------------
ഒറ്റയ്ക്ക് ഒരു ജലാശയത്തിനെ അഭിമുഖീകരിക്കുക എന്നത്
ഒരുപക്ഷെ ഒരു വലിയ കാര്യമല്ലായിരിക്കാം, നിങ്ങൾക്ക്
ഇത് വരെ
കാറ്റ് കൊള്ളാനോ
സമയം കൊല്ലാനോ
വരാമെന്നേറ്റ ഇണയെ കാത്തിരിക്കാനോ
അങ്ങനെ എന്തുമാവാം
നിങ്ങൾ അപ്പോൾ അഭിമുഖീകരിക്കുന്ന കാര്യം
അല്ലാതെ ജലാശയമല്ല
എന്നാൽ
വാസ്തവത്തിൽ അത് അങ്ങനെയല്ല
ഒറ്റയ്ക്ക്
മറ്റാരും
മറ്റൊന്നും
വരാനോ കാക്കാനോ ഇല്ലാതെ
ഒരു ജലാശയത്തെ മാത്രം അഭിമുഖീകരിക്കുമ്പോൾ
അപ്പോഴാണ്
ഒരു ജലാശയം നിങ്ങളോട്
സംവദിച്ചു തുടങ്ങുക
ജലമർമരങ്ങളിൽ -
ദിശ ഏതെന്നു ഒളിച്ചു വച്ച
കിളി കൂജനങ്ങളിൽ-
അടിത്തട്ടിലെ നേർത്ത നിശ്വാസങ്ങളിൽ-
കരയും ജലവും തമ്മിലുള്ള
രഹസ്യച്ചിരികളിൽ-
പരപ്പിൽ -
ആഴങ്ങളിൽ-
ഒക്കെയും
ഒരു സങ്കോചവുമില്ലാതെ
നിങ്ങളുടെ സാന്നിധ്യം കൂടെ
അത് ആവശ്യപ്പെടുന്നത് തിരിച്ചറിയുമ്പോൾ -
അപ്പോൾ മാത്രം
നിങ്ങൾ
പുതിയൊരു ഇന്ദ്രിയം തുറന്നു കിട്ടിയ
വിവശതയിൽ
അലിഞ്ഞു പോകും
ഒറ്റയ്ക്ക് ഒരു ജലാശയത്തിനു മുഖാമുഖം
കുളം
കായൽ
തടാകം
കടൽ
മലർന്നു കിടന്നാൽ
ആഴ്ന്നാഴ്ന്നു പോകുന്ന
രാത്രിയാകാശം
ഏതുമാകട്ടെ
നിങ്ങൾ കൂടെ ഉൾപ്പെടുന്ന
ഒരു ആവാസ വ്യവസ്ഥ
ഒറ്റയ്ക്ക് എന്ന തോന്നൽ തന്നെ
അപ്രസക്തമാവുന്ന
അത്രയ്ക്കും ഒറ്റയ്ക്ക്...
അപ്പോൾ മാത്രമാണ്
ഒറ്റ
ഇണ
പ്രണയം
സംഘം
സമൂഹം
ചരിത്രം
പ്രപഞ്ചം
ഇവയത്രയും
അതിന്റെ പൂര്ണ്ണമായ രൂപത്തിൽ
നിങ്ങൾക്ക് മുൻപിൽ
വരി നില്ക്കുക
ഒറ്റയ്ക്ക്
ഒരു പാട് പേരെ
അഭിമുഖീകരിക്കുന്നതിലെ
നേരമ്പോക്ക്
അപ്പോൾ മാത്രമാണ്
നിങ്ങൾ തിരിച്ചറിയുക .
---------
നമുക്ക് മിഴികൾ തുറക്കാം ; അഭിനയപ്രകടനങ്ങളില്ലാത്ത, പ്രകൃതിയുടെ ജൈവ വേദികയിലേക്ക്....
ReplyDeleteനമുക്ക് കാതോർക്കാം ; പക്ഷഭേദമില്ലാത്ത, പ്രകൃതിയുടെ സ്നേഹമന്ത്രണങ്ങൾക്ക്...
വളരെ നല്ല കവിത.
ശുഭാശംസകൾ.....