ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

Saturday, 4 June 2016

അമ്മ

കുട്ടിയും അമ്മയും സായാഹ്ന നടത്തയ്ക്കിറങ്ങിയതായിരുന്നു. ഇനിയും വറ്റിയിട്ടില്ലാത്ത ഒരു പുഴ വക്കിലൂടെ. പുഴയുടെ മാറത്ത് ഒരു കൊതുമ്പ് വള്ളം പാറിക്കിടപ്പുണ്ടായിരുന്നു. അതിനു മുകളിലൊരു വെളുത്ത പക്ഷിയും. അമ്മേയമ്മേ ആ തോണീടെ അമ്മയാരാ എന്ന് അന്നേരം കുട്ടി സംശയാലുവായി. അപ്പോൾ മാത്രമുണ്ടായ സംശയത്തിൽ അമ്മ ഒരിത്തിരി നേരം നിശ്ശബ്ദയായി. കൊതുമ്പുവള്ളം കൊത്തിയുണ്ടാക്കിയ മരത്തിനേക്കുറിച്ചും ആ മരം നിന്ന കാടിനേക്കുറിച്ചും അമ്മ ചിന്തിച്ചു. അക്ഷമയോടെ കുട്ടി ചോദ്യം ആവർത്തിച്ചപ്പോൾ കൂടുതൽ ചിന്തയൊന്നും കൂടാതെ അമ്മ പറഞ്ഞു. " അത് ഈ പുഴ തന്നെയാണല്ലോ മകളേ". പുഴയും തോണിയും നയിക്കുന്ന ആ ബന്ധത്തിന്റെ സൗന്ദര്യത്തിൽ മകളൊന്ന് ചിരിച്ചു.

അപ്പോൾ പുഴയുടെ അമ്മയോ?
അത് മലയാണ് മകളേ.
അപ്പോ മലയുടെ അമ്മയോ?
അത് ഭൂമിയാണ്.

മകൾക്ക് ആ ചോദ്യോത്തരച്ചങ്ങലയിൽ രസം പിടിച്ചു.

അപ്പോൾ ഭൂമിയുടെ അമ്മയോ?
സൂര്യൻ, ആകാശം എന്നിങ്ങനെ ബുദ്ധിയ്ക്കുള്ളിൽ നിന്നും മറുപടി വന്നുവെങ്കിലും അമ്മയ്ക്ക് ആ കളി മടുത്തെന്ന് തോന്നി.

ഭൂമിയ്ക്ക് അമ്മയില്ല.
മകൾക്ക് ആ ഉത്തരം ബോധിച്ചില്ല. അതെങ്ങനെ ശരിയാവും? അമ്മയില്ലാത്ത ഭൂമി?

എല്ലാർക്കും അമ്മയുണ്ടാവണമെന്ന് നിർബന്ധമില്ല മകളേ.

അവരപ്പോൾ പുഴയിലെ പാറിക്കിടക്കുന്ന തോണിയേയും നോക്കി കരയിൽ ഒരു പാറക്കല്ലിൽ ഇരിക്കുക യായിരുന്നു. തോണിയെ ഉപേക്ഷിച്ച് വെളുത്ത പക്ഷി പറന്നു പോയിട്ടുണ്ടായിരുന്നു.

മകൾക്ക് സങ്കടം വന്നു. അതെന്തൊരു ഏകാന്തതയായിരിക്കും ഭൂമിയ്ക്ക് നേരിടേണ്ടി വരിക എന്ന് മകളുടെ പ്രായത്തിനനുസരിച്ചുള്ള ഒരു വ്യഥ വന്ന് അവളെ പൊതിഞ്ഞു.

സങ്കടത്തിന്റെ പുഴയിൽ താഴ്ന്നുകൊണ്ടിരിക്കുന്ന ഒരു കൊതുമ്പുവള്ളമായിരിക്കുന്നു ഇപ്പോൾ മകൾ. ആകെയാണ്ടു മുങ്ങി വേദനയുടെ വെള്ളം കയറി ശ്വാസം മുട്ടിപ്പോകാതിരിക്കാൻ എന്തിനി ചെയ്യേണ്ടൂ എന്ന് അമ്മയപ്പോൾ പുഴക്കരയിലെ ചെറുകാറ്റിൽ നൊന്തുകൊണ്ടേയിരുന്നു.

No comments:

Post a Comment