സമയം പോകുന്നേയില്ലെന്നു
കയറുപൊട്ടിക്കുന്നു മനസ്സ്
ചിലനേരങ്ങളിൽ
തീരുന്നേയില്ല ഈ പണി
എത്തുന്നേയില്ല ഇടം
പുലരുന്നതേയില്ല നേരം
ഇരുളുന്നതേയില്ല പകൽ
എന്നിങ്ങനെ
എന്നിട്ടുവേണമൊന്നു സ്വാസ്ഥ്യപ്പെടാൻ
എന്ന് നീട്ടിവയ്ക്കുന്നു
ജീവിതത്തെ
നമ്മള്‍
ചിതയോളം
ചിരിയെ നമ്മള്‍
ചില്ലിട്ടു തൂക്കുന്നു
പൂമുഖച്ചുമരിൽ
എത്തേണ്ടിടമതെന്ന്
ഇടയ്ക്കിടെ വേവലാതിപ്പെടാൻ
ഒരിക്കലും എത്തുകയേയില്ലെന്ന്
ആവർത്തിച്ചാവർത്തിച്ച്
അതേ സങ്കടതീരത്ത് തന്നെ
കൈകാലിട്ടടിച്ച്
കരപറ്റുന്നു
പിഴിഞ്ഞുണക്കി
ചൂടുകായുന്നു
അതേ ചിതയരികിൽ
No comments:
Post a Comment