ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

Sunday, 11 September 2016

...

ഉണ്ട്,
തലയാട്ടി ക്ഷണിക്കുന്നുണ്ട്‌
ശീമക്കൊന്നകൾ
ഭൂതകാലത്തിൻ
വേലിയതിരുകളിൽ,
തലയുയർത്തി

തുമ്പ, തുളസി, കാശിത്തുമ്പ,
മുക്കുറ്റി, കാക്കപ്പൂ, ചെത്തി,
ചെമ്പരത്തി,
പൂത്തു നില്പ്പതുണ്ടീപ്പറമ്പി-
ലെന്നായ് ചിരിച്ചു ചൂണ്ടുന്നുണ്ട്
മൈനകൾ
അമറുന്നുണ്ട് കറുമ്പി
ചാണക മണങ്ങൾ തൂവുന്നുണ്ട്
മുറ്റത്തും തൊഴുത്തിലും
ഭൂതമേ ഭൂതമേ
എന്ന് നെഞ്ചത്തടിച്ചു
മുടിയഴിച്ചിട്ട് ചുറ്റുന്നുണ്ട്
ഗൃഹാതുരക്കാറ്റ്
ചാറ്റുന്നുണ്ട് മഴ
ഈ ജനാലയ്ക്കൽ
വീശിവീശിപ്പിടയ്ക്കുന്നു-
ണ്ടഴയിലെത്തുണികൾ
അത്തമെത്തിയോ
ഇത്രവേഗമെ-
ന്നുൽക്കട വാനം
കരയുന്നുണ്ട്...

ഒരണുകുടുംബ സെൽഫി



------------------------------------------

കരഞ്ഞുറങ്ങിയിരിക്കുന്നൂ
എനിക്കിനി സ്കൂളിലേ പോകണ്ട, 
വലുതാവണ്ട, 
കളിയ്ക്കണ്ട, 
കൂട്ടുകൂടണ്ട, 
രസിക്കണ്ടയെന്ന് പിണങ്ങി,
മകൾ

പുറത്ത് , മൂക്കൊലിപ്പിച്ചേ കരയുന്നൊരു 
സ്കൂൾ കുട്ടിയെപ്പോലെ, 
ജാലകത്തിന്നരികെ
 ഇരുളിനോടു ചേർന്ന് ചിണുങ്ങി,
രാത്രി

ചക്കിലിട്ടാട്ടിയാട്ടിയീ രാത്രിയെ 
വെളുപ്പിച്ചെടുത്തിട്ടു തന്നെ 
ബാക്കിയെന്ന് തിരിഞ്ഞുതിരിഞ്ഞേ 
തണുപ്പു വിതയ്ക്കുന്നുണ്ട്
ഫാൻ

നല്ലച്ഛനെങ്ങനെ വേണം
നല്ലമ്മയെങ്ങനെ വേണമെ-
ന്നോരോരോ പുസ്തകവും
ഗൂഗിളും തപ്പിത്തപ്പി
യുറക്കം വരാഞ്ഞ്
ഞാൻ.

നേരം വെളുത്തിട്ടു വേണം
അടുക്കളച്ചൂടിലീ സങ്കടം 
മൊത്തം കാഞ്ഞുതീർക്കാനെന്ന്
ഉറക്കത്തിലേയ്ക്ക് ചൂണ്ടയിടുന്നൂ,
അവൾ.

നമ്മള്‍


സമയം പോകുന്നേയില്ലെന്നു
കയറുപൊട്ടിക്കുന്നു മനസ്സ്
ചിലനേരങ്ങളിൽ

തീരുന്നേയില്ല ഈ പണി
എത്തുന്നേയില്ല ഇടം
പുലരുന്നതേയില്ല നേരം
ഇരുളുന്നതേയില്ല പകൽ
എന്നിങ്ങനെ

എന്നിട്ടുവേണമൊന്നു സ്വാസ്ഥ്യപ്പെടാൻ
എന്ന് നീട്ടിവയ്ക്കുന്നു
ജീവിതത്തെ
നമ്മള്‍
ചിതയോളം

ചിരിയെ നമ്മള്‍
ചില്ലിട്ടു തൂക്കുന്നു
പൂമുഖച്ചുമരിൽ
എത്തേണ്ടിടമതെന്ന്
ഇടയ്ക്കിടെ വേവലാതിപ്പെടാൻ

ഒരിക്കലും എത്തുകയേയില്ലെന്ന്
ആവർത്തിച്ചാവർത്തിച്ച്
അതേ സങ്കടതീരത്ത് തന്നെ
കൈകാലിട്ടടിച്ച്
കരപറ്റുന്നു

പിഴിഞ്ഞുണക്കി
ചൂടുകായുന്നു
അതേ ചിതയരികിൽ