ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

Saturday, 26 July 2014

ഒരിക്കൽ

ഒരിക്കൽ
ഒരു ഉറുമ്പുണ്ടായിരുന്നു
ഒരാറ് മുറിച്ചുകടക്കുമ്പോൾ
ഉറുമ്പിനു സംശയം തോന്നി
മുറിച്ചു കടക്കുന്നത് ആറു തന്നെയോ?
പോകുന്നത് മറുകരയിലേക്ക് തന്നെയോ?
കരയിൽ കാത്തിരിക്കുന്നത്
നല്ല കാര്യങ്ങൾ തന്നെയോ?
ഉറുമ്പ് ഒരു ഇലയിലായിരുന്നു
ആറു മുറിച്ചു കടക്കുന്നുണ്ടായിരുന്നത് .
ഇല, തീരത്തിൽ പന്തലിച്ചു നില്ക്കുന്ന
ഒരു ആലിലായിരുന്നു ഇത്രയും കാലം.
ആലിൻ തുമ്പിൽ നിന്ന് നോക്കുമ്പോഴൊക്കെ
മറുകരയിൽ ഇല
ഒരു പട്ടണം കാണാറുണ്ടായിരുന്നു
പട്ടണത്തിരക്ക് ഉറുമ്പിനെ
എങ്ങനെ കൈകാര്യം ചെയ്യുമോ എന്തോ
എന്ന് ഇലയ്ക്ക് സന്ദേഹം തോന്നി
എങ്കിലും ഇല ഉറുമ്പിനെ സമാധാനിപ്പിച്ചു
എന്നാലോ -
ഇലയും ഉറുമ്പും
മറുകര എത്തിയതേയില്ല
കാരണം
ഇടയ്ക്ക് വച്ചു
പുഴയെ കാണാതായി
ഉറുമ്പരിച്ച ഒരു ഇലയുടെ മൃതദേഹം
മണൽ വലിഞ്ഞ പുഴയുടെ മാറിൽ നിന്നും
നിങ്ങൾ കണ്ടെടുത്തേനേ.
വേണമെങ്കിൽ ഒരു ടിപ്പറിനടിയിൽ നിന്നും
ഉറുമ്പിന്റെ ജഡവും
അതിന്റെയൊന്നും ആവശ്യം വന്നില്ല നിങ്ങൾക്ക്
കഥ മുഴുവൻ കേൾക്കാതെ
അപ്പോഴേയ്ക്കും നിങ്ങളുടെ മകൾ
ഉറങ്ങിയത് കൊണ്ട്...!
-------------

2 comments:

  1. ഉറങ്ങുകയാണ് മക്കള്‍

    ReplyDelete
  2. ഇന്ന് ഒരുപാട് ബ്ലോഗുകള്‍ വായിക്കുകയുണ്ടായി. എന്‍റെ ആസ്വാദനത്തിന്‍റെ തകരാറോ എന്തോ - ഒന്നിലും അഭിപ്രായം എഴുതാന്‍ മനസ്സു വന്നില്ല. അപ്പോളാണ് ഈ ഉറുമ്പിന്‍റെ കഥ.

    സുഹൃത്തേ, ഇനിയും എഴുതുമല്ലോ.. വായിക്കാന്‍ ഞാന്‍ ഇടയ്ക്കിടെ വരാം.

    ReplyDelete