ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

Saturday, 4 June 2016

സൗരയൂഥം


------------------

ആദ്യമാദ്യം
അമ്മയായിരുന്നു കേന്ദ്ര ബിന്ദു.
ഉറങ്ങലിൽ ഉണരലിൽ
മുലവലിച്ചു കുടിക്കലിൽ
ഉമ്മ വയ്ക്കലിൽ

പിന്നീട്
കാഴ്ച്ചത്തെളിച്ചത്തിൽ
കനം വച്ച് വന്നത് അച്ഛന്റെ മീശ

അമ്മ വലം വച്ച് വണങ്ങി വണങ്ങി
കറങ്ങുന്ന ആ ചുഴിയാണ് പ്രപഞ്ചകേന്ദ്രം

വളരെ പിന്നീട്
കൊടും വഴികളിലൂടെ
നടന്നുനടന്നു കണ്ട് തീരാഞ്ഞതോ
ആരുമാരും താങ്ങിനില്ലല്ലോ
എന്ന തമോദുഃഖങ്ങളെ..

(2015)
--------

ചോർച്ച


നമ്മൾ

ഭൂതകാലത്തിനെ
വെയിലത്തിട്ടുണക്കിപ്പൊടിച്ചു
പൊതിഞ്ഞു കെട്ടി
കൂടെക്കൊണ്ടു നടന്ന്
അവശ്യം സന്ദർഭങ്ങളിൽ എടുത്ത്
കണ്ണീർപ്പൊടിയായി വിതറി
കരഞ്ഞാനന്ദിക്കുന്ന .
രണ്ട് ഗൃഹാതുര ജീവികൾ

പിറകോട്ടു നോക്കി മാത്രം
സഞ്ചരിക്കുന്ന
കപ്പിത്താന്മാർ

പരസ്പരം
കോർത്ത കൈകളെങ്കിലും
കടലേ കരയേ
ഞാനൊറ്റ ഒറ്റയെന്ന്
കരഞ്ഞേ നീങ്ങും
കണ്ണുപൊട്ട ജന്മങ്ങൾ

തകർന്ന ഇഷ്ടമാപിനി
പരസ്പരം വച്ചു നോക്കി
തണുത്തുറഞ്ഞ മെർക്കുറിയളവുകളിൽ
കയറ്റിറക്കങ്ങൾ
ആരോപിച്ചുമാനന്ദിച്ചും,

തഴുകിത്തഴുകി
കടന്നു പോകും കാറ്റിനെ
ചോർന്നു തീരും
സമയമെന്ന് ഒട്ടും നിനയ്ക്കാതെ
കുളിരാതെ

മറുകരയിലേയ്ക്ക്
മുഖം കുത്തി വീണു
കളിയിൽ എന്നും തോറ്റു പോകുന്ന
അതേ രണ്ട് കുട്ടികൾ

(2014)

മഴ

മഴ

രാവിലെത്തന്നെ
മുനിഞ്ഞുമുനിഞ്ഞ്
വോട്ട് ചെയ്തു കൊണ്ടേയിരിക്കുന്നു

വേനൽ വാട്ടിയ ഇലകളിലേയ്ക്ക്
പുകയും പൊടിയും തങ്ങി നിൽക്കുന്ന
കോൺക്രീറ്റ് മേൽക്കൂരകളിലേയ്ക്ക്

മഴയുടെ വിരലുകളിൽ
മഷിതേയ്ക്കാൻ കാത്തിരിയ്ക്കുന്നുണ്ട്
തൊടിയിലൊരു ഇലയില്ലാചില്ലയിൽ
നീലപ്പൊന്മാൻ

വോട്ടു കഴിഞ്ഞ് പെട്ടിയൊരുക്കാൻ തിടുക്കപ്പെടുന്നുണ്ട്
തെങ്ങിൻ തണ്ടയിലൊരു
ചിൽച്ഛിലണ്ണാൻ
മതിലോരത്ത് ഒരു ചുരുളൻ നായ
അടുക്കളപ്പുക പോലൊരു പൂച്ച.

വോട്ടു നിനക്കുള്ളതെന്ന്
കവിളത്തു തട്ടി
ചിരിച്ചു പെയ്യുന്നുണ്ടു മഴ
വെന്തു മലച്ച ഭൂമിയിലേയ്ക്ക്.

അമ്മ

കുട്ടിയും അമ്മയും സായാഹ്ന നടത്തയ്ക്കിറങ്ങിയതായിരുന്നു. ഇനിയും വറ്റിയിട്ടില്ലാത്ത ഒരു പുഴ വക്കിലൂടെ. പുഴയുടെ മാറത്ത് ഒരു കൊതുമ്പ് വള്ളം പാറിക്കിടപ്പുണ്ടായിരുന്നു. അതിനു മുകളിലൊരു വെളുത്ത പക്ഷിയും. അമ്മേയമ്മേ ആ തോണീടെ അമ്മയാരാ എന്ന് അന്നേരം കുട്ടി സംശയാലുവായി. അപ്പോൾ മാത്രമുണ്ടായ സംശയത്തിൽ അമ്മ ഒരിത്തിരി നേരം നിശ്ശബ്ദയായി. കൊതുമ്പുവള്ളം കൊത്തിയുണ്ടാക്കിയ മരത്തിനേക്കുറിച്ചും ആ മരം നിന്ന കാടിനേക്കുറിച്ചും അമ്മ ചിന്തിച്ചു. അക്ഷമയോടെ കുട്ടി ചോദ്യം ആവർത്തിച്ചപ്പോൾ കൂടുതൽ ചിന്തയൊന്നും കൂടാതെ അമ്മ പറഞ്ഞു. " അത് ഈ പുഴ തന്നെയാണല്ലോ മകളേ". പുഴയും തോണിയും നയിക്കുന്ന ആ ബന്ധത്തിന്റെ സൗന്ദര്യത്തിൽ മകളൊന്ന് ചിരിച്ചു.

അപ്പോൾ പുഴയുടെ അമ്മയോ?
അത് മലയാണ് മകളേ.
അപ്പോ മലയുടെ അമ്മയോ?
അത് ഭൂമിയാണ്.

മകൾക്ക് ആ ചോദ്യോത്തരച്ചങ്ങലയിൽ രസം പിടിച്ചു.

അപ്പോൾ ഭൂമിയുടെ അമ്മയോ?
സൂര്യൻ, ആകാശം എന്നിങ്ങനെ ബുദ്ധിയ്ക്കുള്ളിൽ നിന്നും മറുപടി വന്നുവെങ്കിലും അമ്മയ്ക്ക് ആ കളി മടുത്തെന്ന് തോന്നി.

ഭൂമിയ്ക്ക് അമ്മയില്ല.
മകൾക്ക് ആ ഉത്തരം ബോധിച്ചില്ല. അതെങ്ങനെ ശരിയാവും? അമ്മയില്ലാത്ത ഭൂമി?

എല്ലാർക്കും അമ്മയുണ്ടാവണമെന്ന് നിർബന്ധമില്ല മകളേ.

അവരപ്പോൾ പുഴയിലെ പാറിക്കിടക്കുന്ന തോണിയേയും നോക്കി കരയിൽ ഒരു പാറക്കല്ലിൽ ഇരിക്കുക യായിരുന്നു. തോണിയെ ഉപേക്ഷിച്ച് വെളുത്ത പക്ഷി പറന്നു പോയിട്ടുണ്ടായിരുന്നു.

മകൾക്ക് സങ്കടം വന്നു. അതെന്തൊരു ഏകാന്തതയായിരിക്കും ഭൂമിയ്ക്ക് നേരിടേണ്ടി വരിക എന്ന് മകളുടെ പ്രായത്തിനനുസരിച്ചുള്ള ഒരു വ്യഥ വന്ന് അവളെ പൊതിഞ്ഞു.

സങ്കടത്തിന്റെ പുഴയിൽ താഴ്ന്നുകൊണ്ടിരിക്കുന്ന ഒരു കൊതുമ്പുവള്ളമായിരിക്കുന്നു ഇപ്പോൾ മകൾ. ആകെയാണ്ടു മുങ്ങി വേദനയുടെ വെള്ളം കയറി ശ്വാസം മുട്ടിപ്പോകാതിരിക്കാൻ എന്തിനി ചെയ്യേണ്ടൂ എന്ന് അമ്മയപ്പോൾ പുഴക്കരയിലെ ചെറുകാറ്റിൽ നൊന്തുകൊണ്ടേയിരുന്നു.
നിങ്ങൾക്കറിയാഞ്ഞിട്ടാണ്
ഞാൻ
ഈ
ചന്തയിലെ
ഏറ്റവും
മികച്ച
ഉല്പന്നം തന്നെയാണ്.

(പിന്നെ അതൊന്നും
ഞാനായിട്ട് പറഞ്ഞു നടക്കുന്നില്ലെന്നേയുള്ളൂ)

തിരുത്ത്

പുരുഷവായനക്കാരേ,

അഞ്ച് പേർ
എന്നെ മാറി മാറി
ഉപയോഗിച്ചു എന്നത്
അഞ്ച് പേരെ
ഞാൻ മാറി മാറി
ഉപയോഗിച്ചു എന്ന്
അത്രയ്ക്ക് എളുപ്പമല്ലെങ്കിലും
നെറ്റിചുളിയ്ക്കാതെ
തിരുത്തി വായിക്കാൻ
അപേക്ഷ

-പാഞ്ചാലി

Tuesday, 30 June 2015

---

അത്യാവശ്യമായി
ഒരിടം വരെ പോകേണ്ടതുണ്ടായിരുന്നു. അതിനുള്ള ഒരുക്കം തുടങ്ങുമ്പോഴാണ് മരിച്ചവരുടെ ഗാനമേള തുടങ്ങിയത്.
ഹാളിൽ മൊത്തം കാണികളും സ്കൂൾ കുട്ടികളായിരുന്നു.
തോളിൽ നിറമുള്ള ബാഗുകളും തൂക്കി കൈയ്യിൽ പലവർണ്ണ വാട്ടർബോട്ടിലുകളുമായി ഇരിക്കുന്ന യൂണിഫോം ധാരികൾ പലരും മീശ വച്ച ഉദ്യോഗസ്ഥന്മാരും മീശയില്ലാത്ത പ്രൊഫഷണലുകളുമായിരുന്നു.
നിറയെ കാറ്റ് നിറച്ച ബലൂണുകളിൽ ചിരിമുഖങ്ങൾ വരച്ചു വച്ചിട്ടുണ്ടായിരുന്നു.
മരിച്ചവരുടെ ഗാനമേള നയിച്ചിരുന്നത് പഴയ യൂപി സ്കൂൾ ഹെഡ്മാഷായിരുന്നു.
മാഷ് അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി എന്ന കീർത്തനം ഭേഷായി വിസ്തരിക്കുന്നുണ്ട്.
വളരെ അത്യാവശ്യമായി
ഒരിടം വരെ പോകേണ്ടതുണ്ടെന്ന കാര്യം മറന്ന് ഞാനാ ഹാളിൽ വായും പൊളിച്ച് നോക്കി നിൽക്കുന്നുണ്ടായിരുന്നു. നാലു മണിക്ക് എയർപോർട്ടിൽ എത്തേണ്ടതുണ്ട് എനിക്ക് എന്ന കാര്യം ഞാൻ മൂന്ന് അമ്പത്തിയഞ്ചിന് ഓർത്തെടുത്തു. വീട്ടിൽ നിന്ന് എയർപോർട്ടിലേയ്ക്ക് മൂന്ന് മണിക്കൂർ യാത്രയുണ്ട്. അപ്പോൾ വളരെ അത്യാവശ്യകാര്യത്തിന് എനിക്കിനി പോകാൻ ആവില്ല. എന്റെ ജീവിതം എപ്പോഴും ഇങ്ങനെത്തന്നെ എന്ന്  ഞാൻ സ്വയം ശപിക്കാൻ തുടങ്ങുന്നു. മരിച്ചവരുടെ ഗാനമേള അത്രയൊന്നും മികച്ചതല്ലാഞ്ഞിട്ടും എനിക്കത് മുഴുവനും കാണണമെന്നും കേൾക്കണമെന്നും ഒരേ നിർബന്ധം. അപ്പോൾ ഹാളിനകത്തു ഭിത്തിയിൽ തൂക്കിയിട്ടിരുന്ന സ്റ്റഫ് ചെയ്ത മാൻ തല പുലിയുടെ ശബ്ദത്തിൽ അലറി.
അന്നേരം പുലർച്ചെ മൂന്നുമണിയുടെ അലാറം അലറുകയും  നാലേകാലിന്റെ തിരുവനന്തപുരം ഫാസ്റ്റ് വീടിനു വെളിയിൽ വലിയ ശബ്ദത്തോടെ ബ്രേക്ക് ചവിട്ടി നിൽക്കുകയും ചെയ്തു. വളരെ അത്യാവശ്യമായി തിരുവനന്തപുരം പോകേണ്ടതുണ്ടല്ലോ എന്ന താരാട്ട് പാടിക്കൊണ്ട് അമ്മ ഉറക്കത്തിന്റെ മാറാലപിടിച്ച മുഖം തൂത്ത് വൃത്തിയാക്കി തൊട്ടിലാട്ടിയാട്ടി നിൽക്കുന്നുണ്ടായിരുന്നു.