ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

Wednesday 27 October 2010

കടംകഥ

നിറയെ കുനുകുനുത്ത ഇലകളുള്ള,

ആകാശ മാറിലേയ്ക്ക്
ചില്ലവിരലുകള്‍ പതിച്ചു
നില്‍ക്കുന്ന,

ഒരു മെലിഞ്ഞ മരത്തിന്‍റെ
ചുവടെ
ഞാന്‍ കാത്തു നില്‍ക്കാം..

എന്‍റെ ആട്ടിന്‍ പറ്റത്തെ
ദൂരചോലയില്‍
ദാഹശാന്തിക്കായി
പറഞ്ഞു വിടാം..

നീ വരണം..

നീ വരും മുന്‍പ്
ഞാനെന്‍റെ
കാമക്കനലുകളെ
വീശിവീശി
കനപ്പിക്കാതെ
ഉറക്കിക്കിടത്താം

അപ്പോള്‍
കുരുന്നു പുല്ലുകള്‍
കാറ്റില്‍ ചാഞ്ചാടി
ഉടനീളം രോമാഞ്ചം വിതയ്ക്കും


കയറൂരി പുളയ്ക്കുന്ന
ചിന്തകളെ തളച്ചിട്ട്
പ്രണയം എന്നത്
തീ മാത്രമല്ല
തണുത്ത കാറ്റ് കൂടിയാണ്
എന്ന് എനിക്ക്
പഠിക്കണം ...

നീ വരുമോ?

Saturday 23 October 2010

ഉറക്കം

നോക്കൂ

ഇതാ എന്‍റെ ഹൃദയം എന്‍റെ ഹൃദയം
എന്ന നിലവിളിക്കവിതയുമായ്
ഒരു ഭ്രാന്തന്‍ കാറ്റ്
ഇതിലെ കടന്നു പോയിരുന്നു അല്ലെ?

നിങ്ങളെന്ന പോലെ
ഞാനും ഉറക്കത്തില്‍ ആയിരുന്നു..

ഉറക്കത്തില്‍
മനോഹര സ്വപ്നങ്ങളും
കൂട്ടിനുണ്ടായിരുന്നു അല്ലെ?

കാറ്റ് വിതച്ച
വേദനയുടെ വസൂരി വിത്തുകള്‍
വെയില്‍ മരങ്ങളായി
ഇനി എന്നാണാവോ പൂക്കുക?

ഒരു തണല് വേണം
ഒരു തെന്നല്‍ വേണം
എന്ന്
ഇനി നമ്മള്‍ എന്നാണാവോ അലയുക!

ഇഷ്ടം

ചില ഇഷ്ടങ്ങള്‍ മണ്ണിരകളെപ്പോലെയാണ്


വെളിപ്പെടുത്തിയാല്‍
പിന്നെ അറപ്പോടെ
വെറുപ്പോടെ...

നനഞ്ഞ ശരീരം ഇഴച്ചിഴച്ച്

മണ്ണിനടിയില്‍
സ്വകാര്യതയില്‍
അതെത്ര സ്നിഗ്ദ്ധ സുന്ദരം..

Friday 22 October 2010

അയ്യപ്പന്‍

ആട്ടിങ്കുട്ടിയാണ് എന്നാണു ആദ്യം കരുതിയത്
വഴിയോരത്ത്,
ക്ഷീണിച്ചു
ചോര ഒലിച്ച്...





ബുദ്ധനായിരുന്നു..






...

Saturday 16 October 2010

കെറുവ്

കാലത്ത് തന്നെ
വാതിലില്‍ മുട്ടി
ആരാണ് ശല്യം...

നോക്കുമ്പോള്‍
ഒരു ഇളം കാറ്റായിരുന്നു

കാറ്റിനു ഊഞ്ഞാല്‍ വേണമായിരുന്നു എന്ന്..

പോയി പണി നോക്കാന്‍ പറഞ്ഞു..

ഉമ്മറത്തൊരു ഊഞ്ഞാലൊക്കെ ഇടാന്‍
ഇനിയാര് ലോണ്‍ തരാനാ..

മുറിവ്

മനസ്സ്‌
കോമ്പസ് പോലെ
ചുറ്റിത്തിരിഞ്ഞു കറങ്ങി
നടക്കുന്നു..

മുന്നില്‍ പിന്നിട്ട വര..
പിന്നില്‍
വരാനിരിക്കുന്ന വഴി!!

ഒരേ വൃത്തത്തിലൂടെ ..
സ്വന്തം വിസ്സര്‍ജ്ജന വഴികളിലൂടെ..

എഴുതുന്നതെല്ലാം
പ്രണയത്തെ പറ്റി ആവുന്നത്
എന്ത് കൊണ്ടാവാം?

ഒരുപക്ഷെ -
പ്രണയിക്കാന്‍ അറിയാത്തത്
കൊണ്ടാവാം..

Friday 15 October 2010

വില

സ്വപ്നത്തില്‍ ഇന്നലെ ഈശ്വരന്‍ പ്രത്യക്ഷപ്പെട്ട്
ഒരു വരം ചോദിയ്ക്കാന്‍ ആവശ്യപ്പെട്ടു.
ആരും എന്നെ ഭരിക്കാത്ത ആരെയും ഞാന്‍ ഭരിക്കാത്ത ഒരു നാടാണ് ഞാന്‍ ആവശ്യപ്പെട്ടത്

സ്വപ്നമായിരുന്നിട്ടും ഈശ്വരന്‍ എന്‍റെ ചെകിടടിച്ചു പൊളിച്ചു

വിലപ്പെട്ട സമയം കളഞ്ഞതിന് തെറി വിളിച്ചു..

ശരി തന്നെ.
സ്വപ്നം ആയാലെന്താ..
ഞാന്‍ അങ്ങോരുടെ സമയം പാഴാക്കരുതായിരുന്നു.

Tuesday 12 October 2010

അടയാളം


പ്രണയത്തിന്റെ സൈറ്റിലേയ്ക്ക്
കയറാന്‍ തുടങ്ങിയതായിരുന്നു..

പക്ഷെ കാലം തടഞ്ഞു നിര്‍ത്തി
പാസ്സ്‌വേര്‍ഡ്‌ ചോദിയ്ക്കുന്നു..

നഷ്ട്ടപ്പെട്ടു പോയ മുദ്ര മോതിരമോ
കളഞ്ഞു പോയ ഒരു ഒറ്റച്ചെരിപ്പോ
എന്താണ് ഞാന്‍ പകരം വയ്ക്കേണ്ടത്?

ശൂന്യ സ്ക്രീനില്‍
ഹൃദയത്തിന്റെ കര്‍സര്‍ മാത്രം
മിടിച്ചു കൊണ്ടേ ഇരിപ്പാണ്..

അടുത്തൊരു വാക്കിനു
അര്‍ത്ഥപൂര്‍ണമായ ഒരു
ചുംബനത്തിനു..