..
ഉച്ചത്തൊടിയിലൊരു ഉറുമ്പ് ട്രെയിൻ
വളവു തിരിഞ്ഞൊരു പൂച്ചയുറക്കത്തിനെ വട്ടംവീശി
ഗതിമാറിപ്പോകുന്നുണ്ട്,
പാളം തെറ്റാതെ.
അതേ ആകൃതിയെ
കട്ടെടുത്തൊരു മഞ്ഞച്ചേര
ചെമ്പരത്തിച്ചെടിയുടെ കടയിലൂടെ
വലംചുറ്റി
ഒന്നുരണ്ട് അടയ്ക്കാകുരുവികളുടെ
കലഹസംഭാഷണങ്ങളെ മുറിച്ചകറ്റി
വേലിയോരം പറ്റുന്നുണ്ട്.
ഉച്ച ഉറങ്ങാനുള്ളതാണെന്ന ശാസനയുടെ
ഒരു കട്ടിപ്പുതപ്പ് തൊടിയ്ക്കു മേലിട്ട്
കനമുള്ളൊരു മൂളലാവുന്നുണ്ട് വെയിൽ.
കട്ടെടുത്ത തണൽശീലകളെ വെയിലത്തിട്ടുണക്കി
തലയാട്ടി കാവൽ നിൽക്കുന്നുണ്ട് വേലിയ്ക്കൽ കൊന്നത്തറികൾ.
മാനത്തു നിന്ന് വെയിലൂറ്റിയെടുത്ത് ചിരിച്ചു മഞ്ഞച്ച്
കോളാമ്പിയായി മഞ്ഞറളികൾ.
ഒക്കെയും നിശ്ചല ചിത്രമാക്കി
ഒരു കണ്ണിമക്ക്ലിക്കിൽ പകർത്തുന്നുണ്ട്
വേലി നൂഴ്ന്ന് ഇടവഴിയ്ക്കു തലയിട്ടുനോക്കി,
ഓന്തുകൾ.
വെയിലു താണിട്ടുവേണം
വെന്തുപോയ മാനത്തിന്റെ
അരികു നനച്ചുടുത്ത് ചൂടാറ്റിയുറങ്ങുവാനെന്ന്
ആകാശച്ചെരുവിലൊരിടത്ത് തേഞ്ഞ ചന്ദ്രിക.
കളി നിർത്തി കൊയ്ത്തൊഴിഞ്ഞ പാടത്തിന്റെ
കരയിലുള്ള പൊന്തക്കൈയുകൾക്ക്
തിരിച്ചു സലാം കൊടുത്ത്
ഇനി നാളേയ്ക്കെന്ന് പിരിയുന്നുണ്ട്
കുട്ടിക്കൂട്ടം.
ഒരു മഴ പെയ്തേക്കുമെന്നും
പാടവും കുളവും വേലിയും മാനവും
കുതിർന്ന് വെളുത്തൊരു തിരശ്ശീല പിടിക്കുമെന്നും
വെറുതെ ധ്യാനിച്ചിരിക്കുന്നുണ്ടൊരു കൊക്ക് മാത്രം.
കൂടെ
ചേറുടുത്തൊരു
വരണ്ട കുളവും.