ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

Thursday, 26 August 2010

പകല്‍

പതിവ് പോലെ
ഇന്നും
രാവിലെ
മുറ്റത്തെ
നടക്കല്ലില്‍ തല വച്ച്
എന്നെ കാത്തു കിടപ്പുണ്ടായിരുന്നു

ആദ്യ ചവിട്ടില്‍ തന്നെ
വിഷം ചീറ്റി ആഞ്ഞു കൊത്താന്‍

Monday, 16 August 2010

പ്രണയ സംവാദം

വെയില്‍

ഒന്ന് ചുംബിച്ച തല്ലെയുള്ളൂ?
അപ്പോഴേയ്ക്കും പൊട്ടി ത്തെറിച്ചത് എന്തിനായിരുന്നു?
സാരമില്ല.
എന്റെ പ്രണയം താങ്ങാന്‍ മാത്രം
കരുത്ത് നിനക്കായിട്ടില്ല എന്ന്
സമാധാനിച്ചോളാം!

ബലൂണ്‍

പൊട്ടി ച്ചെറുതായതല്ല
ഞാന്‍ ചിരിച്ചു വലുതായതല്ലേ?

Friday, 13 August 2010

പൂരപ്പറമ്പ്

പൊടുന്നനെയാണ്
പാറുക്കുട്ടിയുടെ ഒക്കത്തിരിക്കുന്ന
ഉണ്ണിക്കുട്ടനെ കൊമ്പന്‍
തുമ്പി കൊണ്ട് ചുഴറ്റി എടുത്തത്!!

ജനം നാലുപാടും ചിതറിയോടി
പാറുക്കുട്ടി മാത്രം ഇടഞ്ഞ
കൊമ്പന്റെ മുന്‍പില്‍
നെഞ്ച് തല്ലി നിലവിളിച്ചു..

എന്റെ ഉണ്ണിയെ തിരികെ ത്താ..

അന്നേരം
ശ്രവണ പരിധിക്കും മേലെ
കൊമ്പനും നിലവിളിച്ചു

നിങ്ങളെന്റെ കാടിനെ
തിരിച്ചു താ...

Monday, 9 August 2010

തടാകം


നിനക്കറിയില്ല
എനിക്ക്
നിന്നോടുള്ള
പ്രണയത്തെ
അണകെട്ടി നിര്‍ത്തുന്നതിന്റെ
വേദന.

തള്ളിത്തള്ളി
ചിറ പൊട്ടി
താഴ്വാര ശൂന്യതയിലേക്ക്
നീ മറഞ്ഞേ പോകുമെന്ന്
ഞാന്‍ ഭയക്കുന്നു.

എങ്കിലും

നീ
എന്റെ വേദന വടുക്കെട്ടിയ
ചിറയ്ക്ക് മുകളിലൂടെ
എന്തൊരു ശാന്തത എന്ന
കൌതുക ക്ക ണ്ണ്‍കളുമായി
ദൂരദര്‍ശിനി നോട്ടവുമായി
നടന്നു കൊണ്ടേയിരിക്കുക

നീ അറിയണ്ട
ഈ തടാകത്തിന്റെ
വീര്‍പ്പുമുട്ടലും
വേദനയും

പ്രണയം അങ്ങനെ പലതുമാണല്ലോ!

Tuesday, 3 August 2010

പ്രണയം

ആദ്യമാദ്യം
ചിറകുറച്ച പറവ പോലെ
ഉന്മാദം വ്യഗ്രം

പീലിതെളിഞ്ഞ മയില് പോലെ
അഹങ്കാരം ലാസ്യം


പിന്നെപ്പിന്നെ


നിലാവ് വറ്റിപ്പോയ രാത്രി മുറ്റത്തു
ജാരനെ പോലെ
നിശ്ശബ്ദം വ്യാകുലം

പാമ്പ് പിറകിലുപേക്ഷിച്ച
ഉറ പോലെ
ശൂന്യം ഭീതിദം

Sunday, 1 August 2010

സൗഹൃദം


ഉറ്റ മിത്രം രാത്രിവണ്ടിക്ക് തല വയ്ക്കുമ്പോള്‍
സുരത ശ്രുംഗത്തില്‍ ആയിരുന്നിരിക്കണം ഞാന്‍

ഒറ്റ രാത്രി കൊണ്ട് ഉടലും തലയും വേര്‍പെട്ടു പോയി
ഞങ്ങളുടെ സൗഹൃദം