ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

Thursday, 30 January 2014

കാഴ്ച


------------

ഒറ്റയ്ക്ക് ഒരു ജലാശയത്തിനെ അഭിമുഖീകരിക്കുക എന്നത്
ഒരുപക്ഷെ ഒരു വലിയ കാര്യമല്ലായിരിക്കാം, നിങ്ങൾക്ക്
ഇത് വരെ

കാറ്റ് കൊള്ളാനോ
സമയം കൊല്ലാനോ
വരാമെന്നേറ്റ ഇണയെ കാത്തിരിക്കാനോ
അങ്ങനെ എന്തുമാവാം
നിങ്ങൾ അപ്പോൾ അഭിമുഖീകരിക്കുന്ന കാര്യം

അല്ലാതെ ജലാശയമല്ല

എന്നാൽ
വാസ്തവത്തിൽ അത് അങ്ങനെയല്ല

ഒറ്റയ്ക്ക്
മറ്റാരും
മറ്റൊന്നും
വരാനോ കാക്കാനോ ഇല്ലാതെ
ഒരു ജലാശയത്തെ മാത്രം അഭിമുഖീകരിക്കുമ്പോൾ

അപ്പോഴാണ്‌
ഒരു ജലാശയം നിങ്ങളോട്
സംവദിച്ചു തുടങ്ങുക

ജലമർമരങ്ങളിൽ -
ദിശ ഏതെന്നു ഒളിച്ചു വച്ച
കിളി കൂജനങ്ങളിൽ-
അടിത്തട്ടിലെ നേർത്ത നിശ്വാസങ്ങളിൽ-
കരയും ജലവും തമ്മിലുള്ള
രഹസ്യച്ചിരികളിൽ-
പരപ്പിൽ -
ആഴങ്ങളിൽ-

ഒക്കെയും
ഒരു സങ്കോചവുമില്ലാതെ
നിങ്ങളുടെ സാന്നിധ്യം കൂടെ
അത് ആവശ്യപ്പെടുന്നത് തിരിച്ചറിയുമ്പോൾ -
അപ്പോൾ മാത്രം
നിങ്ങൾ
പുതിയൊരു ഇന്ദ്രിയം തുറന്നു കിട്ടിയ
വിവശതയിൽ
അലിഞ്ഞു പോകും

ഒറ്റയ്ക്ക് ഒരു ജലാശയത്തിനു മുഖാമുഖം

കുളം
കായൽ
തടാകം
കടൽ
മലർന്നു കിടന്നാൽ
ആഴ്ന്നാഴ്ന്നു പോകുന്ന
രാത്രിയാകാശം
ഏതുമാകട്ടെ

നിങ്ങൾ കൂടെ ഉൾപ്പെടുന്ന
ഒരു ആവാസ വ്യവസ്ഥ

ഒറ്റയ്ക്ക് എന്ന തോന്നൽ തന്നെ
അപ്രസക്തമാവുന്ന
അത്രയ്ക്കും ഒറ്റയ്ക്ക്...

അപ്പോൾ മാത്രമാണ്
ഒറ്റ
ഇണ
പ്രണയം
സംഘം
സമൂഹം
ചരിത്രം
പ്രപഞ്ചം
ഇവയത്രയും
അതിന്റെ പൂര്ണ്ണമായ രൂപത്തിൽ
നിങ്ങൾക്ക് മുൻപിൽ
വരി നില്ക്കുക

ഒറ്റയ്ക്ക്
ഒരു പാട് പേരെ
അഭിമുഖീകരിക്കുന്നതിലെ
നേരമ്പോക്ക്
അപ്പോൾ മാത്രമാണ്
നിങ്ങൾ തിരിച്ചറിയുക .
---------

ഒരു പാരസ്ഥിതിക പ്രണയം

പതുക്കെപ്പതുക്കെ ആരാലും ശ്രദ്ധിക്കപ്പെടാതെ പ്രകൃതി സ്നേഹീസംഘടനകളുടെ കാഴ്ചയിൽ പെടാതെ ഒരു കുളം തൂർക്കപ്പെടുന്നത് ഒരുപക്ഷെ നിങ്ങളാരും കണ്ടിരിക്കാൻ ഇടയില്ല

പക്ഷെ ഞാൻ കാണുന്നുണ്ട്. ഞങ്ങൾ കാണുന്നുണ്ടോ എന്ന് പറക വയ്യ . ഞങ്ങൾ കിഴിക്കണം ഞാൻ എന്ന ഗണിതത്തിന്റെ ഉത്തരം ഇപ്പോൾ എവിടെയാണോ എന്തോ ?

അന്ന് പക്ഷെ ഈ ഞങ്ങൾ വൈകുന്നേരക്കുളി കുളിക്കാൻ തനിച്ച് (രണ്ടു പേരും... തനിച്ച്..! )വരാറുള്ള കുളം ഒരു സാധാരണ കുളം തന്നെ . വൈകുന്നേരം വരെ വെയിൽ കുടിച്ച് വിയർപ്പ് വീശി വീശിയാറ്റി ഓ വേനലേ നീയെന്റെ പരിപ്പിളക്കുമല്ലോ എന്ന് ചുടു ശ്വാസം വിട്ട് , കുളക്കടവ് ഒഴികെ മറ്റെല്ലായിടത്തും ചേറിന്റെ ബോഡറിട്ട സുന്ദരിക്കുളം

ഞങ്ങൾക്ക് മറ പിടിച്ചു ചുറ്റിനും പൊന്തക്കാടുകൾ പരത്തിപ്പിടിച്ചു നില്ക്കുന്ന വരമ്പ് , കുളത്തിലേയ്ക്ക് തലനീട്ടുന്ന വരമ്പിന്റെ ചുവപ്പ് , അലക്കുകല്ലിന്റെ അരികുകളിലെ വഴുവഴുപ്പ് പച്ച, ദൂരദൂരങ്ങളിൽ തലയാട്ടുന്ന തെങ്ങ് പന പുളി മരങ്ങൾ. എല്ലാമെല്ലാം സാധാരണം

അവിടേയ്ക്കു തുടക്കത്തിൽ എത്രയും സാധാരണത്വത്തോടെ
കുളിക്കാനായി വന്നിരുന്നു ഞങ്ങൾ

പക്ഷെ എന്നോ ഒരു ദിവസം സാധാരണത്വം കിട്ടാതെ പോയി.
അന്ന് മുതലായിരിക്കണം ഞങ്ങൾ പ്രണയികൾ എന്ന് ഞങ്ങൾ തിരിച്ചറിഞ്ഞത്.

അന്ന് മുതൽ സാധാരണ നോട്ടം പ്രണയഭാരത്താൽ കുമിഞ്ഞു പോയി . സാധാരണ ചിരി മോഹം ഉണക്കാനിട്ട ഭാരിച്ച അയ പോലെ വക്രിച്ചു. സാധാരണ സംസാരം കനത്ത ചിന്തയുടെ കല്ലുകളാൽ കാൽ തട്ടി വ്രണപ്പെടുന്ന കാട്ടു വഴിയാത്ര പോലെ ദുഷ്ക്കരമായി .

പ്രണയമേ പ്രണയമേ നീ അനുധാവനം ചെയ്ത അന്നുമുതൽ
ഞങ്ങളുടെ സ്വച്ഛ വഴിവരമ്പ് ഇടിഞ്ഞു പോയി.

ഓരോ പുല്ലിലും കണ്‍ത്തിളക്കം കണ്ട് ഞങ്ങൾ ഞങ്ങളെ നോക്കാതെ ആയി

പ്രണയമെന്നാൽ ഭീതിയുടെ പര്യായമെന്ന് എഞ്ചുവടിത്താളുകൾ മറിച്ചു മറിച്ച് ഞങ്ങൾ കരഞ്ഞു കണ്ടെത്തി

എന്നിട്ടും ഭയം, ആകാംക്ഷ, നെഞ്ചിടിപ്പ് ഇത്യാദി അകമ്പടികളോടെയെങ്കിലും തണുപ്പ്, രോമാഞ്ചം തിളപ്പ് തീവ്രത എന്നിവകളെ പരിചയപ്പെട്ടു

കണ്ടു കാമപ്പെട്ട് , ഒന്നോ രണ്ടോ അടി അകലങ്ങളിൽ അടുത്ത്,
അന്നത്തെ ആ അകലമില്ലായ്മ ഇന്ന് എന്തൊരകലം എന്ന് അന്നേ കൗതുകപ്പെട്ട് , ഇന്നത്തെ കുളം തൂർക്കലിന്റെ പാരസ്ഥിതിക പ്രശ്നം ചർച്ച ചെയ്ത് , ഞങ്ങൾ പ്രണയിച്ചു

അന്ന് പ്രണയിക്കൽ അങ്ങനെയൊക്കെ ആയിരുന്നു എന്ന് ഇവ്വിധം വർഷങ്ങൾ കഴിഞ്ഞു സ്റ്റാറ്റസ് ഇടാമെന്ന ധാരണയിൽ പിരിഞ്ഞു .

ഇപ്പോഴോ- തൂർന്ന കുളമേ എന്ന് കണ്ണീരൊഴുക്കാൻ ഒരു തൂർന്ന പടവുമെടുത്തു നിൽക്കുമ്പോൾ ഞാൻ കിഴിക്കണം ഞങ്ങൾ എന്ന ഗണിതത്തിന്റെ ഉത്തരമേ, നീ ഇഷ്ടം കൊത്താൻ വരുമോ ഇല്ലയോ എന്ന് അസാധാരണമാം വിധം ഞാനെന്തേ ആശങ്കപ്പെടുന്നൂ?
------------

Tuesday, 28 January 2014

ചില കാല ചിന്തകൾ


-----------------------------

അപ്പുറത്ത് പൂത്തു നില്ക്കുന്നുണ്ട് വെയിൽ
പാട വരമ്പ് കൊണിഞ്ഞു കൊണിഞ്ഞു പോകുന്നുണ്ട്
പച്ച അലകളാൽ കാറ്റ് രോമാഞ്ചം വിതറി വീശുന്നുണ്ട്
ഇരുപുറവും പുല്ലിന്റെ കനത്ത ബോഡറിട്ട
മണ്‍ ഞരമ്പിലൂടെ അരിച്ചരിച്ചു പോകുന്നുണ്ട്
ഒരു അരയന്നപ്പതിനാറുകാരി

( ധാവണിയാണ് വേഷം
പാൽപ്പാത്രമാണ് കയ്യിൽ
എന്നിങ്ങനെയുള്ള  വിശേഷണങ്ങൾ
കാലത്തിനെ എഴുപത് എണ്‍പത് റേഞ്ചിലേയ്ക്ക്
നാടുകടത്തും എന്നതിനാൽ ഒഴിവാക്കുന്നു )

എന്ന് ബ്രാക്കറ്റിൽ വിചാരിക്കുന്നു എങ്കിലും
തുറന്നിട്ട ജാലകം
ഓടിന്റെ മേലതിരുകളിട്ട കാഴ്ച്ചയുടെ ഫ്രെയിം
മുൾവേലി
ചെമ്പരത്തിക്കാട് എന്നിവ
കൊണ്ടെത്തരുന്നുണ്ട്
അതേ കാലത്തിന്റെ കയ്യൊപ്പ്

എഴുപതെണ്‍പതുകളേ
നിങ്ങൾ ഒരിക്കലും മൂടി വയ്ക്കാനാവാത്ത
മുറിവുകളാകുന്നു

എന്റെ -
പലരുടെ-
---------

Sunday, 26 January 2014

രാത്രിയിൽ


-
-
-
നക്ഷത്രങ്ങൾ മുഖം നോക്കുന്നു
മലർത്തി വച്ച രാക്കുളത്തിൽ

മീനുകൾ കളഞ്ഞു പോയ മൂക്കുത്തി തേടുന്നു
മേലെയുള്ള നിലാക്കുളത്തിൽ
-
-
-
പൊടിച്ചിടുന്നുണ്ട് നേർത്ത ഭസ്മം
നിലാവ്
മഴവെള്ള മിനുപ്പിലേയ്ക്ക്
-
-
-
കുടശ്ശീലയിൽ
നാമം ജപിക്കുന്നുണ്ട്
മഴ
-
-

Saturday, 25 January 2014

ജീവചരിത്രം


കൊത്തിക്കൊത്തി അരിഞ്ഞിടുന്നുണ്ട്
കാലം , നമ്മെ ഉപ്പേരിക്കഷ്ണം കണക്കിനേ.

കുറയുന്നുണ്ട് പലതും , ഒപ്പം കൂടുന്നുണ്ട് ചിലതും
വേവുന്നുണ്ട് , വെറുങ്ങലി ക്കുന്നുണ്ട്
എരിയുകയും അണയുകയും ചെയ്യുന്നുണ്ട് സമാസമം

ഇലയിൽ വിളമ്പുമ്പോൾ ഉലർന്നു കിടക്കണം
ചരിത്രമേ, ഭാവനയേ, നുണയേ,
എന്ന് മാറി മാറി ചികഞ്ഞു നോക്കുമ്പോൾ
ചില്ലിട്ട ചിരിയുമായി ചുവരിൽ തൂങ്ങി നില്ക്കണം
---------------

Monday, 20 January 2014

കനം


-------

ഒറ്റയ്ക്ക്
ഒരു മുറിയിൽ മരിച്ചു കിടക്കുന്ന ശവമേ
നിനക്ക് പറയാനുള്ള ഭൂതകാലത്തിന്
എന്തൊരു കനമാണ്.

നിന്നെക്കാണാൻ വന്നവർ
ചുറ്റി നടന്ന് ഒരു മ്യൂസിയം കാണുന്നു

തുറന്നു കിടക്കുന്ന ജാലകം
അല്ലെങ്കിൽ പകുതി കൊളുത്തിട്ട വാതിൽ
കറങ്ങിക്കൊണ്ടേയിരിക്കുന്ന പങ്ക
പകുതി ഊർന്നു വീണു കിടക്കുന്ന
കിടക്ക വിരി
ചെരിഞ്ഞു കിടക്കുന്ന കുപ്പി
ഒലിച്ചു തീർന്ന കുടിവെള്ളം

പിടിവലികൾ നടന്നോ
ഇല്ലയോ എന്ന ഗൂഡത മണക്കുന്ന
വായു

ജനലിനപ്പുറം തൊടിയിൽ
ഇന്നലെയോ മിനിഞ്ഞാന്നോ
നീ മണ്ണ് കൂട്ടിയ വാഴത്തടം

പ്രകൃതിയേ  ജീവനേ
എന്ന് നീ പടർത്തി വിട്ട കുമ്പള വള്ളികൾ

ശവമേ
നിന്നെക്കാണാൻ വന്നവർ
ചുറ്റി നടന്ന് ഒരു മ്യൂസിയം കാണുന്നു

നിന്റെ മുഖത്ത്
ഉറഞ്ഞു നില്ക്കുന്ന
അവസാന നിമിഷം വായിക്കുന്നു

ഒരു നീണ്ട
സംഭവ ബഹുലമായ ജന്മത്തിനും
അജ്ഞാതമായ ഏതോ സമയ-സ്ഥല ക്രമത്തിനും
ഇടയിലെ കടുംവരമ്പായി
നീയപ്പോഴും
നെടുനീളം കിടക്കുന്നു.

കടന്നു പോയ ഓരോ നിമിഷത്തിനെയും
ചെയ്തികളേയും
മരണമെന്ന ലായനിയിലിട്ട്
നീറ്റി നിശ്ചലമാക്കി
നീ, യീ മുറിയൊരു
മ്യൂസിയമാക്കി
ഗൂഡഗൂഡം കിടക്കുന്നു

ശവമേ
അപ്പോഴും
നിന്നെക്കാണാൻ വന്നവർ
ചുറ്റി നടന്ന്
ഒരിക്കലും തീരാത്തതെന്നു തോന്നിക്കുന്ന
ഒരു മ്യൂസിയം കാണുന്നു
----------------

Sunday, 19 January 2014

പ്രണയം ഒരു ഇന്ദ്രിയമാണ്


അത് എന്നിൽ ഉടലെടുക്കും മുന്പ്
അറിഞ്ഞിരുന്നില്ല ഞാൻ ഒരു പാട് കാര്യങ്ങൾ

ഒരു കുരുടനോട്‌
നിറങ്ങളെപ്പറ്റി പറയുന്നത് പോലെ
നിങ്ങൾ എന്നോട്
നിലാവിനെപ്പറ്റി പറഞ്ഞു
ചെവിയില്ലാത്തവനോട്
സംഗീതത്തെപ്പറ്റി എന്ന പോലെ
നിങ്ങൾ എന്നോട്
കുളിരിനെപ്പറ്റി പറഞ്ഞു

തൊടാനോ മണക്കാനോ രുചിക്കാനോ
പറ്റാത്ത ചില കാര്യങ്ങൾ ഉണ്ട്
കാണാനോ കേൾക്കാനോ പറ്റാത്തവ

കാറ്റു ചൂഴുന്നത് -
പ്രണയ വിരലുകൾ കൊണ്ട് സന്ദേശം തരുന്നത് -
നിലാവ് ദൂരദൂരം താണ്ടി
എന്നിലേയ്ക്ക് പുഞ്ചിരി എത്തിക്കുന്നത് -
രാത്രി നിശ്ശബ്ദത
മഞ്ഞിനും കുളിരിനും ഒപ്പം
ഇഴപേർത്തെടുക്കാനാവാത്ത വിധം
ഒരു നിശ്വാസം കോർത്തിടുന്നത് -
ഒക്കെയും
സ്പര്ശം കൊണ്ടോ
കണ്ണ് കൊണ്ടോ
കാതു കൊണ്ടോ മാത്രം അല്ലാതെ
പ്രണയം കൊണ്ടെനിക്ക് ഉലർത്തിയെടുക്കാനാവുന്നുണ്ട്

കൂടണയുന്ന കിളികൾ
പങ്കു വയ്ക്കുന്നത്
വേവലാതികൾ അല്ല
കൂട്ടിനകത്തെ സ്വകാര്യ സമയങ്ങളെ
കൊത്തിപ്പെറുക്കി കൗതുകപ്പെടുകയാണ്

ഒരു നായ
വഴിയോരങ്ങളിൽ വിസ്മയിച്ചു നില്ക്കുന്നത്
കാഴ്ചകളുടെ ബാഹുല്യം കൊണ്ടാവില്ല
ഒരു പൂച്ച പച്ച വേലിപ്പടർപ്പിനരികെ
അന്തിച്ചിരിക്കുന്നത്
ചിന്താഭാരം കൊണ്ടുമാവില്ല
രാത്രിയുടെ നീലത്തിരശ്ശീലയിൽ
മിന്നാമിനുങ്ങുകൾ തുന്നൽപ്പണികൾ ചെയ്യുന്നത്
ഒരു വർണ്ണ ചിത്രവും വരയ്ക്കാനല്ല
പ്രണയമെന്ന ഇന്ദ്രിയം ഇല്ലാത്തതിനു മുന്പ്
എനിക്കിതൊന്നും അറിയുകയേ ഇല്ലായിരുന്നു

ശ്വസിക്കാൻ മാത്രമായിരുന്നു മൂക്ക് എങ്കിൽ
മണം ഒരു സങ്കല്പം ആവുന്നത് പോലെ
സംഭാഷണത്തിൽ ഒതുങ്ങുന്ന നാവിന്
രുചി ഒരു മിത്ത് ആവുന്നത് പോലെ

എന്തൊക്കെയോ എന്തൊക്കെയോ
നഷ്ടപ്പെടുമായിരുന്നു

എനിക്ക്
നിനക്ക്
ഓരോരുത്തർക്കും
--------

തടവ്‌


അതിര് കാക്കുന്ന പട്ടാളക്കാരനോട്
കിളി ചോദിച്ചു :
പറന്നോട്ടെ ഈ മുൾ വേലി താണ്ടി?

പട്ടാളക്കാരൻ കിളിയോട് പറഞ്ഞു :
എത്ര വേണമെങ്കിലും പറന്നോ
നിന്റെ വിശപ്പാണ് നിനക്ക് സ്വാതന്ത്ര്യം .
എന്റെ വിശപ്പിന്റെ
തടവിലാണ് ഞാൻ .
----------

Saturday, 18 January 2014

ശ്രദ്ധ

ആരും ശ്രദ്ധിക്കുന്നില്ല
എന്നൊരു പൂവ് പരാതി പറയുന്നു

ആരാരെയൊക്കെ ശ്രദ്ധിക്കണം
എന്ന വെപ്രാളവണ്ടിനോട്‌
----------------

Friday, 17 January 2014

എപ്പോഴും

എപ്പോഴും
ഉറയൂരി വലിച്ചെറിയുന്നുണ്ട്
സത്യം 
വാളു പോലൊരു മൂർച്ച

പതുപതുത്ത 
പട്ടിനാൽ
പൊതിഞ്ഞു കാത്തുവയ്ക്കുന്നുണ്ട്
നുണ 
അണലിക്കുഞ്ഞിനെപ്പോലൊരു 
പിളർന്ന നാവ്

Wednesday, 15 January 2014

സമയം ഒരു കവിത മൂളുന്നു

അങ്ങനെ ഇരിക്കെ നിങ്ങൾക്കൊരു വരം കിട്ടി. സ്ഥല - സമയ നീരൊഴുക്കിൽ തിരിച്ചു നീന്താനുള്ള വരം.

സ്ഥലത്തിന് മീതെയുള്ള ഈ സമയത്തിന്റെ നീരൊഴുക്കുണ്ടല്ലോ അത് രസകരമാണ്.   ഒരേ ദിശയിലേക്ക് മാത്രം നമ്മളും അതിന്റെ കൂടെ ഒഴുകിയൊഴുകി മുന്നോട്ട് മാത്രം.

ആ ഒഴുക്കിനു എതിരെ തിരിച്ചു നീന്താനുള്ള വരമാണ് നിങ്ങൾക്ക് കിട്ടിയിരിക്കുന്നത്.  അപൂർവമായ വരം . ത്രികാല സഞ്ചാരം.

നിങ്ങൾ നിങ്ങളുടെ വീട്ടിൽ ഇരിക്കുന്നു. ഒരു മുറിയിൽ. കിടപ്പ് മുറി തന്നെ. ആ സമയം ആ സ്ഥലത്ത് നിങ്ങൾ മാത്രം. എന്നാൽ സമയമെന്ന ഒഴുക്കിന് എതിരെ നിങ്ങൾ നീന്തുന്നു. ഇന്നലത്തെ കിടപ്പുമുറിയിൽ നിങ്ങൾ എത്തുന്നു. പിന്നെയും പിറകോട്ട്. ഒട്ടും പ്രതീക്ഷിക്കാത്ത പല ശരീരങ്ങളും നിങ്ങൾക്ക് മുന്നിൽ മറ്റേതോ സമയങ്ങളിൽ പിണഞ്ഞു സീൽക്കാരം പൊഴിക്കുന്നു.  നിങ്ങൾ വീട് വാങ്ങിയത് എങ്കിൽ അതിനും മുന്പുള്ള ഉടമസ്ഥർ വസിച്ചിരുന്ന കാലത്തിലേയ്ക്ക്. അവരുടെ കിടപ്പറ രംഗങ്ങൾ കണ്ടു നിങ്ങൾ കുളിരണിയുന്നു. കിടപ്പറക്കലഹങ്ങൾ കണ്ടു ഊറിച്ചിരിക്കുന്നു. വീട്  നിർമ്മിക്കുന്നതിനും മുന്പുള്ള സമയത്തേയ്ക്ക്  നിങ്ങൾ തല മാത്രം വെളിയിലിട്ടു നീരിലൂടെ ഒഴുകുന്ന ഒരു നീർക്കോലി പോലെ സമയ ജലത്തിലൂടെ പിറകോട്ട്  പിറകോട്ട് .നിങ്ങളുടെ വീട് ഒരു മൊട്ടപ്പറമ്പ്. മൊട്ടപ്പറമ്പ് അതിനും മുൻപ് ഒരു കാട്.

വീട്ടിനു വെളിയിലിറങ്ങി നിങ്ങൾ തൊട്ടടുത്തുള്ള അങ്ങാടി സന്ദർശിക്കുന്നു. കാറ് ബസ്‌ ഓട്ടോ റിക്ഷകൾ.  സമയ നദിയിലൂടെ നിങ്ങൾ പിറകോട്ട് നീന്തുന്നു. കാളവണ്ടികൾ കാൽ നടകൾ. അഞ്ചലോട്ടങ്ങൾ. 

നിങ്ങൾക്ക് വണ്ടി കയറി എവിടേയ്ക്ക് വേണമെങ്കിലും പോകാം. പയ്യന്നൂരിലെയ്ക്ക്, ഉപ്പു കുറുക്കാൻ, അരുവിപ്പുറത്തേ യ്ക്ക്, ശിവനെ  കണ്ണാടിയെ തൊഴാൻ. വീണ്ടും വീണ്ടും പിറകിലേയ്ക്ക് . കുണ്ടറ , പഴശ്ശിക്കാടുകൾ ഗാമാകറക്കങ്ങൾ.. സമയ നദിയിൽ നിങ്ങൾ പിറകിലേയ്ക്കും മുന്പിലേയ്ക്കും നീന്തി നീന്തി രസിക്കുന്നു.

ട്രെയിൻ കയറി ഗുജറാത്ത് പോർബന്തർ, മുഗൾ, കുത്തബ് , ഗുപ്ത .. അങ്ങനെ ഗുപ്തമായ ചരിത്ര ഇടുക്കുകളിലേയ്ക്ക്. മോഹന്ജദാരോ ഹാരപ്പ ഖനനയിടങ്ങളിൽ ജീവനോടെ..

നിങ്ങൾ ഒരു സിനിമ കാണുന്ന ലാഘവത്തോടെ ചരിത്രം കാണുന്നു. ചരിത്രമേ അല്ല എന്ന് മറ്റുള്ളവർ തള്ളിക്കളഞ്ഞ ചരിത്രത്തിന്റെ മഴ നിഴൽ പ്രദേശങ്ങൾ കാണുന്നു.

യുദ്ധങ്ങൾ കാണുന്നു. ഉടമ്പടികൾ കാണുന്നു. ഒത്തു തീർപ്പുകൾ കാണുന്നു. കാണാതെ പോയ , എഴുതപ്പെടാതെ പോയ അടിയൊഴുക്കുകൾ  അറിയുന്നു. പർവതങ്ങൾ ചില കാഴ്ചകളിൽ നിലം പരിശാക്കപ്പെടുന്ന വാസ്തവക്കാഴ്ചകളിൽ അന്ധാളിച്ചു പോകുന്നു. തിരിഞ്ഞു തിരിഞ്ഞു പുകയുന്ന ജീവനില്ലാ ഭൂമിയിൽ ശ്വാസം കിട്ടാതെ പിടയുന്നു. ആദിയുടെ ഇരുളിൽ വെളിച്ചത്തിൽ ദൈവമേ ദൈവമേ എന്ന വാക്കില്ലാ നിശ്വാസങ്ങളിൽ അലയുന്നു.

നിങ്ങൾക്ക് ഭൂതകാലം മടുത്തു തുടങ്ങുന്നു. ഒഴുക്കിന് എതിരെ മാത്രമല്ല ഒഴുക്കിന് ഒപ്പവും ഒഴുക്കിനെ പിന്നിലാക്കി മുന്നിലേയ്ക്കും, എവിടേയ്ക്ക് വേണമെങ്കിലും  സഞ്ചരിക്കാനുള്ള വരമാണ് നിങ്ങൾക്ക് ലഭിച്ചതെന്നു നിങ്ങൾ കണ്ടെത്തുന്നു.

നിങ്ങളിപ്പോൾ തിരിച്ചു നീന്താൻ തുടങ്ങുകയാണ്. ഒഴുക്കിനൊത്ത്. സഹസ്രാബ്ദങ്ങൾക്കും ഇപ്പുറത്തേയ്ക്ക് . നീന്തി നീന്തി നിങ്ങൾ ഭാവിയിലേയ്ക്ക് കയറുന്നു.  അപരിചിതമായ വഴികളിലൂടെ അന്ധാളിപ്പോടെ നിങ്ങൾ തുഴഞ്ഞു നീന്തുന്നു. ഭാവിയിലേയ്ക്ക് പോകുമ്പോൾ നിങ്ങൾ ഒരു നീർക്കോലിയിൽ നിന്നും അരയന്നമായി രൂപാന്തരപ്പെടുന്നു. ചുറ്റും ഓളങ്ങൾ വലയങ്ങൾ തീർത്ത്‌ പ്രസന്നവദനത്തോടെ..

ഒടുക്കം നിങ്ങൾ വർത്തമാനകാലം തിരയുന്നു. ഭൂതത്തിനും ഭാവിയ്ക്കും ഇടയിൽ നിങ്ങളുടെ വർത്തമാനത്തെ കളഞ്ഞുപോയിരിക്കുന്നു എന്ന് നിങ്ങൾ കരയുന്നു.

പിന്നെ കരച്ചിലിനും ചിരിക്കും ഒന്നും അർത്ഥമേയില്ലെന്ന വെളിപാടിൽ നിങ്ങൾ എത്തുന്നു. സമയം ഒരു നദിയല്ലെന്നു നിങ്ങൾ വിളിച്ചു കൂവുന്നു.

എല്ലാറ്റിനെയും വരിഞ്ഞു പിടിച്ച് ഒരു നിശ്ചല തടാകമായി കാലം കിടക്കുന്നു എന്ന് നിങ്ങൾ ജ്ഞാന സ്നാനപ്പെടുന്നു..

ഇടം വലം സമയ പ്രതലത്തിലൂടെ നിങ്ങളെ കവച്ചു കൊണ്ട് ഞങ്ങളെല്ലാവരും - എല്ലാ ജഡ ജന്തു സസ്യ  ജാലങ്ങളും -  മുന്നോട്ടോ പിന്നോട്ടോ എന്നറിയാത്ത ഒഴുക്ക് ഒഴുകുന്നു.

ഒഴുക്ക് എന്ന ആപേക്ഷികതയെപ്പറ്റി അപ്പോൾ നിങ്ങൾ ഒരു കവിത മൂളുന്നു.

Sunday, 12 January 2014

ഋതു

(1)
 മഞ്ഞു കാലം തുടങ്ങി
രാവിലെ
ഇലകൾ, പുൽക്കൊടികൾ, പൂവുകൾ
 തണുത്ത ചുണ്ടുകൾ കൊണ്ട്
 ഉമ്മ വയ്ക്കാൻ
കാത്തുനില്ക്കുന്ന കാലം.

 ആതിര
 അയ്യപ്പൻപാട്ട്
ക്രിസ്തുമസ് കരോൾ നക്ഷത്രരാവുകൾ
 ഓരോ കാലവും
അതിന്റെ മാസ്മരിക വിരലുകൾ കൊണ്ട്
നമ്മെ ഇറുകെപ്പുണരുന്നു

 മഞ്ഞുകാലം തുടങ്ങി.
-----------

 (2)
പോകും വഴി
എന്റെയീ ഉന്മാദം കൂടെ
 കൊണ്ട് പോ കാറ്റേ

 ചുട്ടു പൊള്ളിച്ച്
 ഒന്നുമില്ലായ്മ പറഞ്ഞു തരും
 വേനൽ മതി, യിനി, യെനിക്ക്.

Thursday, 9 January 2014

കേട്ടെഴുത്ത്


-----------------

ചെത്തിക്കൂർപ്പിച്ചൊരു പെൻസിൽ
കൂടെ ക്കരുതുന്നുണ്ടെപ്പൊഴും
കണക്കെഴുത്തിനല്ല
ചിത്രം വരയ്ക്കല്ല
മൂക്കിനുള്ളിലെ മാറാല
തോണ്ടിക്കളയാനല്ല
ചെവിക്കുള്ളിലെ ചൊറിച്ചിൽ
മുനകൂർപ്പിച്ചു രസിക്കാനുമല്ല.

എങ്ങാനും
പൊടുന്നനെ
അമ്മിണി ടീച്ചർ പ്രത്യക്ഷപ്പെട്ട്
ഡാ എഴുതിനെട കഴുതകളേ
എന്ന് കേട്ടെഴുത്തിട്ടാലോ?

പമ്പരം എന്ന് കേട്ടു
പപ്പരം എന്ന് എഴുതി
തല്ലു കൊണ്ട് തിരിയേണ്ടതല്ലേ?
------------

Tuesday, 7 January 2014

ഹാഫ് വേവ് റെക്റ്റിഫയർ


---------------------------------------
ഒരിക്കലും പങ്കു വയ്ക്കുന്നില്ല
ഒരാളും മുഴുവനായും ഒരാളെ.

ഒരു പാറക്കെട്ട്
മറ്റൊന്നിനെ ആലിംഗനം ചെയ്യാൻ
അതേ ആകൃതിയിലും ഉൾപ്പിരിവുകളിലും
ഉണ്ടാക്കപ്പെടാത്തത് പോലെ.

ഒരു സ്ക്രൂ തിരിഞ്ഞു തിരിഞ്ഞ്
മുഴുവനായും ഇറങ്ങിപ്പോവുന്നത് പോലെ
പോവാനാവുന്നില്ല
ഒരാൾക്കും ഒരാളിലേയ്ക്കും.

ഒരു കടലിലേയ്ക്ക്
അഴിമുഖം വഴി
ഒരു പുഴ അലിഞ്ഞു ചേരും വിധം
അലിയുന്നില്ല ഒരാളും
എന്നേയ്ക്കുമായി ഒരാളിലും.

വെള്ളത്തിലേയ്ക്ക്
തുള്ളി തുള്ളിയായി വീഴുമ്പോഴും
അലിഞ്ഞു ചേരാതെ
ഒന്നിച്ചു ഗൂഡാലോചനക്കാരാവുന്ന
എണ്ണ പോലെ
ഓരോ ആലിംഗനത്തിലും
കാത്തു വയ്ക്കുന്നുണ്ട്‌
ഓരോ ആളും
അപരന്റെ തിര തള്ളലുകൾ എത്താത്ത
ഒഴിഞ്ഞയിടങ്ങൾ.
-----------

Friday, 3 January 2014

പ്രവാസാതുരത

 കാറ് .
ചില്ലിട്ട ജാലകങ്ങൾ.
എസി .
തണുപ്പ്.
അകം ഇടുങ്ങിയ ഇടം .
നഗരപാത.
രാത്രി .
വഴിവിളക്കുകളുടെ താലപ്പൊലി .
ചാരനിറം വാരിത്തേച്ച ആകാശം.

ഇരുപുറവും ഇരുട്ടിന്റെ മതിൽ.
അതിൽ നിറയെ
ഒരു പ്രൈമറിക്കുട്ടി
ചിട്ടയില്ലാതെ
അരികുകൾ കീറി ഒട്ടിച്ച
കളർ
ബ്ലാക്ക് ആൻഡ് വൈറ്റ്
കടലാസ് ചിത്രങ്ങൾ.

കുളം.
തവള.
താറാവ് .
കോഴി.
ആമ്പൽ.
എന്നൊക്കെ അടിക്കുറിപ്പുകൾ
വടിവില്ലാതെഴുതിയ ചിത്രങ്ങൾ.

നിങ്ങൾ പറയും
അതൊക്കെ എടുക്കാത്ത നാണയങ്ങൾ എന്ന്.
തേഞ്ഞുപോയ
ഗൃഹാതുര ബിംബങ്ങൾ എന്ന്.
എണ്ണ വറ്റിയ
ഓട്ടുവിളക്കുകൾ എന്ന്.
എനിക്കും
അതൊക്കെ തന്നെ സുഹൃത്തെ.

പക്ഷെ
ഈ നഗരപാതയുടെ
ഇരുപുറത്തും
വഴിവിളക്കുകൾക്ക് പിന്നിലായി .
ഇരുട്ട് വാരിത്തേച്ചു തീർത്ത
കൽമതിലിൽ
ഇവയൊക്കെയും
ചിട്ടയില്ലായ്മയുടെ
സൗന്ദര്യത്താൽ
എഡിറ്റ്‌ ചെയ്തു ചേർത്തത്
ആര്?

ഓ.
നിങ്ങൾ വീണ്ടും പറയും
അതൊക്കെ എന്റെ
ഗൃഹാതുര വിഭ്രമം എന്ന്.
എനിക്കും
അങ്ങനെത്തന്നെ തോന്നുന്നുണ്ട് സുഹൃത്തെ.
പക്ഷെ
കാറ് അരികു ചേർത്തു നിർത്തി
രാത്രിയിലേയ്ക്കു ഇറങ്ങിപ്പോയി
എനിക്ക്
ആ പോസ്റ്ററുകൾ എല്ലാം
തൊടാനാവുന്നുണ്ട്.

മെല്ലെ
മെല്ലെ.
അരികുകൾ പൊന്തി നില്ക്കുന്ന ഇടങ്ങളിൽ
നഖം കൊണ്ട് തോണ്ടി
അവറ്റയെ ഒക്കെയും
അടർത്തിക്കീറാൻ ആവുന്നുണ്ട്‌.
ഓരോന്നും
ഏറെ ദൂരം
അടർന്നു കീറുമ്പോൾ
സന്തോഷിക്കാൻ ആവുന്നുണ്ട്‌.
കീറൽത്തുടർച്ച
കിട്ടാതാവുമ്പോൾ
സങ്കടം ആവുന്നുണ്ട്‌.

അപ്പോൾ
അതൊക്കെ
തോന്നൽ ആവില്ല എന്ന് ഉറപ്പല്ലേ?
ഒരു മാതിരി ചിത്രങ്ങൾ ഒക്കെ
അലങ്കോലപ്പെടുത്തി എന്നുറപ്പാക്കി
ഞാൻ
കാറിൽ കയറി
വീണ്ടും
നഗരപാതയിലൂടെ
യാത്ര തുടങ്ങുന്നു .

നഗരപാത തീരുന്നില്ല.
രാത്രി ഇരുൾച്ച കുറയുന്നില്ല.
കാറിനകത്ത് ഞാൻ മാത്രം .
ഞാനേയുള്ളൂ .
എസി പരമാവധിയാക്കിയിട്ടും
രാത്രി മഞ്ഞ് കനത്തിട്ടും
അകം
പൊള്ളുന്ന ചൂട്.
ഇടം വലം
ഇരുൾ ഭിത്തിയിൽ
അവിടവിടം
അസ്ഥി കാണിക്കുന്ന മുറിവുകൾ
ചിത്രങ്ങൾ.

നാട്ടിലേയ്ക്ക് എത്താനുള്ള
പെട്രോൾ ധാരാളം ഉണ്ടെന്നു
പല്ലിളിക്കുന്നു ഫ്യുവൽ മീറ്റർ .
----------

മുള്ളുകൾ

പെയ്ത്ത്
--------------

എല്ലാവരും അവരവരുടെ
ഓർമ്മക്കുടയ്ക്കുള്ളിൽ
ദുർബ്ബലം നനഞ്ഞൊലിച്ചു നടക്കുന്നു..

മറവിയുടെ മഴ പെയ്തുകൊണ്ടേയിരിക്കുന്നു.
-------------
അവർ
------------

അങ്ങനെയിരിക്കെയാണ് അവർ
ആകാശം മൊത്തം വാങ്ങിക്കൂട്ടാൻ തുടങ്ങിയത് .

അയ്യോ ദൈവമേ ,
എന്റെ വായു
എന്റെ കിളികൾ
എന്റെ നിലാവ്
എന്റെ മേഘങ്ങൾ
എന്റെ നക്ഷത്രങ്ങൾ
എന്റെ വെളിച്ചം
എന്നിങ്ങനെ നെഞ്ഞത്തടി
നിലവിളികളെ
അവയുടെ പൊള്ളക്കുരലിൽ
വച്ച് തന്നെ അവർ മുറിച്ചു കളഞ്ഞു.

ഒരു പാട് ബഹളം വച്ചാൽ
ഒരുപക്ഷെ അവർ കരുണയോടെ
തരാമെന്നു നിനച്ച പട്ടയം
തരാതെ വന്നേക്കും എന്ന്
ഉൾ വിളി തോന്നി

കാരുണ്യം തീരെ
വറ്റി പ്പോയിട്ടില്ലീ ഭൂമിയിൽ
എന്നിങ്ങനെ അവരുടെ മുഖത്ത്
ഒളിപ്പിച്ചു വച്ച പുഞ്ചിരി
വിളംബരം ചെയ്തു കൊണ്ടേയിരുന്നു..
---------------
അതങ്ങനെയാണ്-

ഏറ്റവും കരുതൽ ഉള്ളവരോട്
പറയേണ്ട വാക്കുകൾ
തൊണ്ടയിൽ ഉറഞ്ഞുകൂടി
ഹിമാലയമായിത്തീരും

പിന്നീട്
ഒറ്റയാവുമ്പോൾ-

നീയൊന്നും പറഞ്ഞില്ലല്ലോ എന്ന്
പൊട്ടിത്തെറിച്ചുരുകിയൊലിച്ചു
ലാവയായ്‌ മാറാൻ.
----------
ആകാശത്തിനെ വിവർത്തനം ചെയ്തു
മതിയായതു കൊണ്ടാവണം
മഴ നിന്ന് പോയത്

വെയിലെന്ന വിമർശകൻ
മൂർച്ചവാൾ വീശി
അട്ടഹസിക്കുന്നത്..
-----------

Thursday, 2 January 2014

ഊഞ്ഞാൽ ജന്മം

ആ.............ടി..........യാ.........ടി.........
ആ.......ടി.....യാ....ടി....
ആ..ടി..യാ..ടി..
ആടിയാടി

ഊഞ്ഞാൽ ആരുമില്ലാതെ നിന്ന് പോകുന്നത് കണ്ടു നിന്നിട്ടുണ്ടോ?
ഇടം വലം തോളുകൾ ചെരിച്ചു നോക്കി
ആരുമില്ലേ ഇവിടെ
കുട്ടികളേ
മുതിർന്നവരേ
എന്ന് ഇരുകൈക്കയറുകൾ  പിരിച്ച്
മാവിൻ കയ്യിൽ ഉരസിയുരസി ഇത്തിരി തൊലിയടർത്തി

ഇനിയിപ്പോ അടുത്ത അവധിക്കു ഞാത്താം
എന്നൊരു അപ്പൂപ്പൻ ആത്മഗതതിലേയ്ക്ക് കാത് പൊത്തി

തട്ടിൻപുറത്തെ ചിലന്തി വലയിലേക്ക് കണ്ണ് കെട്ടി

ആടി മതിയായില്ലല്ലോ ഇല്ലല്ലോ
എന്ന് വെറുങ്ങലിച്ചു തൂങ്ങി

ഇല്ല
കണ്ടിട്ടുണ്ടാവില്ല
ഈ ആത്മഹത്യ ചെയ്ത ചിന്തകളെ
പേരക്കുട്ടികൾ ബാക്കി വച്ച് പോയ
മുന്നാക്ക - പിന്നാക്കങ്ങളെ
ധ്യാനിച്ചു ധ്യാനിച്ചു
ഉച്ചയുറക്കം പകുതി മയക്കത്തിൽ
ആടിത്തീർക്കും നരച്ച തൊങ്ങലുകളെ

ഒഴുകിപ്പരന്ന്
ഒ..ഴു..കി..പ്പ..ര..ന്ന്
ഒ.....ഴു.....കി.....പ്പ.....ര.....ന്ന്
ഒ..........ഴു..........കി..........പ്പ..........ര..........ന്ന്
ഒന്നുമല്ലാതെ ഉണങ്ങിത്തീരുന്ന
പോക്കുവെയിലിനെ -
---------------