ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

Wednesday 13 April 2011

ആമാശയം

ഇക്കണ്ട
ചരിത്രപുസ്തകങ്ങളെ
ഒക്കെയും
ഒറ്റ വാക്കില്‍
ഒതുക്കാന്‍
എനിക്കൊരു
വാക്ക് വേണമായിരുന്നു..

(ചരിത്രമെന്നാല്‍
മാനവന്‍റെ മാത്രം
എന്ന് ധരിക്കരുത്..

പ്രകൃതിയുടെ..
പച്ചയുടെ..)

എത്ര നല്ല വാക്കാവും
അത് അല്ലെ?

അതിനെ-
അതിനെ മാത്രം
ഒന്ന് പിന്‍വലിച്ചാല്‍
എത്ര ശൂന്യമായി പ്പോയേനെ
ഈ വീഥികള്‍ അത്രയും..

തീര്‍ച്ചയായും
അത്
പ്രകൃതിയുടെ
ഏറ്റവും നല്ല
ആശയം തന്നെ!

Tuesday 12 April 2011

കിളികുലം

ഒരിക്കല്‍
ഒരു വേടനും കിളിയും
മുഖാമുഖം കണ്ടപ്പോള്‍
കിളി ചോദിച്ചു..

വേടാ..
കൊല്ലും മുന്‍പ് എനിക്ക്
ഒരു കാര്യം അറിയണം..

നീയോ നിന്‍റെ അമ്പോ
ആരെയാണ് ദൈവം
ആദ്യം സൃഷ്ടിച്ചത്?

ആവനാഴിയില്‍ നിന്നും അമ്പൂരി
വേടന്‍ ധിക്കാരിക്കിളിയുടെ
നെഞ്ചിന്‍ കൂട് തകര്‍ക്കും
മുന്‍പ്
ദൈവം ഇടപെട്ടു
കിളിയെ ഭസ്മമാക്കി..

പാവം കിളി
മിനിമം
ഒരു പത്തു വര്‍ഷമെങ്കിലും
നിരാഹാരം കിടക്കാം
എന്ന് അത് മോഹിച്ചത്
പാഴിലായി..

Monday 11 April 2011

നീ

കരള്‍ പറിച്ചെറി യുന്ന
നിന്‍റെ ഈ ചിരിയുണ്ടല്ലോ..

അതിനി വേണ്ട.
നീയും വേണ്ട..

പ്രണയമേ..
നീ ഇല്ലാത്ത ഇടത്തിന്
എന്ത് ശാന്തത...

കാറ്റും കോളും മിന്നലും
താങ്ങാന്‍ ഇനി ഈ
മാന്തളിര്‍ മനസ്സിന് വയ്യ..

Sunday 10 April 2011

ഒരു സ്വയം പൊക്കിക്കവിത

സുഹൃത്ത് എന്നോട് ചോദിച്ചു
കള്ളു കുടിക്കാത്ത നീ എന്ത് കവി?

അരക്കവിയോ
കാക്കവിയോ അല്ലാത്ത ഞാന്‍
എന്നിട്ടും പറഞ്ഞു

നുരച്ചു പുളിച്ചു ദിവസവും
മുന്നില്‍ ഒരേ വടിവുകളോടെ
നീണ്ടു കിടക്കുന്ന
ഈ ജീവിത ലഹരിയുള്ളപ്പോള്‍
ഞാനെന്തിനു മറ്റൊരു
ലഹരിക്കുപ്പിയുടെ
ചെവിക്കു പിടിക്കണം?

കള്ളു കുടിക്കുന്നവന്‍ എങ്കിലും
കവി അല്ലാതിരുന്ന
സുഹൃത്ത് നീരസത്തോടെ
നടന്നു നീങ്ങി.

അവന്‍ ഒരു കവി അല്ലായിരുന്നു.

ആയിരുന്നെങ്കില്‍
എന്നെ
അഭിനന്ദിച്ച് ആശ്ലേഷിച്ചേനെ എന്ന്
മനസ്സില്‍ സ്വയം പൊക്കി
ഞാനും നടന്നു.