ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

Saturday, 26 July 2014

ഒരിക്കൽ

ഒരിക്കൽ
ഒരു ഉറുമ്പുണ്ടായിരുന്നു
ഒരാറ് മുറിച്ചുകടക്കുമ്പോൾ
ഉറുമ്പിനു സംശയം തോന്നി
മുറിച്ചു കടക്കുന്നത് ആറു തന്നെയോ?
പോകുന്നത് മറുകരയിലേക്ക് തന്നെയോ?
കരയിൽ കാത്തിരിക്കുന്നത്
നല്ല കാര്യങ്ങൾ തന്നെയോ?
ഉറുമ്പ് ഒരു ഇലയിലായിരുന്നു
ആറു മുറിച്ചു കടക്കുന്നുണ്ടായിരുന്നത് .
ഇല, തീരത്തിൽ പന്തലിച്ചു നില്ക്കുന്ന
ഒരു ആലിലായിരുന്നു ഇത്രയും കാലം.
ആലിൻ തുമ്പിൽ നിന്ന് നോക്കുമ്പോഴൊക്കെ
മറുകരയിൽ ഇല
ഒരു പട്ടണം കാണാറുണ്ടായിരുന്നു
പട്ടണത്തിരക്ക് ഉറുമ്പിനെ
എങ്ങനെ കൈകാര്യം ചെയ്യുമോ എന്തോ
എന്ന് ഇലയ്ക്ക് സന്ദേഹം തോന്നി
എങ്കിലും ഇല ഉറുമ്പിനെ സമാധാനിപ്പിച്ചു
എന്നാലോ -
ഇലയും ഉറുമ്പും
മറുകര എത്തിയതേയില്ല
കാരണം
ഇടയ്ക്ക് വച്ചു
പുഴയെ കാണാതായി
ഉറുമ്പരിച്ച ഒരു ഇലയുടെ മൃതദേഹം
മണൽ വലിഞ്ഞ പുഴയുടെ മാറിൽ നിന്നും
നിങ്ങൾ കണ്ടെടുത്തേനേ.
വേണമെങ്കിൽ ഒരു ടിപ്പറിനടിയിൽ നിന്നും
ഉറുമ്പിന്റെ ജഡവും
അതിന്റെയൊന്നും ആവശ്യം വന്നില്ല നിങ്ങൾക്ക്
കഥ മുഴുവൻ കേൾക്കാതെ
അപ്പോഴേയ്ക്കും നിങ്ങളുടെ മകൾ
ഉറങ്ങിയത് കൊണ്ട്...!
-------------

Wednesday, 23 July 2014

...

ശ്വാസം കൊണ്ട് പണിതു നിങ്ങൾ 
ഒരു മുഴക്കോൽ 

നിങ്ങൾക്ക് ജീവിതത്തെ അളക്കണമായിരുന്നു 

അളന്നളന്നു പിറകിലേയ്ക്ക് മാറ്റി 
നിങ്ങൾ ജീവിതത്തെ ശ്വാസം കൊണ്ട് അളക്കുന്ന വിധം 
ഒരു പക്ഷെ മറ്റുള്ളവരിൽ 
അസൂയ ജനിപ്പിച്ചേക്കാം

ശരീരത്തിൽ നിന്നും വെളിയിലേക്കും
പിന്നെ ശരീരത്തിനുള്ളിലേയ്ക്കും
അയഞ്ഞ തുണി കണക്കെ
ശ്വാസത്തെ എടുത്തും പിൻവലിച്ചും
ചുറ്റുപാടിനും ഓളം തല്ലിച്ചും
നിങ്ങൾ ജീവിതത്തെ ജീവിക്കുന്ന വിധം
അത്രയ്ക്കും അസൂയാവഹം തന്നെ

വെള്ളം ഉള്ളിലേയ്ക്കെടുത്തു
പുറത്തേയ്ക്ക് തുപ്പി
വെള്ളം കൊണ്ട് ഓടുന്ന ഒരു കപ്പൽ പോലെ
വായുവിൻറെ സമുദ്രത്തിൽ
നിങ്ങളങ്ങനെ ...

ശ്വാസത്തിന്റെ വലിയൊരു നൂലിൽ കോർത്ത
ഒരു ശരീരമാവുന്നു
ഇപ്പോൾ നിങ്ങളുടെ ശരീരം

പ്രപഞ്ചം മൊത്തം
ഒരു ചുഴി എന്നാകിൽ
അത് നിങ്ങളുടെ ശരീരത്തിലേയ്ക്ക്
കേന്ദ്രിതം

നിങ്ങൾ ശ്വാസം കൊണ്ട് അളക്കുന്നത്
നിങ്ങളുടെ തന്നെ ജീവിതത്തെ മാത്രമല്ല
മൊത്തം പ്രപഞ്ചത്തെയാകുന്നു

ഒരുനാൾ
മൊത്തം ശ്വാസവും
ഉള്ളിലേയ്ക്ക് വലിച്ചെടുത്തു
നിങ്ങൾ ധ്യാനത്തിലായേക്കും

ചുഴി കറങ്ങിത്തിരിഞ്ഞു
പരന്നു നിരപ്പായ
ഒരു ജലോപരിതലം മാത്രമാവും
അന്ന് പ്രപഞ്ചം

ശ്വാസം കൊണ്ട് പണിതു നിങ്ങൾ
ഒരു മുഴക്കോൽ

നിങ്ങൾക്ക്
മരണത്തെയും അളക്കണമായിരുന്നു

ഒരുപക്ഷെ
നിങ്ങൾ പഠിക്കുകയാവും
ജീവിതത്തെ അളക്കുന്ന
ശ്വാസം പിൻവലിച്ചു കൊണ്ട്
മരണത്തെ അളക്കും വിധം

Thursday, 17 July 2014

തലമുറകള്‍ തമ്മിൽ എന്നും കലഹിച്ചു

തലമുറകള്‍ തമ്മിൽ എന്നും കലഹിച്ചു
അനുസരണക്കേടിൻെറയും
ആലോചനക്കുറവിൻെറയും ആഴമില്ലായ്മയുടേയും
ആരോപണങ്ങൾ എമ്പാടും
വാരി വിതറി
അന്യോന്യം വിരൽ ചൂണ്ടി
ചിരിച്ച് കരഞ്ഞ്
തലമുറകള്‍ തമ്മിൽ എന്നും കലഹിച്ചു
ചരിത്രം ഒഴുക്ക് തുടർന്നു.
ചിലപ്പോള്‍ മുന്നോട്ട്
ചിലപ്പോള്‍ വർത്തുളം
ചിലനേരങ്ങളിൽ പിറകിലേയ്ക്ക്
അവനവൻെറ ദിശയിലേയ്ക്ക്
മുഖം തിരിച്ച്
തലമുറകള്‍ തമ്മിൽ എന്നും കലഹിച്ചു
വെട്ടി വരച്ച പാത
നേരാണ് നേർവരയാണ്
എന്ന്
ഒാരോരുത്തരും ശഠിച്ചു
ചിന്തിയ രക്തമെല്ലായ്പ്പോഴും
ചുവടേയ്ക്ക് ചുവടേയ്ക്ക്
ചുവന്നു ചുവന്ന് ഒഴുകി
വേദനയ്ക്കു മാത്രം ഒരു
മാപിനി കണ്ടു പിടിയ്ക്കപ്പെട്ടതേയില്ല
സ്വന്തം വേദനകൾ
എത്രയും ഭീമാകാരമായി
കാഴ്ച്ചയെ മറച്ചു
ചരിത്രം എന്നത്
സഹനങ്ങളുടേതു മാത്രമെന്ന്
ആരും തിരിച്ചറിഞ്ഞതേയില്ല