ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

Thursday, 19 January 2012

തകര്‍ച്ച

ഉടമസ്ഥാവകാശത്തിന്റെ
പാറയില്‍ തട്ടി
അത് തകര്‍ന്നു പോയെങ്കില്‍ തന്നെയും
വിഷമിക്കുന്നത് എന്തിന്?

പിന്നെ അതിന്റെ പേര്
പ്രണയം എന്നാവാന്‍ തരമില്ലല്ലോ?

Friday, 25 November 2011

അവനവന്‍ കടമ്പ

വെന്തു മലയ്ക്കുന്ന പകലുകളാണിനി
വരാന്‍ പോകുന്നത്..
ഈ തണുത്ത മരവിപ്പിനേയും കെട്ടിപ്പിടിച്ചുമൂടിപ്പുതച്ചുള്ള
ഈ ഇരിപ്പിനിയുംതുടരണമോ നീ?

ആലോചിക്കേണ്ടത് നീയാണ് കാരണം
ചാവേണ്ടതുംകൊല്ലേണ്ടതും
നീ തന്നെയാണ്
നിന്നെത്തന്നെയാണ്.. ..

ഒരു ശരീരം മാത്രം ഇഴഞ്ഞു പോകാവുന്ന
ഒരു തുരങ്കത്തിന്റെ
പാതി വഴിയിലാണ് നീയിപ്പോള്‍
എതിരെ വരുന്നവര്‍ കൂട്ടല്ല
അസ്വസ്ഥത മാത്രമെന്ന് കാലം.

ഇഴജന്തുവല്ല ജന്മം
എന്നിട്ടും തലനോക്കി തല്ലിച്ചതച്ചിടുന്നതിനു
പിറകെ നടപ്പുണ്ട് നിന്റെ തന്നെ നിഴല്‍

അകപ്പെട്ടിരിക്കുന്നത് അവനവന്‍ തുരങ്കത്തിലാണ്

Saturday, 22 October 2011

ക്വട്ടേഷന്‍

എല്ലാവരും ധൃതിയില്‍ ആണ്

അവനവന്റെ മുറ്റം അടിച്ചു വൃത്തിയാക്കാന്‍
അടിച്ചു കോരി കൊട്ടയിലാക്കി
അയല്‍ മുറ്റത്തേക്കൊരു തൂക്കി ഏറാണ്..


ഞാന്‍ മാത്രം അലസമിഴികളുമായി
മുറ്റത്തേക്ക് അടിഞ്ഞു വീഴുന്ന
ചപ്പു ചവര്‍ മഴയിലേക്ക്‌ നോക്കി
വെറുതെ ഇരിക്കുന്നു..

വൈകുന്നേരമായിട്ടു വേണം
ഇതത്രയും വാരിപ്പെറുക്കി
പഞ്ചായത്ത് ശ്മാശാനത്തില്‍കൊണ്ടുപോയി തള്ളാന്‍..

പിന്നെ
വീടുകള്‍ കയറി ഇറങ്ങി
മാസപ്പടി കൈപ്പ റ്റണം..

കഞ്ഞി വേവാനുള്ള തീപൂട്ടാന്‍
ഒരിത്തിരി ചപ്പു മാറ്റിയിടുകയും വേണം
മറക്കാതെ-
----------

Sunday, 9 October 2011

പ്രതി / യോഗി

ചതുരംഗം-
എനിക്ക് ഇഷ്ടമില്ലാത്ത ഒരു കളിയാണ്

ജീവിതത്തിലും
ചതുരംഗ നീക്കങ്ങളുടെ
കൊടും പദ്ധതികള്‍
ഞാന്‍ വെറുക്കുന്നു

എന്നാല്‍
കണ്ടുമുട്ടുന്ന ഓരോരുത്തരും
എന്നെ
ചതുരംഗപ്പലകയുടെ
അക്കരെ നിന്ന് നോക്കുമ്പോ
ഞാന്‍ എന്ത് ചെയ്യാന്‍?

ഒരു കാര്യം ഉറപ്പാണ്
ആര്‍ക്കും എന്നെ തോല്‍പ്പിക്കാനാവില്ല

നിങ്ങള്‍ക്ക് ജയിക്കാനാവുന്നത്
ഒരു പ്രതിയോഗിയോട് മാത്രമാണ്

യോഗി
ജയാപജയങ്ങള്‍ക്കും
അതീതനാണ്..

നിസ്സംഗതയും
അറിവില്ലായ്മയും
അലസതയും സന്ധിക്കുന്നത്
ഏത് ത്രിവേണി സംഗമത്തിലാണ്?

ഞാന്‍ ചാടി മരിച്ചിരിക്കുന്നത്
ഏത് ചുഴിയിലാണ്?

Friday, 26 August 2011

ദുര്‍ബ്ബ - ലത


മുള്ളുകമ്പികളാല്‍ ബന്ധിതരായ
സിമെന്‍റ് തൂണുകള്‍ അതിരുകാക്കുന്ന
ഈ പ്ലോട്ട് ഫോര്‍ സെയില്‍ ചതുരമില്ലേ?

അവിടെ പണ്ട് കുമാരേട്ടന്‍റെ ടെയിലര്‍ കടയായിരുന്നു..
തൊട്ടടുത്ത്‌ പക്രു വണ്ണന്‍റെ പലവ്യഞ്ജനം
മുകളില്‍ ഉദയം ഗ്രാമീണ വായനശാല.

പ്രേമലത പുസ്തകം എടുക്കാന്‍ കയറുകയോ
എടുത്ത് ഇറങ്ങുകയോ ചെയ്യുന്ന
ഇടുങ്ങിയ ഏണിപ്പടി ഇടവേളയെ
എന്നും കളയാതെ കാത്തു പോന്ന കാലം

പിന്നീട്
പ്രേമലത പട്ടാളക്കാരനെ കെട്ടി
വടക്കേഇന്ത്യയിലേയ്ക്കു നാട് കടത്തപ്പെട്ടു.
കുമാരേട്ടന്‍ മരണത്തിനു വഴിമാറി
പക്രു അണ്ണന്‍
സ്ക്കൂളിനടുത്ത മുന്തിയ കെട്ടിടത്തിലേയ്ക്കു
കച്ചവട മുന്നേറ്റം നടത്തി..

ഉദയത്തി ന്‍റെ അസ്തമയ പാത പൊടുന്നനെ
(എന്നാല്‍ ഞെട്ടിപ്പിക്കാതെ )

നാട്ടില്‍ അവധി ആഘോഷിക്കാനെത്തിയ
പ്രേമലതയേയും മകനെയും
സൂപ്പര്‍മാര്‍ക്കറ്റില്‍ വച്ച് കണ്ടു.

കൊതുകിനെ തുരത്താനുള്ള
ദ്രാവകയന്ത്രം വാങ്ങുന്നു.

"അയ്യോ കൊതുക്" എന്ന കൊഞ്ചലോടെ
ഒരു ഏണിപ്പടി ഇടവേളയില്‍ വച്ച്
അവളെന്‍റെ കൈകളില്‍ മൃദുവായി തല്ലിയത്
എത്ര മുന്‍പായിരുന്നു.

ഇന്നിപ്പോള്‍
പീഡനങ്ങള്‍ക്കും പരേഡുകള്‍ക്കും
നടുവില്‍ നിന്ന് നോക്കുമ്പോള്‍
അന്നത്തെ അവളുടെ ദുര്‍ബ്ബലധൈര്യത്തിന്
എന്തൊരു കരുത്താണ്!

Monday, 18 July 2011

കോരല്‍

ആഴമുള്ള കിണറാണ്
മതിലിനുചുറ്റും പൊന്തയാണ്
ഉള്ളില്‍ ഇരുളിന്‍ തണുവാണ്.

ഉണ്ട്, തെളിനീരിന്‍
ആകാശം, കീഴെയെന്നു
ഉള്‍വിളി മാത്രം പറഞ്ഞതാണ്..

കപ്പിയിട്ട് കയറുകെട്ടി
തൊട്ടിയിട്ടു കോരിക്കോരി
നടുവൊടിഞ്ഞുവെന്ന് മാത്രം

കോരിയെടുത്തത്‌ മുഴുവന്‍
മഞ്ഞാണ് കുളിരാണ്

മീതെയെത്തുമ്പോഴോ, വെറും
പൊയ്യാണ് കനവാണ്.

ഇനി പഠിക്കണം
ഒറ്റക്കോരലില്‍
ഒരു തൊട്ടി
നിറവുള്ള തെളിനീരു
മുകളിലെത്തിക്കാനുള്ള
കൈവേഗം
മെയ്യൊതുക്കം

Thursday, 14 July 2011

സൂര്യന്‍ ‍, ഭൂമി, മഴ..

സൂര്യന്റേതു ഒരു ഒടുക്കത്തെ പ്രണയമാണ്
അങ്ങനെ ആഞ്ഞു പുല്‍കി
ഉള്ളിലെ സ്നേഹ നീര് മുഴുവന്‍
വലിച്ചൂറ്റിയെടുത്ത്-
ഒരു മാതിരി വന്യ ഭോഗം

അതൊക്കെ ഭൂമിയെ കണ്ടു പഠിക്കണം
ശാന്തമായി
ലളിതമായി
കാല്‍പ്പനിക സ്വപ്നങ്ങളെ
കടല്‍ച്ചിന്തകളെ
ആകാശത്തേക്കുയര്‍ത്തി
മേഘക്കൈകള്‍ വിടര്‍ത്തി
തന്നിലേയ്ക്കു സ്വയം
കുളിര്‍മഴ വീഴ്ത്തി..
രോമാഞ്ചപ്പുല്‍ക്കൊടികള്‍ ഞെട്ടി ഉണര്‍ത്തി...

ഒരുമാതിരി സ്വയംഭോഗം..