ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

Saturday 22 October 2011

ക്വട്ടേഷന്‍

എല്ലാവരും ധൃതിയില്‍ ആണ്

അവനവന്റെ മുറ്റം അടിച്ചു വൃത്തിയാക്കാന്‍
അടിച്ചു കോരി കൊട്ടയിലാക്കി
അയല്‍ മുറ്റത്തേക്കൊരു തൂക്കി ഏറാണ്..


ഞാന്‍ മാത്രം അലസമിഴികളുമായി
മുറ്റത്തേക്ക് അടിഞ്ഞു വീഴുന്ന
ചപ്പു ചവര്‍ മഴയിലേക്ക്‌ നോക്കി
വെറുതെ ഇരിക്കുന്നു..

വൈകുന്നേരമായിട്ടു വേണം
ഇതത്രയും വാരിപ്പെറുക്കി
പഞ്ചായത്ത് ശ്മാശാനത്തില്‍കൊണ്ടുപോയി തള്ളാന്‍..

പിന്നെ
വീടുകള്‍ കയറി ഇറങ്ങി
മാസപ്പടി കൈപ്പ റ്റണം..

കഞ്ഞി വേവാനുള്ള തീപൂട്ടാന്‍
ഒരിത്തിരി ചപ്പു മാറ്റിയിടുകയും വേണം
മറക്കാതെ-
----------

Sunday 9 October 2011

പ്രതി / യോഗി

ചതുരംഗം-
എനിക്ക് ഇഷ്ടമില്ലാത്ത ഒരു കളിയാണ്

ജീവിതത്തിലും
ചതുരംഗ നീക്കങ്ങളുടെ
കൊടും പദ്ധതികള്‍
ഞാന്‍ വെറുക്കുന്നു

എന്നാല്‍
കണ്ടുമുട്ടുന്ന ഓരോരുത്തരും
എന്നെ
ചതുരംഗപ്പലകയുടെ
അക്കരെ നിന്ന് നോക്കുമ്പോ
ഞാന്‍ എന്ത് ചെയ്യാന്‍?

ഒരു കാര്യം ഉറപ്പാണ്
ആര്‍ക്കും എന്നെ തോല്‍പ്പിക്കാനാവില്ല

നിങ്ങള്‍ക്ക് ജയിക്കാനാവുന്നത്
ഒരു പ്രതിയോഗിയോട് മാത്രമാണ്

യോഗി
ജയാപജയങ്ങള്‍ക്കും
അതീതനാണ്..

നിസ്സംഗതയും
അറിവില്ലായ്മയും
അലസതയും സന്ധിക്കുന്നത്
ഏത് ത്രിവേണി സംഗമത്തിലാണ്?

ഞാന്‍ ചാടി മരിച്ചിരിക്കുന്നത്
ഏത് ചുഴിയിലാണ്?