ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

Sunday, 19 January 2014

പ്രണയം ഒരു ഇന്ദ്രിയമാണ്


അത് എന്നിൽ ഉടലെടുക്കും മുന്പ്
അറിഞ്ഞിരുന്നില്ല ഞാൻ ഒരു പാട് കാര്യങ്ങൾ

ഒരു കുരുടനോട്‌
നിറങ്ങളെപ്പറ്റി പറയുന്നത് പോലെ
നിങ്ങൾ എന്നോട്
നിലാവിനെപ്പറ്റി പറഞ്ഞു
ചെവിയില്ലാത്തവനോട്
സംഗീതത്തെപ്പറ്റി എന്ന പോലെ
നിങ്ങൾ എന്നോട്
കുളിരിനെപ്പറ്റി പറഞ്ഞു

തൊടാനോ മണക്കാനോ രുചിക്കാനോ
പറ്റാത്ത ചില കാര്യങ്ങൾ ഉണ്ട്
കാണാനോ കേൾക്കാനോ പറ്റാത്തവ

കാറ്റു ചൂഴുന്നത് -
പ്രണയ വിരലുകൾ കൊണ്ട് സന്ദേശം തരുന്നത് -
നിലാവ് ദൂരദൂരം താണ്ടി
എന്നിലേയ്ക്ക് പുഞ്ചിരി എത്തിക്കുന്നത് -
രാത്രി നിശ്ശബ്ദത
മഞ്ഞിനും കുളിരിനും ഒപ്പം
ഇഴപേർത്തെടുക്കാനാവാത്ത വിധം
ഒരു നിശ്വാസം കോർത്തിടുന്നത് -
ഒക്കെയും
സ്പര്ശം കൊണ്ടോ
കണ്ണ് കൊണ്ടോ
കാതു കൊണ്ടോ മാത്രം അല്ലാതെ
പ്രണയം കൊണ്ടെനിക്ക് ഉലർത്തിയെടുക്കാനാവുന്നുണ്ട്

കൂടണയുന്ന കിളികൾ
പങ്കു വയ്ക്കുന്നത്
വേവലാതികൾ അല്ല
കൂട്ടിനകത്തെ സ്വകാര്യ സമയങ്ങളെ
കൊത്തിപ്പെറുക്കി കൗതുകപ്പെടുകയാണ്

ഒരു നായ
വഴിയോരങ്ങളിൽ വിസ്മയിച്ചു നില്ക്കുന്നത്
കാഴ്ചകളുടെ ബാഹുല്യം കൊണ്ടാവില്ല
ഒരു പൂച്ച പച്ച വേലിപ്പടർപ്പിനരികെ
അന്തിച്ചിരിക്കുന്നത്
ചിന്താഭാരം കൊണ്ടുമാവില്ല
രാത്രിയുടെ നീലത്തിരശ്ശീലയിൽ
മിന്നാമിനുങ്ങുകൾ തുന്നൽപ്പണികൾ ചെയ്യുന്നത്
ഒരു വർണ്ണ ചിത്രവും വരയ്ക്കാനല്ല
പ്രണയമെന്ന ഇന്ദ്രിയം ഇല്ലാത്തതിനു മുന്പ്
എനിക്കിതൊന്നും അറിയുകയേ ഇല്ലായിരുന്നു

ശ്വസിക്കാൻ മാത്രമായിരുന്നു മൂക്ക് എങ്കിൽ
മണം ഒരു സങ്കല്പം ആവുന്നത് പോലെ
സംഭാഷണത്തിൽ ഒതുങ്ങുന്ന നാവിന്
രുചി ഒരു മിത്ത് ആവുന്നത് പോലെ

എന്തൊക്കെയോ എന്തൊക്കെയോ
നഷ്ടപ്പെടുമായിരുന്നു

എനിക്ക്
നിനക്ക്
ഓരോരുത്തർക്കും
--------

4 comments:

  1. ആറാമത്തെ ഇന്ദ്രിയം

    ReplyDelete
  2. നിത്യജീവിതത്തിലെ ഒരു വിധ ടെൻഷൻസൊക്കെ അലിയിച്ച് കളയാനുള്ള മാർഗ്ഗങ്ങൾ നമുക്കൊക്കെ ചുറ്റുമായി പ്രകൃതി തന്നെയൊരുക്കിയിട്ടുണ്ട് അല്ലേ? ''കരയേണ്ട'', ''സാരമില്ല'', ''കണ്ണ് തുടയ്ക്കൂ'', ''ഒക്കെ ശരിയാകും'' എന്നൊക്കെ പ്രകൃതി നമ്മോട് പറഞ്ഞുകൊണ്ടേയിരിക്കുന്നു. നമുക്ക് സമയമില്ലാ പോലും.!! അതൊന്നു കാണാൻ, നന്ദി പറയാൻ. പക്ഷേ, നമ്മുടെ കൊല്ലാക്കൊല സഹിക്കാഞ്ഞ്,ഗതികെട്ട് അവളൊന്ന് കരഞ്ഞാൽ,ക്ഷോഭിച്ചാൽ സകല ഇന്ദ്രിയങ്ങളും തുറന്നു വച്ചങ്ങു കാണും.വിളിച്ച് പറയും. ''പ്രകൃതി ക്ഷോഭം......പ്രകൃതി ക്ഷോഭം''... നമ്മളാരാ മക്കൾ...!!


    വളരെ നല്ലൊരു കവിതയാരുന്നു. ഒരുപാട് ഇഷ്ടമായി.


    ശുഭാശംസകൾ....

    ReplyDelete