ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

Sunday, 29 January 2017

നടപ്പ് / നടിപ്പ്


------------------

ഓരോ ആൾക്കൂട്ട സെഷൻ കഴിയുമ്പോഴും ഞാൻ എന്റെ ഒറ്റ മുറിയിൽ തനിച്ചെത്തുന്നു. മനസ്സടക്കം വിവസ്ത്രനാവുന്നു . ആത്മാവിലേയ്ക്ക്‌ നഗ്നത പടർത്താൻ കിണയുന്നു. ആവുന്നില്ലല്ലോ ആവുന്നില്ലല്ലോ എന്ന് ആത്മീയക്കരച്ചിൽ കരയുന്നു. ഏകാന്തതേ, ഒറ്റ മുറിയേ, ഞാനേ എന്നൊക്കെ വിളിച്ചു കരയുന്നു. എനിക്ക് വേണ്ടത് ആൾക്കൂട്ട നോട്ടമോ ഒറ്റമുറി ശാന്തതയോ എന്ന ഒരു തലനാരിഴച്ചിന്തയെ വിരലു ചുറ്റി തിരിച്ചു പിരിച്ചു ഉരുളയാക്കി ജാലകത്തിലൂടെ വലിച്ചെറിഞ്ഞ് വീണ്ടും ആൾക്കൂട്ടത്തിലേയ്ക്ക് തിരിച്ചു പോകുന്നു. ആൾക്കൂട്ടം - ഒറ്റ മുറി എന്നൊരു ബോർഡ് വച്ച ലൈൻ ബസ്സാകുന്നു ഞാൻ എന്ന് അലങ്കാരത്തോടെ ചിന്തിക്കുന്നു. നിങ്ങളാരെങ്കിലും വഴിതടുത്ത് ടിക്കെറ്റ് എടുക്കുമ്പോഴൊക്കെയും പോകുന്ന വഴി നിശ്ചയമില്ലല്ലോ, ഇല്ലല്ലോ എന്ന് ശ്രവണ പരിധിക്കും പുറത്ത് അലറുന്നു. ഓരോ അറ്റത്തും ഒരു യാത്രക്കാരനുമില്ലാത്ത ഒഴിഞ്ഞ വാഹനമായി എത്തി നില്ക്കുന്നു , കിതപ്പാറ്റുന്നു. ആൾക്കൂട്ടനടുവിൽ ഒറ്റ മുറിയേയും, ഒറ്റ മുറിയിൽ ആൾക്കൂട്ടത്തിക്കലിനേയും ധ്യാനിക്കുന്നു. തല കീഴ്മേൽ മറിഞ്ഞ റൂട്ട് ബസ്സ്‌ വെപ്രാളത്തോടെ ഒരു ആക്സിഡന്റ് എന്ന അതിസർഗ്ഗാത്മകതയെ ചില്ലിട്ടു മാലയിട്ടു പൂജിച്ച് ഓടിയോടി നടക്കുന്നു. ജീവിക്കുന്നു എന്ന് നാട്ടുമര്യാദ പറയുന്നു.

മായ


---------
അങ്ങനെയങ്ങനെ
ജീവിതത്തിന്റെ കുത്തൊഴുക്കിൽ
ഒപ്പം ഒഴുകിയൊഴുകി
രോഗപ്പെട്ടും പെടാതെയും
സങ്കടപ്പെട്ടും പെടാതെയും
സന്തോഷപ്പെട്ടും പിന്നേം പെട്ടും
പൊടുന്നനെ അപ്രത്യക്ഷമാകാനാണ്
ഇക്കണ്ട പെടാപ്പാട് എന്ന് തിരിച്ചറിയുന്നൊരു
നാല്ക്കവല വരും.

അപ്പൊ ഇതൊക്കെ നിർത്തി
സന്യാസ ബുദ്ധനാവും
എന്നാണോ വിചാരം..?

ഏയ്‌ ,
പിന്നേം ഒഴുകും
പൊടുന്നനെ അപ്രത്യക്ഷമാകുമെങ്കിൽ
അത്രടം വരേം
എന്നൊരു ചങ്കൂറ്റവും പൊക്കിപ്പിടിച്ച്

അതല്ലേന്നും മായ?*
എന്നൊരു കളങ്കരഹിതച്ചിരിയുമായി..
-------------------------
*ഖസാക്കിലെ ചുമട്ടുകാരൻ പറഞ്ഞത്

എഴുന്നള്ളത്ത്


-----------------
മേള ബഹളങ്ങളോടെ
ഒരാനയെ
"നിൻറെ കാടിനെ നാടെടുത്തേ
നിൻറെ കാമനകൾ അറുത്തെടുത്തേ"
എന്ന് കവിളിൽ തോണ്ടിത്തോണ്ടി
ആനയിച്ചവഹേളിച്ച്
പാപ്പാന്മാർക്ക്
പള്ള നിറയെ കള്ളു കൊടുത്ത്
പ്രസന്നരാക്കി
നാടായ നാട്ടിലെ റോഡായ റോഡൊക്കെ
ബ്ലോക്കാക്കി
ആർമാദിക്കുന്നേരം

പാട്ടിൽ കൂട്ടുവരുന്ന കാടും
ഇരുട്ടിൽ പൂതലിച്ചു നില്ക്കുന്ന മലയും
കണ്ണിൽ കലങ്ങിക്കലങ്ങി
ആന കരയുന്നത്
കാണാറില്ല

അത് കണ്ണീർപ്പാടാണ് -
മദപ്പാട് തപ്പേണ്ടത്
ഇരുട്ടിൽ
സ്വന്തം കണ്ണുകളിൽ സുഹൃത്തേ..

തിരിച്ചറിവ്


---------------
കണ്ണെത്തുന്നിടത്തോളം
ഒഴുകിപ്പരന്നു കിടക്കുന്നുണ്ട് വെയിൽ
ഒരു പുളിയിലയോളം പോലുമില്ല തണൽ

എന്ന പതിവ് പഴിപറച്ചിൽ നിർത്തി
നീ തന്നെയൊരു തണലായ്‌
വിരിഞ്ഞു പൊങ്ങി നിൽക്കുമ്പോഴാണ്
മരണമേ

നിന്നെ പ്രണയമേ പ്രണയമേ
എന്ന് ഞാൻ തെറ്റിപ്പുണർന്നു തുടങ്ങുന്നത്

ഒന്ന് പനിച്ചതാണ്


-------------------------
അപ്പോഴാണ്‌ മഞ്ഞരളികൾ പൂത്തത്
ഖസാക്കിലെ ചെണ്ടുമല്ലികൾ പോലെ
(അതതു തന്നെയോ?)
പാതയോരങ്ങളിൽ നിറയെ നിറയെ
പേരറിയാത്ത പഴങ്ങൾ വിളഞ്ഞു നില്ക്കുന്ന മരങ്ങൾ..
വയലുകളിൽ സൂര്യകാന്തിയോ കുങ്കുമമോ
ക്രിസാന്തിമമോ തലയാട്ടി നില്ക്കുന്നുണ്ട്
(വാസ്തവത്തിൽ ഇതൊന്നുമല്ല
പേരറിയാത്ത എന്ന ക്ലീഷേ ഒഴുവാക്കുകയായിരുന്നു )

ചുവന്നു തുടുത്ത മണ്‍പാതയിലൂടെ
ഉടുക്ക് താളത്തിൽ ഒരു കാളവണ്ടി ഇഴയുന്നുണ്ട്‌.
(തീര്ച്ചയായും അത് ഖസാക്കിലേയ്ക്കല്ല)
വാഴച്ചോട്ടിൽ ഇരുന്നു ശർദ്ദിക്കുന്ന സുന്ദരിപ്പെണ്ണ്
മാത്യൂ മറ്റമോ മുട്ടത്തു വര്ക്കി തന്നെയോ മറന്നു വച്ച
പെണ്ണായിരിക്കണം

അരികുകളിൽ ചേറിന്റെ കസവുതുന്നിയ
പാടവരമ്പുകൾക്ക് പശ്ചാത്തലമായി
വാൻഗോഗിന്റെ മഞ്ഞച്ച വയൽ സ്ട്രോക്കുകൾ
(എന്തോ ഭാഗ്യം ദാലി സമയം ഉണക്കാനിട്ട മരക്കൊമ്പുകൾ
ഫ്രെയിമിൽ വന്നില്ല..)

കൊക്കുകൾ കടുംപച്ച തിരശ്ശീലയിലെ
തുന്നൽവിട്ട വെളുത്ത പിഞ്ഞലുകൾ
തവള ചീവീട് സ്വരങ്ങളുടെ
ജുഗൽബന്ദി.

ഒന്നും
ഒറ്റയൊറ്റയായി
സ്റ്റേജിൽ വന്നു ചുവടു വച്ചില്ല
തബലക്കണ്ണുകൾ
കറുത്ത റവലഡ്ഡുകൾ പോലെ
തരിതരിയായി കണ്ണീർ വാർത്തില്ല

ആകാശക്കമ്പിളി
അമ്പിളിക്കീറൽ
അത് കൂടിയായപ്പോൾ പൂർണ്ണം

ഒന്ന് നേരെചൊവ്വേ പനിച്ചിട്ടു
നാളിതെത്രയായി എന്ന്
നാട്ടു വെളിച്ചം മാത്രം പാഴിയാരം
പറഞ്ഞു കൊണ്ടേയിരിക്കുന്നു.