ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

Monday, 21 March 2011

വേദന

ഇതൊരു കലവറയാണ്..

ഏതു തരം മൂര്‍ച്ചയുള്ള
വാളു വേണമെന്ന്
പറഞ്ഞാല്‍ മാത്രം മതി
നിങ്ങള്‍..

ചിരിക്കണ്ട..
എന്‍റെ കലവറ
നിറയെ വാളുകളാണ്.

പലതരം വാളുകള്‍..

ഈ ശരീരം കണ്ടോ..
അമ്മയുടെ വേദന
ഉറയൂരി വീശിയ
ഈ ശരീരം..

ആര്‍ക്ക് നേരെ വേണമെങ്കിലും
വീശാമെനിക്കീ
ഉടല്‍വാള്‍...

ഇല്ല
തുരുമ്പെടുത്തിട്ടില്ല-
ഇടയ്ക്കിടെ
കരിങ്കല്ലിലിട്ടു
രാകി രാകി
മൂര്‍ച്ച കാക്കാറുണ്ട് ..

-----------

Saturday, 19 March 2011

എക്സ്പ്രസ്സ്‌ ഹൈവേ

എന്‍റെ പാത നിറയെ
സ്വയം വിമര്‍ശനത്തിന്റെ ഗട്ടറുകള്‍..

ആത്മവിശ്വാസം ഇല്ലായ്മയുടെ വിള്ളലുകള്‍..

ഓ..അതങ്ങിനെ ഒന്നും അല്ലെന്നേ
ഞാന്‍ ആള് പുലിയാ...
എന്ന ക്ഷണനേര
തോന്നല്‍ ഹമ്പുകള്‍ ..

ഞാനാകട്ടെ

വൃത്തിയുള്ള-
വീതി കൂടിയ-
നിരപ്പുള്ള-
ട്രാഫിക്‌ കുറഞ്ഞ-

ഒരു നാലുവരിപ്പാത
സ്വപ്നം കാണുന്നു..

കരിങ്കാലി.

Wednesday, 16 March 2011

വില

സ്വപ്നത്തില്‍ ഇന്നലെ ഈശ്വരന്‍ പ്രത്യക്ഷപ്പെട്ട്
ഒരു വരം ചോദിയ്ക്കാന്‍ ആവശ്യപ്പെട്ടു .

ആരും എന്നെ ഭരിക്കാത്ത
ആരെയും ഞാന്‍ ഭരിക്കാത്ത
ഒരു നാടാണ് ഞാന്‍ ആവശ്യപ്പെട്ടത്

സ്വപ്നമായിരുന്നിട്ടും
ഈശ്വരന്‍ എന്‍റെ ചെകിടടിച്ചു പൊളിച്ചു
വിലപ്പെട്ട സമയം കളഞ്ഞതിന്
തെറി വിളിച്ചു..

ശരി തന്നെ.
സ്വപ്നം ആയാലെന്താ..
ഞാന്‍ അങ്ങോരുടെ സമയം
പാഴാക്കരുതായിരുന്നു..