------------------
ഓരോ ആൾക്കൂട്ട സെഷൻ കഴിയുമ്പോഴും ഞാൻ എന്റെ ഒറ്റ മുറിയിൽ തനിച്ചെത്തുന്നു. മനസ്സടക്കം വിവസ്ത്രനാവുന്നു . ആത്മാവിലേയ്ക്ക് നഗ്നത പടർത്താൻ കിണയുന്നു. ആവുന്നില്ലല്ലോ ആവുന്നില്ലല്ലോ എന്ന് ആത്മീയക്കരച്ചിൽ കരയുന്നു. ഏകാന്തതേ, ഒറ്റ മുറിയേ, ഞാനേ എന്നൊക്കെ വിളിച്ചു കരയുന്നു. എനിക്ക് വേണ്ടത് ആൾക്കൂട്ട നോട്ടമോ ഒറ്റമുറി ശാന്തതയോ എന്ന ഒരു തലനാരിഴച്ചിന്തയെ വിരലു ചുറ്റി തിരിച്ചു പിരിച്ചു ഉരുളയാക്കി ജാലകത്തിലൂടെ വലിച്ചെറിഞ്ഞ് വീണ്ടും ആൾക്കൂട്ടത്തിലേയ്ക്ക് തിരിച്ചു പോകുന്നു. ആൾക്കൂട്ടം - ഒറ്റ മുറി എന്നൊരു ബോർഡ് വച്ച ലൈൻ ബസ്സാകുന്നു ഞാൻ എന്ന് അലങ്കാരത്തോടെ ചിന്തിക്കുന്നു. നിങ്ങളാരെങ്കിലും വഴിതടുത്ത് ടിക്കെറ്റ് എടുക്കുമ്പോഴൊക്കെയും പോകുന്ന വഴി നിശ്ചയമില്ലല്ലോ, ഇല്ലല്ലോ എന്ന് ശ്രവണ പരിധിക്കും പുറത്ത് അലറുന്നു. ഓരോ അറ്റത്തും ഒരു യാത്രക്കാരനുമില്ലാത്ത ഒഴിഞ്ഞ വാഹനമായി എത്തി നില്ക്കുന്നു , കിതപ്പാറ്റുന്നു. ആൾക്കൂട്ടനടുവിൽ ഒറ്റ മുറിയേയും, ഒറ്റ മുറിയിൽ ആൾക്കൂട്ടത്തിക്കലിനേയും ധ്യാനിക്കുന്നു. തല കീഴ്മേൽ മറിഞ്ഞ റൂട്ട് ബസ്സ് വെപ്രാളത്തോടെ ഒരു ആക്സിഡന്റ് എന്ന അതിസർഗ്ഗാത്മകതയെ ചില്ലിട്ടു മാലയിട്ടു പൂജിച്ച് ഓടിയോടി നടക്കുന്നു. ജീവിക്കുന്നു എന്ന് നാട്ടുമര്യാദ പറയുന്നു.
No comments:
Post a Comment