ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

Wednesday, 15 January 2014

സമയം ഒരു കവിത മൂളുന്നു

അങ്ങനെ ഇരിക്കെ നിങ്ങൾക്കൊരു വരം കിട്ടി. സ്ഥല - സമയ നീരൊഴുക്കിൽ തിരിച്ചു നീന്താനുള്ള വരം.

സ്ഥലത്തിന് മീതെയുള്ള ഈ സമയത്തിന്റെ നീരൊഴുക്കുണ്ടല്ലോ അത് രസകരമാണ്.   ഒരേ ദിശയിലേക്ക് മാത്രം നമ്മളും അതിന്റെ കൂടെ ഒഴുകിയൊഴുകി മുന്നോട്ട് മാത്രം.

ആ ഒഴുക്കിനു എതിരെ തിരിച്ചു നീന്താനുള്ള വരമാണ് നിങ്ങൾക്ക് കിട്ടിയിരിക്കുന്നത്.  അപൂർവമായ വരം . ത്രികാല സഞ്ചാരം.

നിങ്ങൾ നിങ്ങളുടെ വീട്ടിൽ ഇരിക്കുന്നു. ഒരു മുറിയിൽ. കിടപ്പ് മുറി തന്നെ. ആ സമയം ആ സ്ഥലത്ത് നിങ്ങൾ മാത്രം. എന്നാൽ സമയമെന്ന ഒഴുക്കിന് എതിരെ നിങ്ങൾ നീന്തുന്നു. ഇന്നലത്തെ കിടപ്പുമുറിയിൽ നിങ്ങൾ എത്തുന്നു. പിന്നെയും പിറകോട്ട്. ഒട്ടും പ്രതീക്ഷിക്കാത്ത പല ശരീരങ്ങളും നിങ്ങൾക്ക് മുന്നിൽ മറ്റേതോ സമയങ്ങളിൽ പിണഞ്ഞു സീൽക്കാരം പൊഴിക്കുന്നു.  നിങ്ങൾ വീട് വാങ്ങിയത് എങ്കിൽ അതിനും മുന്പുള്ള ഉടമസ്ഥർ വസിച്ചിരുന്ന കാലത്തിലേയ്ക്ക്. അവരുടെ കിടപ്പറ രംഗങ്ങൾ കണ്ടു നിങ്ങൾ കുളിരണിയുന്നു. കിടപ്പറക്കലഹങ്ങൾ കണ്ടു ഊറിച്ചിരിക്കുന്നു. വീട്  നിർമ്മിക്കുന്നതിനും മുന്പുള്ള സമയത്തേയ്ക്ക്  നിങ്ങൾ തല മാത്രം വെളിയിലിട്ടു നീരിലൂടെ ഒഴുകുന്ന ഒരു നീർക്കോലി പോലെ സമയ ജലത്തിലൂടെ പിറകോട്ട്  പിറകോട്ട് .നിങ്ങളുടെ വീട് ഒരു മൊട്ടപ്പറമ്പ്. മൊട്ടപ്പറമ്പ് അതിനും മുൻപ് ഒരു കാട്.

വീട്ടിനു വെളിയിലിറങ്ങി നിങ്ങൾ തൊട്ടടുത്തുള്ള അങ്ങാടി സന്ദർശിക്കുന്നു. കാറ് ബസ്‌ ഓട്ടോ റിക്ഷകൾ.  സമയ നദിയിലൂടെ നിങ്ങൾ പിറകോട്ട് നീന്തുന്നു. കാളവണ്ടികൾ കാൽ നടകൾ. അഞ്ചലോട്ടങ്ങൾ. 

നിങ്ങൾക്ക് വണ്ടി കയറി എവിടേയ്ക്ക് വേണമെങ്കിലും പോകാം. പയ്യന്നൂരിലെയ്ക്ക്, ഉപ്പു കുറുക്കാൻ, അരുവിപ്പുറത്തേ യ്ക്ക്, ശിവനെ  കണ്ണാടിയെ തൊഴാൻ. വീണ്ടും വീണ്ടും പിറകിലേയ്ക്ക് . കുണ്ടറ , പഴശ്ശിക്കാടുകൾ ഗാമാകറക്കങ്ങൾ.. സമയ നദിയിൽ നിങ്ങൾ പിറകിലേയ്ക്കും മുന്പിലേയ്ക്കും നീന്തി നീന്തി രസിക്കുന്നു.

ട്രെയിൻ കയറി ഗുജറാത്ത് പോർബന്തർ, മുഗൾ, കുത്തബ് , ഗുപ്ത .. അങ്ങനെ ഗുപ്തമായ ചരിത്ര ഇടുക്കുകളിലേയ്ക്ക്. മോഹന്ജദാരോ ഹാരപ്പ ഖനനയിടങ്ങളിൽ ജീവനോടെ..

നിങ്ങൾ ഒരു സിനിമ കാണുന്ന ലാഘവത്തോടെ ചരിത്രം കാണുന്നു. ചരിത്രമേ അല്ല എന്ന് മറ്റുള്ളവർ തള്ളിക്കളഞ്ഞ ചരിത്രത്തിന്റെ മഴ നിഴൽ പ്രദേശങ്ങൾ കാണുന്നു.

യുദ്ധങ്ങൾ കാണുന്നു. ഉടമ്പടികൾ കാണുന്നു. ഒത്തു തീർപ്പുകൾ കാണുന്നു. കാണാതെ പോയ , എഴുതപ്പെടാതെ പോയ അടിയൊഴുക്കുകൾ  അറിയുന്നു. പർവതങ്ങൾ ചില കാഴ്ചകളിൽ നിലം പരിശാക്കപ്പെടുന്ന വാസ്തവക്കാഴ്ചകളിൽ അന്ധാളിച്ചു പോകുന്നു. തിരിഞ്ഞു തിരിഞ്ഞു പുകയുന്ന ജീവനില്ലാ ഭൂമിയിൽ ശ്വാസം കിട്ടാതെ പിടയുന്നു. ആദിയുടെ ഇരുളിൽ വെളിച്ചത്തിൽ ദൈവമേ ദൈവമേ എന്ന വാക്കില്ലാ നിശ്വാസങ്ങളിൽ അലയുന്നു.

നിങ്ങൾക്ക് ഭൂതകാലം മടുത്തു തുടങ്ങുന്നു. ഒഴുക്കിന് എതിരെ മാത്രമല്ല ഒഴുക്കിന് ഒപ്പവും ഒഴുക്കിനെ പിന്നിലാക്കി മുന്നിലേയ്ക്കും, എവിടേയ്ക്ക് വേണമെങ്കിലും  സഞ്ചരിക്കാനുള്ള വരമാണ് നിങ്ങൾക്ക് ലഭിച്ചതെന്നു നിങ്ങൾ കണ്ടെത്തുന്നു.

നിങ്ങളിപ്പോൾ തിരിച്ചു നീന്താൻ തുടങ്ങുകയാണ്. ഒഴുക്കിനൊത്ത്. സഹസ്രാബ്ദങ്ങൾക്കും ഇപ്പുറത്തേയ്ക്ക് . നീന്തി നീന്തി നിങ്ങൾ ഭാവിയിലേയ്ക്ക് കയറുന്നു.  അപരിചിതമായ വഴികളിലൂടെ അന്ധാളിപ്പോടെ നിങ്ങൾ തുഴഞ്ഞു നീന്തുന്നു. ഭാവിയിലേയ്ക്ക് പോകുമ്പോൾ നിങ്ങൾ ഒരു നീർക്കോലിയിൽ നിന്നും അരയന്നമായി രൂപാന്തരപ്പെടുന്നു. ചുറ്റും ഓളങ്ങൾ വലയങ്ങൾ തീർത്ത്‌ പ്രസന്നവദനത്തോടെ..

ഒടുക്കം നിങ്ങൾ വർത്തമാനകാലം തിരയുന്നു. ഭൂതത്തിനും ഭാവിയ്ക്കും ഇടയിൽ നിങ്ങളുടെ വർത്തമാനത്തെ കളഞ്ഞുപോയിരിക്കുന്നു എന്ന് നിങ്ങൾ കരയുന്നു.

പിന്നെ കരച്ചിലിനും ചിരിക്കും ഒന്നും അർത്ഥമേയില്ലെന്ന വെളിപാടിൽ നിങ്ങൾ എത്തുന്നു. സമയം ഒരു നദിയല്ലെന്നു നിങ്ങൾ വിളിച്ചു കൂവുന്നു.

എല്ലാറ്റിനെയും വരിഞ്ഞു പിടിച്ച് ഒരു നിശ്ചല തടാകമായി കാലം കിടക്കുന്നു എന്ന് നിങ്ങൾ ജ്ഞാന സ്നാനപ്പെടുന്നു..

ഇടം വലം സമയ പ്രതലത്തിലൂടെ നിങ്ങളെ കവച്ചു കൊണ്ട് ഞങ്ങളെല്ലാവരും - എല്ലാ ജഡ ജന്തു സസ്യ  ജാലങ്ങളും -  മുന്നോട്ടോ പിന്നോട്ടോ എന്നറിയാത്ത ഒഴുക്ക് ഒഴുകുന്നു.

ഒഴുക്ക് എന്ന ആപേക്ഷികതയെപ്പറ്റി അപ്പോൾ നിങ്ങൾ ഒരു കവിത മൂളുന്നു.

1 comment:

  1. കവിത മൂളുന്നില്ല ഞാന്‍ വായിക്കുന്നുണ്ട്

    ReplyDelete