ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

Friday, 27 December 2013

ഒരു നിറമുള്ള നുണക്കഥ

ഒരിടത്ത് ഒരു പക്ഷി ഉണ്ടായിരുന്നു. അത് ഒരു ചിത്രകാരന്റെ വീട്ടിലെ പണിപ്പുരയിൽ  വച്ച ഒരു പ്രകൃതി ദൃശ്യത്തിൽ നിന്നും പറന്നു വന്നു ഒരു മരത്തിൽ ഇരുന്നതായിരുന്നു. ചിത്രകാരൻ ആ പ്രകൃതി ദൃശ്യം വരച്ചു കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ .


അസ്തമിക്കുന്ന സൂര്യൻ പടർത്തിയ ചോര നിറം ധാരാളമുള്ള ഒരു ആകാശത്തിൽ പറക്കുന്ന  രൂപത്തിൽ ആയിരുന്നു ആ പക്ഷി ഉണ്ടായിരുന്നത് . അതിന്റെ ചിറകുകളിൽ സൂര്യ വെളിച്ചം മൂർച്ചയുള്ള ഒരു വാള് പോലെ തിളങ്ങിയിരുന്നു. ആ ചിത്രം വരച്ചു തീർത്താൽ ഉടൻ അതിനെ ഫ്രെയിം ചെയ്ത് ഒരു ധനികന്റെ വീട്ടിൽ സ്ഥാപിക്കാം എന്നായിരുന്നു ചിത്രകാരന്റെ വിചാരം. ഇനിയിപ്പോൾ അതിനു പറ്റില്ല. കാരണം പക്ഷി പറന്നു പോയ ഇടം ആകാശത്തിന്റെ ചോരയോ മഞ്ഞളോ ഇല്ലാതെ ഒരു നിറമില്ലാ ഇടമായി തീർന്നിരുന്നു. അതിലേയ്ക്ക് ചിത്രകാരൻ എന്തെന്തു നിറം വാരി പൂശിയിട്ടും അതൊന്നും പ്രതിഫലിച്ചു കണ്ടില്ല. പ്രപഞ്ചത്തിൽ ഉണ്ടാകുന്ന തമോഗർത്തം പോലെ അവിടെ ഒരു പക്ഷിഗർത്തം ഉണ്ടായിരിക്കുന്നു. ഇനി ആ ഗർത്തം സമീപത്തിലുള്ള എല്ലാ നിറങ്ങളെയും അതിലേയ്ക്ക് വലിച്ചു തീർക്കുമെന്ന് ചിത്രകാരൻ ഭയന്നു. അങ്ങനെ ഒടുക്കം ചിത്രകാരനെയും അത് വലിച്ചു തീർത്താൽ പിന്നെ എന്താവും ബാക്കിയാവുക? 


ചിത്രകാരന് സങ്കടം വന്നു. ആ ചിത്രം ധനികന് വിറ്റ്, അതിൽ നിന്നും കിട്ടുന്ന പണം കൊണ്ട് വേണം അരി വാങ്ങാൻ. അതും കാത്തു ചിത്രകാരന്റെ ഭാര്യയും കുഞ്ഞുങ്ങളും വിശന്നു വിശന്നിരിക്കുകയാണ്.


മരക്കൊമ്പിൽ ഇരിക്കുന്ന പക്ഷി പക്ഷെ ഇതൊന്നും അറിഞ്ഞില്ലായിരുന്നു. അത് നാല് പാടും ചിതറി നോക്കി . ഇനി ഏതു ശബ്ദത്തിൽ ചിലയ്ക്കണം എന്ന ചിന്തയിൽ ആയിരുന്നു അത്. കാരണം ചിത്രകാരൻ രൂപം മാത്രമേ കൊടുത്തിരുന്നുള്ളൂ . ശബ്ദം എന്ത് വേണം എന്നൊരു സൂചന പോലും ചിത്രത്തിൽ ഒരിടത്തും ഇല്ലായിരുന്നു. 


പാടണമോ കരയണമോ എന്നൊക്കെ ചിന്തിച്ചിരിക്കവേ പെട്ടെന്ന് പക്ഷിയിലേയ്ക്ക് മരക്കൊമ്പിലെ പച്ച നിറം ഒന്നാകെ കുത്തിയൊലിച്ചു വന്നു. പിന്നെ അയൽമരത്തിലെ . പിന്നെ അയൽ വീടുകളിലെ മരങ്ങളിൽ നിന്ന്. അങ്ങനെ ഭൂമിയിലെ പച്ചയാകെ കുത്തിയൊലിച്ചു തീർന്നപ്പോൾ പിന്നെ ചുവപ്പിന്റെ ഊഴമായി. പൂവുകളിലെ, ആകാശത്തിലെ , ചുണ്ടുകളിലെ, കൊടികളിലെ...പിന്നെ മഞ്ഞ , നീല , അങ്ങനെ ഓരോരോ നിറങ്ങൾ. ഒടുക്കം ഭൂമിയാകെ നിറമില്ലാത്ത ഒരു കണ്ണാടിച്ചില്ല് പോലെ ആയി. 


പക്ഷിക്കാകട്ടെ എല്ലാ നിറങ്ങളും കുത്തിയൊലിച്ചു വന്നതുകൊണ്ട് ശ്വാസം മുട്ടും പോലെയായി. പക്ഷി ഒരു കരിക്കട്ട പോലെയായി.ഏറ്റവും ഒടുവിൽ പക്ഷി ഗത്യന്തരമില്ലാതെ ചിത്രകാരന്റെ ആ പ്രകൃതി ദൃശ്യത്തിലേയ്ക്ക് തന്നെ തിരിച്ചു പറന്നു പോയി.


ഭാഗ്യം തന്നെ. ചിത്രത്തിൽ പക്ഷിക്കിരിക്കാൻ സ്ഥലം തികഞ്ഞു കിട്ടി. എന്തോ ഭാഗ്യം. ചിത്രകാരൻ തുള്ളിച്ചാടി. ചിത്രം വേഗം ധനികന് കൊണ്ടേ ക്കൊടുത്തു. ധനികൻ കൊടുത്ത പണം കൊണ്ട് അരി വാങ്ങി. ഭാര്യയും കുട്ടികളും ചിത്രകാരനും ആഹാരം വച്ച് കഴിച്ചു.


ധനികൻ ആ ചിത്രം ചുവരിൽ തൂക്കി. നല്ല മനോഹരമായ പ്രകൃതി ഭംഗി. ധനികന് സന്തോഷമായി. പക്ഷെ പക്ഷിക്ക് പകരം അവിടെ എന്താണച്ഛാ ഒരു കുപ്പിച്ചില്ല് എന്ന് ധനികന്റെ കുഞ്ഞു മകൻ പറഞ്ഞത് മാത്രം ധനികൻ കേട്ടില്ല. 

--------------------------------------------

Inertia of Motion / ചലന ജഡത്വം

മുറിച്ചു വച്ചൊരു 
ചിരിയുണ്ട് എന്റെ പുരപ്പുറത്ത്


ലോക വേഗങ്ങളെയത്രയും
യാത്രകളായ യാത്രകളെയത്രയും 
പോയ്‌ വരൂ പോയ്‌ വരൂ എന്ന്
പിടഞ്ഞു ചിരിച്ചു യാത്രയാക്കുന്ന 
രണ്ടു നാക്കുള്ള ഒരു ചിരിക്കൊടി..


പഴയ അമർ ചിത്ര കഥ
പ്പുസ്തക പുറം ചട്ടകളിൽ 
ഇതിഹാസ കഥാ പാത്രങ്ങളുടെ 
രഥങ്ങളിൽ കാണുന്ന തരം കൊടി.


എല്ലാ മഹായാനങ്ങളും
കഴിഞ്ഞു കിതപ്പാറ്റാൻ
ഈ തണലിലേയ്ക്ക് വരൂ 
എന്നൊരു പിൻവിളിക്കൊടി 


ഉണ്ടെന്റെ കരൾപ്പുറത്തൊരു 
സങ്കടക്കൊടി 


മഴയായ മഴയും 
വെയിലായ വെയിലും
മഞ്ഞായ മഞ്ഞും നനഞ്ഞു 
കാറ്റായ കാറ്റിന്റെയൊക്കെയും
തോളത്തു കൈയ്യിട്ടു 
ചിരിച്ചേ കാക്കും കൊടി .


യാത്രകളൊടുങ്ങിയിട്ടല്ലേ  
കൊടി മടക്കാനെന്നു
മുനിയുന്നുണ്ട് മനം 
തിരയൊടുങ്ങാത്തീരം 
------------

Wednesday, 25 December 2013

Inertia of Rest (Rust) / നിശ്ചല ജഡത്വം

വീട് വിട്ടിറങ്ങുമ്പോൾ
കാറ്റ് വന്നെന്നെ എതിർത്തു പറയുന്നു
 പോക്കോ കൂട്ടിലേയ്ക്ക്‌
 ഇത് പുറം ലോകമാണ്
 ദയാരഹിത ലോകം

 വെയിൽ-
എന്റെ തന്നെ നിഴൽ-
നിന്റെയോ
 ഇനിയൊരായിരം പേരുടെയോ
രക്തമില്ലാത്ത മുഖങ്ങൾ-
ഒക്കെയും പാരാട്ടുന്നുണ്ട് 
എന്റെ വീടിന്റെ -
കൂടിന്റെ -
പുറം തോടിന്റെ-
 കാത്തു സൂക്ഷിപ്പിനെ

 ലോകം
എനിക്ക് കൂടിയുള്ളതാണെന്ന്
ഒരൊറ്റ പുൽക്കൊടി പോലും
 തലയാട്ടിത്തരുന്നില്ല

 ആമ
 സ്വന്തം തോടിനകത്തേയ്ക്കെന്ന പോലെ
 ഒരുൾ വലിയലാകുന്നു ഞാൻ
 പോ പുറം ലോകമേ
 എന്നൊരു വാതിൽ കൊട്ടിയടക്കൽ
------------------------

Thursday, 19 December 2013

Escape Velocity

( അതിന്റെ കാവ്യമലയാളം കിട്ടാഞ്ഞത് കൊണ്ട് മാത്രം ആംഗലേയ തലക്കെട്ടിൽ )

മെല്ലെ
വളരെ മെല്ലെ
ഒരു ഉറുമ്പ് അരിക്കുന്നയത്ര
സാവകാശത്തിൽ
നിന്നെ പ്രേമിക്കണമെന്നു
വിചാരിക്കുന്നുണ്ട് ഞാൻ.

എന്റെ തന്നെ ഗുരുത്വാകര്ഷണ
അപകർഷതയെ
അതിജീവിക്കുവാനുള്ള
പ്രവേഗം അതിനില്ലാത്തത് കൊണ്ടാവണം
അതൊരു വിചാരം മാത്രമായ്
നിലനിന്നേ പോകുന്നത്

അതിജീവനവും മന്ദഗതിയും
നന്നായി സന്ധി ചേരുന്ന
ഏതോ ഒരു നാൽക്കവലയിൽ വച്ചു
നിന്നെ ഞാൻ പ്രണയിക്കും , തീർച്ച.

ഒരു പൂവ് ഇതൾ വിടർത്തുന്നയത്രയും
വേഗതയിൽ ഒരു ചുംബനം കൊണ്ട്..
--------------

Uncertainty Principle

( അതിന്റെ കാവ്യമലയാളം കിട്ടാഞ്ഞത് കൊണ്ട് മാത്രം ആംഗലേയ തലക്കെട്ടിൽ )

ഒറ്റയ്ക്ക്
തലമാത്രം 
തലയുടെ തുമ്പ് മാത്രം 
വെളിപ്പെടുത്തി 
തുഴഞ്ഞു തുഴഞ്ഞു പോകുമ്പോഴും 
കുളമെന്ന
ഇളകാത്ത തിരശ്ശീലയിൽ
വരഞ്ഞിടുന്നുണ്ട് നീർക്കോലി
ഒരു വലിയ ഉടൽ സാധ്യത

പിറകിലേയ്ക്കെത്ര
ആഴത്തിലേക്കെത്ര
എത്രത്തോളം ഇത്ര
എന്നൊക്കെ ശങ്കിച്ചു ശങ്കിക്കാതെ..

ഒരു കുളത്തോളം
എന്ന സാധ്യതയെ
ഓളങ്ങളിലൂടെ
ചെറുതാക്കി
വലുതാക്കി..
-----------