ് ചെതുക്കിച്ചെതുക്കി വാഴത്തോട്ടത്തിനൊരു രൂപം കുഴച്ചെടുക്കാൻ പാടുപെടുന്നുണ്ട്. എല്ലാംകൊണ്ടും ഉഷാറുള്ള ഒരു പ്രഭാതം. പടിഞ്ഞാറൊരു മഴവില്ല് വരയ്ക്കണോ എന്ന് ഓർത്തോർത്ത് പറന്ന്  പോകുന്നുണ്ട് ഒരു പറ്റം വെളുത്ത കൊറ്റികൾ. വെളുപ്പിന്റെ ഒരു വലിയ ചേല വെയിൽത്തിളക്കത്തോടെ കാറ്റിൽ ഇളകിയൊഴുകി പാറി നടക്കുന്നത് പോലെ. കുളത്തിലെ വെള്ളത്തിന് എന്തൊരു തണുപ്പാണ്, കുളിരാണ് എന്ന് പരാതി പറഞ്ഞ് ഒരു കുളക്കോഴി കരയുന്നുണ്ട് വെറുതെ. തൊടിയിലെ ചെടികളിലും വാഴയിലകളിലും വേലിയിലും മുറ്റത്തുമൊക്കെയായി വിടർത്തിയിട്ടിരിക്കുന്ന വെയിലിന്റെ വേഷ്ടി ഉണങ്ങും മുമ്പേ വീണ്ടും പെയ്തു മഴ. എന്തോ സൂര്യനും വാശിമൂത്താവണം ഉണങ്ങാനിട്ട വേഷ്ടി തിരിച്ചെടുത്തതേയില്ല. സൂര്യന്റെ അമ്മ "എടാ സൂര്യോ..നെന്റെ വേഷ്ടി മഴയത്ത് നനയണത് കണ്ടില്ലേടാ കാലാ.."  എന്ന് നിലവിളിക്കുന്നത് മഴയത്ത് കേൾക്കുന്നേയില്ലായിരുന്നു ആരും. ഇനിയിപ്പോ കല്യാണത്തിന് വെള്ളക്കുറുക്കനെ എവടന്ന് കൊണ്ടെവരും എന്ന് വേവലാതി കൊള്ളുന്നതു കണ്ടു, അച്ഛൻ. ആകെപ്പാടെ രസം തന്നെ ഈ രാവിലെ നേരം എന്ന് ആലോചിക്കുമ്പോഴേയ്ക്കും വന്നു മഞ്ഞ പെയിന്റടിച്ച സ്കൂൾ വണ്ടി. വണ്ടി നിറയെ മഴമേഘങ്ങൾ. വണ്ടിയിറങ്ങീട്ട് വേണമൊന്നൂടെ പെയ്യാൻ എന്ന് ഹോറനടിച്ച് ഹോറനടിച്ച്...
--------