ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

Tuesday, 12 November 2013

പലതരം മണങ്ങൾ

വന്നെന്നെ ചൂഴുന്നുണ്ട്‌
പലതരം മണങ്ങൾ
കെട്ടുപൊട്ടിച്ചു ചിതറിപ്പരന്നു-
ടലാകെപ്പൊതിഞ്ഞു രോമാഞ്ചിച്ച്

പൂയ് ....
ക്ണിം ക്ണിം എന്ന് കൂവിപ്പാഞ്ഞു പോകും
വണ്ടിക്കാരൻ പിറകിലെപ്പെട്ടിയിൽ
കൊണ്ട് പോകുന്നുണ്ട് ഒരു കടൽ
ഇന്നെന്താണയിലയോ മത്തിയോ
എന്ന് ചെന്ന് കൂടുന്നുണ്ട് ചുറ്റിനും ആളുകൾ

കൈമാറ്റ സമയത്ത് ഒരു ചെതുമ്പലെങ്കിലും
ചിതറുമെന്നാശിച്ചു കാത്തുനില്പ്പുണ്ട്
നാനാവിധം പട്ടി പൂച്ചകൾ

വിറകും ഒപ്പം മണ്ണെണ്ണമണവും
പുകയടുപ്പും
കൊണ്ടെത്തരുന്നുണ്ട് പഴയ
നാലുമണിച്ചായകൾ
വിശന്നു പുകയുന്ന വയറും
പുസ്തകക്കെട്ടും
ഒരു നീളൻ ദിവസത്തിന്റെ സ്കൂൾ മുഷിപ്പും
പിന്നെ ഉരുളുന്ന ഗോട്ടിയും
തിരിയുന്ന പമ്പരവും.

പതയുന്ന സോപ്പ് മണപ്പിക്കുന്നുണ്ട്
പണ്ടത്തെ അതേ
കുളക്കടവും കുന്നായ്മകളും കിന്നാരവും
കണ്ണ് കണ്ണോടു കോർത്തെയ്തു വിടുന്ന
പ്രണയ സന്ദേശങ്ങളും
കുളക്കരയുടെ ഉഷ്ണമണവും
നനഞ്ഞ ചരൽക്കല്ലിൻ
ഇളം ചൂട് സ്പർശവും

ഖട്കടു ഖട്കടു
ഉരുണ്ടുരുണ്ടേ പോകും
കാളവണ്ടിക്ക് പിറകെ
കാലോപ്പിച്ചുള്ള നടത്തവും
സ്കൂൾ വഴി തീരുന്നത്രയും
ദൂരം ഒന്നിടവിട്ട് കാണും
ചാണകപ്പൂക്കളും
കാളമൂത്ര കോലവും
കൊണ്ടെത്തരുന്നുണ്ട് മണങ്ങൾക്കൊപ്പം
ആ വഴി യാത്ര മുഴുവനും

മഴ നനഞ്ഞുണങ്ങാതെ
യുണങ്ങി പൂപ്പൽ മണം പരത്തുന്ന
തുണികൾ മറവുകൾ
കൊണ്ടെത്തരുന്നുണ്ട്
പകുതി മദാലസസ്വപ്‌നങ്ങൾ
അന്നത്തെ മുഴുമിക്കുവാനാവാത്ത
കൊടും കിനാവുകൾ
കൗമാരയിളക്കങ്ങൾ

ചൂണ്ടയിട്ടു കൊത്താതെ കൊത്തും
പരൽമീൻ തിളക്കങ്ങൾ
പാതിചത്ത ഞാഞ്ഞൂലുകൾ
കാലൊടിഞ്ഞു വേയ്ക്കും പച്ചത്തവളകൾ .

ഉണ്ട്
കൊണ്ടെത്തരുന്നുണ്ട്
പലതരം മണങ്ങൾ
പലതരം കാലങ്ങളെ
തുണ്ട് കഷ്ണങ്ങളെ

ഇന്നിന്റെ പരുക്കൻ
മേശമേൽ കൈകാൽ വക്രിച്ചു
നിശ്ചലം നിർമമം
കിടപ്പാണവയൊക്കെയും
പോസ്റ്റുമോർട്ടം ടേബിളിലെന്നപോൽ
-----------

Saturday, 9 November 2013

അത് ശ്രേഷ്ഠം ആകുന്നത് എങ്ങനെയെന്നാൽ


ഭാഷ
വിനിമയം ചെയ്യപ്പെടേണ്ട
നാണയം മാത്രമല്ല
അത് ഒരു ആവാസ വ്യവസ്ഥയാണ്‌

കല്ല്‌ മണ്ണ് മരം
മഴ കാറ്റ് വെയിൽ
അമ്മ ആന ആട്
കുളം പുഴ കടൽ
ഒക്കെയും ചുറ്റിനും സ്വന്തം രൂപങ്ങളുമായി
നിങ്ങളെ ചൂഴ്ന്നു നിന്നത് പോലെ
അത്രയും വാക്കുകളും
നിങ്ങൾക്ക് കാവൽ നിന്നിരുന്നു

നിങ്ങൾ വളരാനും
അർത്ഥം ഗ്രഹിച്ചു അവറ്റയെ
തൊട്ടുനോക്കി ചിരിച്ചു സ്വീകരിക്കാനും
കാത്തു നില്ക്കാതെ
അവയത്രയും നിങ്ങൾക്ക് അന്തരീക്ഷം ചമച്ചു
നിന്നിരുന്നു

അവയൊന്നും നിങ്ങൾ പഠിച്ചതല്ല
അവ നിങ്ങളെ പഠിച്ചതാണ്

അമ്മയെന്ന വാക്ക് വന്നു
നിങ്ങളെ എടുത്തു ഒക്കത്ത് വച്ചു
ആന വന്നു തുമ്പിക്കൈ ചുഴറ്റി നിന്നു
പൂ വാസനിച്ചു
കാറ്റ് പൊതിഞ്ഞു കുളിർത്തു

ആരും അർത്ഥം തിടമ്പേറ്റി നിന്ന്
നിങ്ങളുടെ വഴിയേതും മുടക്കിയില്ല

വേലിക്കൽ വിരിഞ്ഞു ചിരിക്കുന്ന
നാനാ വിധം കുഞ്ഞു പൂക്കളെപ്പോലെ
കുട്ടി പൊക്കോ നേരെ പൊക്കോ
എന്ന് വഴിയൊഴിച്ചു തന്ന്
കൈവീശി യാത്ര പറഞ്ഞു .

ആവുന്നയിടങ്ങളിൽ ആവുംപോലെ എടുത്തെറിഞ്ഞു
ആഘോഷമാക്കാൻ നിങ്ങൾക്കും മടിയേതും കണ്ടില്ല.

ഭാഷ അങ്ങനെയൊക്കെ നിറഞ്ഞു പരന്നു മാനം മുട്ടി
നിങ്ങളെ ഗർഭജലം കണക്കെ പൊതിഞ്ഞു.

കരയുമ്പോഴും കണ്ണ് നിറഞ്ഞു ചിരിക്കുമ്പോഴും
അതൊപ്പം ഒരു തൂവൽ കണക്കെ
നനഞ്ഞു
ചുറ്റിനും വട്ടമിട്ടു പറന്നു

ഇരുണ്ട ആകാശത്ത് നക്ഷത്രങ്ങളെ കൊത്തി വച്ചത് പോലെ-
കനത്ത രാത്രിയുടെ ആഴങ്ങളിൽ
മിന്നാമിനുങ്ങിന്റെ പവിഴങ്ങൾ ചൂഴ്ന്നു മിഴിക്കും പോലെ  -

ഇനിയേതു പുറംകടലിൽ പോകുമ്പോഴും
നിങ്ങളതിനെയൊരു കൊതുമ്പു വള്ളമാക്കി തുഴയെറിഞ്ഞു
വലയെറിഞ്ഞു വള്ളത്തിലേയ്ക്ക്
കുടഞ്ഞിടുമ്പോഴും
കൂടെക്കിടന്നു പിടപിടച്ചു

ഭാഷ
നാണയമല്ല
ശ്വാസകോശമാണെന്ന്
ആരും പറഞ്ഞതേയില്ല
പഠിപ്പിച്ചതേയില്ല

എന്നിട്ടും കുമിളയിട്ടു കുമിളയിട്ടു
നിങ്ങളതിനെ ശ്വസിച്ചു കൊണ്ടേയിരിക്കുന്നു

എനിക്കെന്തിനൊരു കുളം പുഴ കടൽ
എന്ന് അക്വേറിയ മത്സ്യം
അഹങ്കരിക്കും പോലെ
------------

Friday, 8 November 2013

വീട്ടിൽ ഒറ്റയാവുമ്പോൾ

വീട്ടിൽ ഒറ്റയാകുമ്പോഴാണ്
ഒരാൾക്ക്‌ മറ്റൊരാളാരാണെന്നു തിരിച്ചറിയുക

ഒരാൾ ഒരാളല്ല
ഒരന്തരീക്ഷമാണെന്ന്.

അമ്മ പോകുമ്പോൾ
കൂടെ കുറേ വേവലാതിക്കിളികളെ കൊണ്ടുപോകുന്നുണ്ട്
തുറന്നേ കിടക്കും പടിവാതിൽ
പിച്ചക്കാരുടെ കയറ്റിറക്കങ്ങൾ
തേങ്ങയിടീല്കാരന്റെ വിളി
മാട് മേച്ചിലിന്റെ കാവൽ
കയ്പ്പ കുമ്പള വള്ളികളുടെ കരുതൽ
പാലുകാരന്റെ നേരങ്ങൾ
പത്രക്കാരന്റെ ചുഴറ്റിയെറിയലുകൾ

ഭാര്യ
കൂടെ കൊണ്ടുപോകുന്നുണ്ട് കുറേ
കലപിലച്ചെത്തങ്ങൾ
പുലർച്ചയുടെ നെരിപ്പോടുകൾ
എച്ചിൽ പാത്രങ്ങളുടെ ഇടയൽ
ആറുമണിച്ചായയുടെ ആവി
നെഞ്ചിലെ കപ്പലോട്ട വിരലുകൾ
കുരുമുളക് നീറ്റൽ
അരിമാവിന്റെ പുളി മണം
തീര്ന്നു പോയ ഗ്യാസ് കുറ്റിയുടെ
അമ്പലമണിപ്പരാതി
അടയ്ക്കാത്ത ഇൻഷൂറൻസ് കടലാസിന്റെ
പെടപെടപ്പ്‌
പലചരക്ക് പച്ചക്കറി സഞ്ചികളുടെ
അനുധാവനം

മകൾ
മായ്ച്ചു കളയുന്നുണ്ട്
ചിത്രപ്പെന്സിലുകൾ
മൂന്നു ചക്രക്കരച്ചിലുകൾ
കുട്ടിപ്പാട്ടിന്റെ ഇടച്ചിലുകൾ
പാവക്കുട്ടി ചിണ്ങ്ങലുകൾ
കുരങ്ങു പൂച്ച നായ അണ്ണാൻ കരച്ചിലുകൾ
മരംകൊത്തി മുട്ടലുകൾ
കുരുവി വെപ്രാളങ്ങൾ
ചെമ്പോത്ത് അലോസരങ്ങൾ

വീട്ടിൽ ഒറ്റയാവുമ്പോഴാണ്‌
ഒരാൾ മറ്റെയാൾ എന്താണെന്ന്
തിരിച്ചറിയുക

ഒരാൾ ഒരാളല്ല
ഒരന്തരീക്ഷമാണെന്ന് .

പെട്ടെന്ന് പിൻവലിക്കപ്പെട്ട
അന്തരീക്ഷം
ഒരാളെ
കടൽ വറ്റിപ്പോയ  മീനെന്ന പോലെ
ഫോസിൽ ആക്കുന്നതെങ്ങനെ എന്ന്

വീട്ടിൽ ഒറ്റ ആവുമ്പോഴാണ്
ഒരാൾ സ്വയം എന്തല്ല എന്ന് -
---------------

Thursday, 7 November 2013

നേരം

ഇന്ന് കാലത്തായിരുന്നു
ഒരു ഏഴ് ഏഴര മണിയായിക്കാണണം..

അത്രയേ ഉള്ളൂ സമയത്തിന്റെ കൃത്യത സുഹൃത്തേ...

അത് വരേയ്ക്കും നീ കാത്തു വച്ച
സമയ ക്ലിപ്തത 
ഇന്ന് കാലത്ത് ഒരു ഏഴിനും എഴരയ്ക്കും ഇടയിലെ
നീണ്ട മുപ്പതു മിനുട്ടുകളിൽ
ഉടഞ്ഞു തകർന്നു തലച്ചോറ് ടാർ റോഡിൽ
ചിതറും വിധം ആയത് നീ തന്നെ ശ്രദ്ധിച്ചു കാണും..

ഒരു ടിപ്പറോ പാഞ്ഞു തുള്ളുന്ന
ലിമിറ്റെഡ് സ്റ്റോപ്പോ
അരികു കാക്കാതെ പോയ ഓട്ടോറിക്ഷയോ
ഏതുമാകട്ടെ
നിന്റെ ഇത്രയും കാലത്തെ
സമയാനുബന്ധ ജീവിതത്തെ
ഒന്നുമല്ലാതാക്കിയത്‌ നീ ശ്രദ്ധിച്ചു കാണും

ഉണരാൻ ഉണ്ണാൻ ഇണചേരാൻ
അലാറമിട്ടു നീ കാത്തു വച്ച
സമയനിബന്ധനകളെയാണ്
ഇന്ന് കാലത്ത് ഒരു ഏഴ് ഏഴര
എന്ന നിശ്ചയമില്ലായ്മ
കൊഞ്ഞനം കുത്തുന്നത്

അല്ലെങ്കിൽ തന്നെ
ഇനിയെന്തിനു കൃത്യ സമയത്തിന്റെ
കൂട്ട് എന്ന ഉദാസീനതയുമാവാം
ഇങ്ങനെ ഒരു അലസ നോട്ടത്തിന്റെ അടിയിൽ.

നീയാണെങ്കിലോ
ഒരു നൂറു കൂട്ടം സമയം പറച്ചിലുകളുടെ
ദിവസം തുടങ്ങിയതേ ഉള്ളൂതാനും .

അതിപ്പോ ഏഴായാലെന്ത്
ഏഴര ആയാലെന്ത്
സ്റ്റോപ്പ്‌ വാച്ച് മുറിച്ചിടുന്ന
അതിനിടയിലെ
മറ്റേതെങ്കിലും നിമിഷമായാലെന്ത്

ഒരുപക്ഷെ
ചുടു ചോര ടാർ റോഡ്‌
മുഴുവനായും കുടിച്ചു തീരാനുള്ള
സമയമാവാം അത്
അതുമല്ലെങ്കിൽ
ഉള്ളിലേയ്ക്കിടിഞ്ഞിടിഞ്ഞു
ബോധം ഒരു കറുത്ത നക്ഷത്രമായ്‌
മരിച്ചു തീരാൻ എടുത്ത സമയവുമാവാം

മിടിച്ചു മിടിച്ച്
ലോകമേ ലോകമേ എന്ന്
കണ്ണ് കീറി
ഹൃദയം, ജീവിതം അളന്ന
സമയമാവാനും മതി.

എന്തായാലും ശരി
ഒരു ഏഴ് ഏഴരയായിക്കാണും
അതു തീർച്ച.
-----------

ബസ്സ്‌ ഇറങ്ങുമ്പോൾ

ബസ്സ്‌ ഇറങ്ങുമ്പോൾ 
വിലപ്പെട്ടതെന്തോ നമ്മൾ മറന്നു വയ്ക്കുന്നുണ്ട്

ഇനിയൊരു യാത്രയിലും എടുത്തു പെരുമാറാൻ പറ്റാത്ത 
ഒരുകുന്നു കാര്യങ്ങൾ 

ബസ്സിറങ്ങുമ്പോൾ ആ യാത്രയിൽ മാത്രം 
കണ്ടുമുട്ടിയ മുഖങ്ങളെ,
ആ യാത്രയിൽ മാത്രം
കൂട്ടിമുട്ടിയ ശരീരങ്ങളെ,
തുഴഞ്ഞുണ്ടാക്കിയ ഇടങ്ങളെ,

ഇരുന്നുണ്ടാക്കിയ ഓരക്കാഴ്ചകളെ
ഇടം വലം കാലുകൾ മാറിമാറി
നിന്നുണ്ടാക്കിയ ഇടക്കാലാശ്വാസങ്ങളെ

സ്ഥിരം സൗഹൃദം എന്നപോൽ
യാത്രയുടെ അവസാനം വരെ മാത്രം
നീട്ടി നട്ടു നനച്ചു വളർത്തും
അരികു വക്രിച്ച ചിരികളെ

പെരും സൌരയൂഥത്തിലെ
ഒരേ ഗ്രഹത്തിലെ അന്തേവാസികൾ
എന്ന മട്ടിൽ
വഴിയോര തർക്കങ്ങളെ
തടയലുകളെ കല്ലേറുകളെ
കൊള്ളി വെയ്പ്പുകളെ

പുറത്തു പെയ്യുന്ന
മഴയെ വെയിലിനെ
വീശുന്ന കാറ്റിനെ
എതിര് കാത്തു പോകുന്ന
വണ്ടികളെ
ഒരേ ദയയോടെ
നോക്കുന്ന നോട്ടങ്ങളെ
ഒക്കെയും
ഒന്നിച്ചു ചിരിച്ച്
എതിർത്ത് കയർത്ത്
ചർച്ചിച്ച് തോൽപ്പിച്ച്
മുന്നേറും സമയങ്ങളെ

തൊട്ടയൽക്കാരൻ
ജനലിലൂടെ കൈവീശി
യാത്രചോദിക്കുന്ന
സൌഹൃദങ്ങളെ
പൊടിപിടിച്ച പരസ്യ ബോർഡുകളെ
അവയിലെ മഞ്ഞിച്ച മദാലസച്ചിരികളെ

ബസ്സ്‌ ഇറങ്ങുമ്പോൾ
വിലപ്പെട്ടതെന്തോ നമ്മൾ മറന്നു വയ്ക്കുന്നുണ്ട് ഒരുപാട്

ഇനിയത്തെ യാത്രയിൽ
തിരികെയെടുത്ത്‌ വിനിമയം ചെയ്യാനാവാത്ത
കാലഹരണപ്പെട്ട നാണയത്തുട്ടുകൾ
----------------------