ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

Wednesday, 23 July 2014

...

ശ്വാസം കൊണ്ട് പണിതു നിങ്ങൾ 
ഒരു മുഴക്കോൽ 

നിങ്ങൾക്ക് ജീവിതത്തെ അളക്കണമായിരുന്നു 

അളന്നളന്നു പിറകിലേയ്ക്ക് മാറ്റി 
നിങ്ങൾ ജീവിതത്തെ ശ്വാസം കൊണ്ട് അളക്കുന്ന വിധം 
ഒരു പക്ഷെ മറ്റുള്ളവരിൽ 
അസൂയ ജനിപ്പിച്ചേക്കാം

ശരീരത്തിൽ നിന്നും വെളിയിലേക്കും
പിന്നെ ശരീരത്തിനുള്ളിലേയ്ക്കും
അയഞ്ഞ തുണി കണക്കെ
ശ്വാസത്തെ എടുത്തും പിൻവലിച്ചും
ചുറ്റുപാടിനും ഓളം തല്ലിച്ചും
നിങ്ങൾ ജീവിതത്തെ ജീവിക്കുന്ന വിധം
അത്രയ്ക്കും അസൂയാവഹം തന്നെ

വെള്ളം ഉള്ളിലേയ്ക്കെടുത്തു
പുറത്തേയ്ക്ക് തുപ്പി
വെള്ളം കൊണ്ട് ഓടുന്ന ഒരു കപ്പൽ പോലെ
വായുവിൻറെ സമുദ്രത്തിൽ
നിങ്ങളങ്ങനെ ...

ശ്വാസത്തിന്റെ വലിയൊരു നൂലിൽ കോർത്ത
ഒരു ശരീരമാവുന്നു
ഇപ്പോൾ നിങ്ങളുടെ ശരീരം

പ്രപഞ്ചം മൊത്തം
ഒരു ചുഴി എന്നാകിൽ
അത് നിങ്ങളുടെ ശരീരത്തിലേയ്ക്ക്
കേന്ദ്രിതം

നിങ്ങൾ ശ്വാസം കൊണ്ട് അളക്കുന്നത്
നിങ്ങളുടെ തന്നെ ജീവിതത്തെ മാത്രമല്ല
മൊത്തം പ്രപഞ്ചത്തെയാകുന്നു

ഒരുനാൾ
മൊത്തം ശ്വാസവും
ഉള്ളിലേയ്ക്ക് വലിച്ചെടുത്തു
നിങ്ങൾ ധ്യാനത്തിലായേക്കും

ചുഴി കറങ്ങിത്തിരിഞ്ഞു
പരന്നു നിരപ്പായ
ഒരു ജലോപരിതലം മാത്രമാവും
അന്ന് പ്രപഞ്ചം

ശ്വാസം കൊണ്ട് പണിതു നിങ്ങൾ
ഒരു മുഴക്കോൽ

നിങ്ങൾക്ക്
മരണത്തെയും അളക്കണമായിരുന്നു

ഒരുപക്ഷെ
നിങ്ങൾ പഠിക്കുകയാവും
ജീവിതത്തെ അളക്കുന്ന
ശ്വാസം പിൻവലിച്ചു കൊണ്ട്
മരണത്തെ അളക്കും വിധം

2 comments: