----------------------------------------------------------------------------------------------
സകല സന്തുബന്ധുമിത്ര ജനങ്ങൾക്കും നടുവിൽ
ആദരണീയ ശവമായി
ചത്തു കിടക്കാൻ നിങ്ങൾക്കും കാണും മോഹം.
ചാവാൻ ആർക്കാണ് മോഹം
എന്ന് കെറുവിക്കാൻ വരട്ടെ സുഹൃത്തേ
അതത്ര വലിയ വിപ്ലവമൊന്നുമല്ല
അങ്ങനെ ഒരു മോഹം, ചിന്ത .
സകല മനുഷ്യരും ഉള്ളിന്റെ ഉള്ളിൽ
കൊണ്ട് നടക്കുന്ന ഒരു സാമാന്യ ചിന്ത മാത്രമാണത്
ഭാര്യ,
മക്കൾ
ബന്ധുക്കൾ
അനുചരന്മാർ
അയൽപക്കങ്ങൾ
സഹപ്രവർത്തകർ
അഭ്യുദയ കാംക്ഷികൾ
എല്ലാവരെയും പൊടുന്നനെ ഒരു
മരണവാർത്തയിൽ പ്രതിമകളാക്കി
ഓ ജീവിതമോ
അതൊക്കെ എനിക്ക് വെറും പുല്ലാ, പുല്ല്
എന്നിങ്ങനെ ഒരു ഋഷി തുല്യ നിസ്സംഗത
മുഖത്തു പിടിപ്പിച്ചു
എല്ലാർക്കും മുൻപിൽ ഒരു ശവമായി
കിടക്കുന്നതിലെ ആനന്ദം
ആർക്കാണ് പറഞ്ഞാൽ മനസ്സിലാവാത്തത് ?
ഇന്നലെ വരെ ചിരിച്ചു കളിച്ചു നടന്ന ആളാണ്
ദാ ഇത്തിരി മുൻപ് കൂടി
എന്നൊക്കെയുള്ള പതം പറച്ചിലുകൾക്ക് നടുവിൽ
പറഞ്ഞു കൊണ്ടേയിരിക്കുന്ന
ഉദ്വേഗജനകമായ കഥയ്ക്ക്
പൊടുന്നനെ വിരാമിമിട്ട്
മനോഹരമായ ഒരു സംഗീതം
അതിന്റെ ഉച്ചസ്ഥായിയിൽ കൊരുത്തിട്ട്
കേൾക്കാനും കാണാനും സുഖമുള്ള
മരണം ആർക്കാണ് ഇഷ്ടമില്ലാത്തത്?
അത് മരണമാണെങ്കിൽപ്പോലും ?
എന്തായാലും ഒരിക്കൽ
എല്ലാവരും മരിക്കും
എന്നൊക്കെയുള്ള സാമാന്യ വൽക്കരണം
ചിന്തിക്കുകയോ പറയുകയോ
മറ്റാരിൽ നിന്നെങ്കിലും കേൾക്കുകയോ
ചെയ്യുന്ന സമയങ്ങളിൽ
നമ്മൾ ഓരോരുത്തരും
ഉദാരതയോടെ
ഒടുക്കത്തെ ഒരു ധൈര്യം എന്ന
ആത്മ പ്രശംസയോടെ
അടക്കിപ്പിടിച്ച ഭീതിയോടെ
വരച്ചിടുന്ന
സ്വന്തം മരണ ചിത്രം
ഇങ്ങനെയൊക്കെ തന്നെയല്ലേ?
കെറുവിക്കാൻ വരട്ടെ സുഹൃത്തേ
ഇതൊന്നും അത്ര വലിയ
വിപ്ലവകരമായ
വഴിവിട്ട
ഭയപ്പെടുത്തുന്ന സംഗതിയോ
ചിന്തകളോ ഒന്നുമല്ല
അല്ലെങ്കിൽ തന്നെ ഓർത്ത് നോക്കൂ
ഒരാളും
ഒരാളു പോലും ഓർത്ത് കരയാനോ
നെഞ്ചത്തടിക്കാനോ
വിലപിക്കാനോ ഇല്ലാതിരിക്കുമ്പോഴും
ജീവിക്കാനുള്ള ചിലരുടെ ത്വരയുണ്ടല്ലോ
വാശി എന്നോ
ഭ്രാന്ത് എന്നോ
ഉന്മാദമെന്നൊ ഒക്കെ പറഞ്ഞോളൂ അതിനെ
അതിന്റെയൊക്കെ മുന്നിൽ
ഇത്തരം നിസ്സാരകാര്യങ്ങളെ, ചിന്തകളെ,
ഞെട്ടലോടെ തടയിടാൻ മാത്രം
വിഡ്ഢിയാണോ നിങ്ങൾ?
--------------
ചത്തുകഴിഞ്ഞാല്‍ ഒരിക്കലെങ്കിലും തിരികെ വന്ന് എല്ലാവരേയും ഒന്ന് കാണണമെന്നാണെന്റെ മോഹം
ReplyDeleteഭാരതഖണ്ഡത്തിൽപ്പിറന്നൊരു മാനുഷർക്കും, കലിക്കും നമസ്ക്കാരം.....
ReplyDeleteഭക്തകവി പൂന്താനം ഇങ്ങനെ പാടിയിരിക്കുന്നു. നമസ്ക്കാരത്തിനർഹമെങ്കിൽ, നമ്മുടെയൊക്കെ ഈ ജീവിതത്തിന് എന്തോ ഒരു പ്രധാന്യമുണ്ടെന്ന് തോന്നുന്നു.
മരണം വരുമ്പോ വരട്ടെ.അതുവരെ ഞാനീ ജിവിതത്തെ പ്രണയപൂർവ്വം, ഗാഢം പുണരുന്നു.
വളരെ നല്ലൊരു കവിത
ശുഭാശംസകൾ.....