
ഉമ്മറത്താരോ വന്നിട്ടുണ്ട്
അച്ഛനാവാം
കയ്യില്‍ കളിപ്പാട്ടപ്പൊതിയുമായ്
പോസ്റ്റ്‌മാനാവാം
തപാലില്‍ ഒരു അപ്പോയിന്റ് മെന്റ് ഓര്‍ഡറുമായ്
ആരോ കതകില്‍ മുട്ടുന്നുണ്ട്
ചങ്ങാതിയാവാം
ചുണ്ടില്‍ ഒരു കള്ളച്ചിരിയുമായ്
അമ്മയാവാം
മാറില്‍ മുലപ്പാല്‍ വിങ്ങലുമായ്
മുറിയില്‍ ആരോ വന്നിട്ടുണ്ട്
പെങ്ങള്‍ ആവാം
കയ്യില്‍ ഒരു കപ്പു ചായയുമായ്
ഭാര്യയാവാം
മുടിയില്‍ ഈരിഴ തോര്‍ത്തിന്റെ തണുപ്പുമായ്
ജാലകത്തില്‍ ആരോ തട്ടുന്നുണ്ട്
കാറ്റാവാം
മഴയുടെ നേര്‍ത്ത വിരലു കളുമായ്
പുലരിയാവാം
മഞ്ഞിന്റെ കണ്ണാടി മുഖവുമായ്
ഇല്ലില്ല
ആരുമില്ല
ആരുമല്ല
നേഴ്സ് തന്ന ഉറക്ക ഗുളിക
അധികമായത് കൊണ്ടാവാം
ഉറക്കത്തിന്റെ നരച്ച കാടിനെ
കമ്പിളി പ്പുതപ്പെന്നു വൃഥാ നിനച്ചു
ചുവരിലെ ഘടികാര നടപ്പിനെ
ഹൃദയ മിടിപ്പെന്ന്!