ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

Friday 31 December 2010

തലക്കെട്ടും ഉടലും വാല്‍ക്കെട്ടും ഉള്ള ഒരു നിസ്സാര കവിത..

തലക്കെട്ട്‌:

തീര്‍ച്ചയായും ഇതിനു മുന്‍പാരോ
ഈ കവിത എഴുതിയിട്ടുണ്ട്...

ഉടല്‍:

താന്‍ പഥ്യം
ദാമ്പത്യം

വാല്‍ക്കെട്ട്:

നാട്യം
എന്നൊരു വാക്ക് കൂടി
മനസ്സില്‍ കിടന്നു
കളിക്കുന്നുണ്ട്..
പഴയ ബസ്‌ കണ്ടക്ടര്‍
വിസിലിലെ
ഇളകിക്കൊണ്ടേയിരിക്കുന്ന
വിത്ത് പോലെ..

സ്വന്തം സ്ഥാനം
എവിടെയെന്നു
ഇനിയും തീര്‍ച്ചപ്പെടാതെ..

Friday 24 December 2010

പുതിയ കണ്ണട



കടക്കാരന്‍ പറയുന്നു
മങ്ങിയ കാഴ്ചകള്‍ അല്ല
നിങ്ങളുടെ പ്രശ്നം

ശരിയായ കണ്ണട ഇല്ലാത്തതാണ്.

കട നിറയെ
പലതരം കണ്ണടകള്‍..
പല നിറം കാഴ്ചകള്‍..

കടക്കാരന്‍ ഒരെണ്ണം എടുത്തു
നീട്ടുന്നു
ഇതാ..നിങ്ങള്‍ക്കു പറ്റിയ കണ്ണട ഇതാണ്
ഇതിലൂടെ നോക്കൂ..
നിങ്ങള്‍ക്കു വേണ്ട ലോകം
കാണൂ..

നോക്കിയപ്പോള്‍
ശരിയാണ്
എനിക്ക് പാകത്തില്‍
ലോകം ചാഞ്ഞും ചരിഞ്ഞും
ചിരിച്ചു കിടക്കുന്നു!!
ഒന്ന് ശരിക്കും കണ്ടു തീര്‍ക്കുക
മാത്രം മതി എന്ന പൊട്ടിച്ചിരിയോടെ..

ശരി തന്നെ.
പുതിയ കണ്ണട യിലൂടെ നോക്കുമ്പോള്‍
ലോകത്തിനു ഒരു കുഴപ്പവുമില്ല..
ഒരു കുറവുമില്ല.

മങ്ങിയ കാഴ്ചകള്‍
ആയിരുന്നില്ല പ്രശ്നം.

എനിക്ക് മനസ്സിലായി

പ്രശ്നം
മാര്‍ജിന്‍ ഇടാത്ത
നോട്ടങ്ങളായിരുന്നു.

Monday 20 December 2010

എട്ടുകാലി(ണി) പ്രണയത്തെപ്പറ്റി പറയുന്നത്.

നമുക്കിടയില്‍
ആ നിമിഷത്തിന്‍റെ
നിറവു
മാത്രം മതി..

അതിനുമപ്പുറം
മുഷിഞ്ഞു തൂങ്ങുന്ന
ജീവിതമെന്തിന്?

Thursday 16 December 2010

വെറുതെ

വേദന തിന്നുന്നത്
വികാര ജീവികള്‍ മാത്രമാണ്

ഒരു വികാരവും ഇല്ലാത്ത
കമ്മ്യൂണിസ്റ്റ്‌ പച്ചകള്‍
കാറ്റില്‍ തലയാട്ടി
ഉച്ചത്തൊടിയില്‍
നില്‍ക്കുന്നത് കണ്ടിട്ടില്ലേ

കഴുത്ത് വെട്ടുമ്പോള്‍
കരയാറില്ല

പക്ഷെ
ചങ്ക് പൊട്ടിയ
ചോരമണം
തൊടിയാകെ
മേലാകെ
നിറയും.

കരച്ചിലായിരിക്കില്ല.
വെയിലിന്റെ വാളു മിന്നിച്ച്‌
വേലിയോരത്തിലേയ്ക്ക്
മായം തിരിയുന്ന
മഞ്ഞച്ചേരയെ
കൂട്ടിനു വിളിക്കുന്നതാവണം.

വെയിലായ വെയിലൊക്കെ
കുടിച്ച് ഉന്മത്തയായി,
വയസ്സന്‍ പുളിമരങ്ങള്‍
ചെറുകാറ്റിനെ
ശീ ... ന്നു ആസ്വദിക്കുന്ന
നേരമാവും അത്.


ആ നേരത്തും
മനസ്സിനകത്ത്
മുള കരയുംപോലൊരു
കരച്ചില്‍
ഉരുവം കൊള്ളുന്നത്
എന്തിനോ എന്തോ?

Monday 13 December 2010

Inertia

Inertia of Motion

ഹലോ അച്ഛാ അമ്മേ
വെരി സോറി
ഇത്തവണ ക്രിസ്തുമസ്സിനു
ഞങ്ങള്‍ ഉണ്ടാവില്ല
തിരക്കാണ്
ചേട്ടന് ലീവില്ല
പൊടികള്‍ക്ക് ടെര്‍മിനല്‍ എക്സാം
വന്നു തലയില്‍ കയറി നിക്കുന്നു..

മരുന്ന് മുടങ്ങുന്നില്ലല്ലോ അല്ലെ?
പണിക്കാരി?

ലൈന്‍ ക്ലിയര്‍ ആവുന്നില്ലല്ലോ
കട്ട് ആയല്ലോ..

Inertia of Rest

നേരം വെളുത്തോ അന്നമ്മേ?
പത്രം ഇനീം വന്നില്ലാലോ..
പാല്‍ക്കാരി ഉറക്കത്തില്‍ പെട്ടോ ആവോ?

കിടന്നുറങ്ങുന്നുണ്ടോ മനുഷ്യരെ?
നട്ടപ്പാതിരായ്ക്ക്
ഉറക്കം കെടുത്താനേക്കൊണ്ട്?

നീ ഒറങ്ങ് .. നീ ഒറങ്ങ് ..
ഞാനീ വരാന്തയില്‍ ഇരുന്നു
പിന്‍ ന് ലാവ് കണ്ടോട്ടെടീ

ഇതെന്താ
ചന്ദ്രനും ഉറക്കത്തിലായോ?
അനക്കം മുട്ട്യോ?

Saturday 11 December 2010

മാനം

ചുംബിക്കുമ്പോള്‍
ചുണ്ടുകളുടെ
മൂന്നാം മാനത്തിന്‍റെ
വര്‍ത്തുള ചാരുത ഓര്‍ത്താവണം നീ
പുളകം കൊണ്ടത്‌..

സ്ഥല-സമയ ഗ്രാഫിനെ പറ്റി
*ഹോക്കിന്‍ പറഞ്ഞത്
നീ വായിച്ചിരിക്കാന്‍ ഇടയില്ല..

അത് കൊണ്ടാണല്ലോ
ഞാനെന്നും
നാലാം മാനത്തില്‍
നിന്നെ വഞ്ചിച്ചു കൊണ്ടേയിരിക്കുന്നത്...

*Stephen Hawkin

Wednesday 8 December 2010

അലക്ക്.

ഓരോ കാലത്തിനും പാകത്തിനും
ഓരോ മനസ്സ് ഉണ്ടായിരുന്നെങ്കില്‍
എത്ര നന്നായിരുന്നു

അടിവസ്ത്രങ്ങള്‍ പോലെ
എണ്ണത്തില്‍ കൂടുതല്‍.

ഇത് -
ഒരേ മനസ്സിനെ തന്നെ
അലക്കി വെളുപ്പിച്ചു
ഉണക്കി
മതിയായി..

പിഞ്ഞിരിക്കുന്നു.
വലത്തേ മൂലയില്‍
ആദ്യ മരണം കണ്ട
ഞെട്ടലിന്റെ മഞ്ഞളിപ്പ് .

ഈ കാണുന്ന കരിവാളിപ്പ്
ആദ്യ പ്രണയത്തിന്റെ
പൊള്ളലായിരുന്നു..

അയ്യേ നീ ഒറ്റ.. നീ ഒറ്റ
എന്ന
സ്വയം തിരിച്ചറിവിന്റെ
മരവിപ്പാണീ
ഭാഗത്തെ പരുപരുപ്പ്..

പ്രണയങ്ങളില്‍ നനഞ്ഞു കുതിര്‍ന്നും
പിന്നെ തകര്‍ന്നും
അവഹേളന ങ്ങളില്‍
ചേറൂ പുരണ്ടും
പ്രതീക്ഷകളില്‍ ആളിപ്പടര്‍ന്നും
പിന്നെ പുകഞ്ഞു കെട്ടും
മങ്ങിമങ്ങി
നിറം കെട്ടു ഈ തുണി..

ഇനി വീണ്ടും വീണ്ടും
ഇതിനെ
അലക്കി വെളുപ്പിച്ചു
ഉമ്മറത്ത്‌
ഉണക്കിയിടുന്നതെങ്ങിനെ?

Monday 6 December 2010

ശുഭ പന്തുവ്യവസായി.

ഒറ്റ നോട്ടത്തില്‍
ഏതോ ഒരു കര്‍ണ്ണാടക രാഗം
തെറ്റി എഴുതിയതാണെന്ന്
നിങ്ങള്‍ കരുതിയേക്കും..

രണ്ടാമതൊരു ചിന്തയില്‍
ഏയ്‌ ഇത് അതല്ല..
കാര്യങ്ങള്‍ നല്ല രീതിയില്‍
അവസാനിച്ചു എന്നത്
അക്ഷരത്തെറ്റുകളോടെ അവതരിച്ചതാവും
എന്നൊരു തിരുത്തും തോന്നാന്‍ ഇടയുണ്ട്.


ഞങ്ങള്‍ ഏഴാംതരം ബീ ക്കാരുടെ
പിന്‍ ബെഞ്ച്‌ സര്‍ഗാത്മകതയുടെ
ഉത്തമോദാഹരണമാണീ വാക്കെന്നു
നിങ്ങള്‍ കരുതുകയേയില്ല..


വ്യവസായി പരമുവി ന്‍റെ
അമിത വളര്‍ച്ചയുള്ള
ഒരേയൊരു മകള്‍ ശുഭയെ നിങ്ങള്‍
അറിയാന്‍ വഴിയില്ലല്ലോ..

ഞങ്ങള്‍ പിന്‍ബെഞ്ചുകാരാകട്ടെ
അഞ്ചാം തരം തൊട്ടേ സര്‍ഗധനര്‍

പത്താം തരം ആകുമ്പോഴേയ്ക്കും
പഠിപ്പു മതിയാക്കി
ശുഭ പോയത് പക്ഷെ
ഞങ്ങളുടെ ശല്യം കൊണ്ടൊന്നും ആയിരുന്നില്ല..

പട്ടണത്തിലെ ഏതോ ഒരു
വ്യവസായ പ്രമുഖന്‍റെ ഭാര്യയാവാന്‍
ആ പഠിപ്പു ധാരാളം എന്ന്
പരമു പറഞ്ഞു പോലും.

അല്ലെങ്കിലും ജീവിതത്തിന്‍റെ പഠിപ്പു
മുന്‍ ബെഞ്ചുകളിലേയ്ക്കും
സ്കൂള്‍ വാധ്യാന്മാരുടെ പഠിപ്പു
പിന്‍ ബെഞ്ചുകളിലേയ്ക്കും
എത്തുന്ന ഒരു കാലമായിരുന്നില്ലല്ലോ
അത്.

Monday 29 November 2010

ചില്ലേര്‍

തികച്ചും
അപ്രതീക്ഷിതമായി
ഇന്നലെ
ഒരു തുണിപ്പന്ത്
വന്നെന്റെ മുതുകത്തു കൊണ്ടു.

തിരിഞ്ഞു നോക്കിയത്
ഭൂതകാലത്തിന്റെ
ഫ്രെയിമിലേക്ക്

നീ പെട്ടു നീ പെട്ടു
എന്ന് തുള്ളിച്ചാടി
തിരിഞ്ഞോടുന്നു
മരിച്ചു പോയ
എന്റെ ബാല്യകാല സുഹൃത്ത്‌

ഞാനും
അവനും
ഭൂത - വര്‍ത്തമാനത്തില്‍
കാലൂന്നി
ചില്ലേറുകളിയിലായിരുന്നു.

Friday 26 November 2010

എന്റെ പിഴ എന്റെ പിഴ..

കാലത്തേ തുടങ്ങിയതാണ്‌
ഓട്ടം
ഇനിയും തീര്‍ന്നിട്ടില്ല

അതിനിടയിലാണ്
ഹെല്‍മെറ്റ്‌ ധരിക്കാഞ്ഞതിനു
പോലീസ് തടഞ്ഞു നിര്‍ത്തി
പിഴയിട്ടത്..

പറഞ്ഞിട്ട് കാര്യമില്ല..
അപകടം വല്ലതും
സംഭവിച്ചാല്‍
ജീവന്‍ തന്നെ പോയെന്നു വരും
ഇങ്ങനെ പിഴ ചുമത്തിയാലെ
നമ്മളൊക്കെ പഠിക്കൂ .

പിഴ
ശിരസ്സാ വഹിച്ചു വണ്ടി വിട്ടു.
ഇനി
റോഡിലെ ഉടനീള കുഴികളില്‍
ചക്രം കുരുങ്ങാതെ
ഓടിച്ചു വീടെത്തണം വൈകാതെ

എന്നിട്ട് വേണം..

ബിവറേജസ് -ല്‍
ക്യൂ നിന്നു വാങ്ങിയ പൈന്റ്
അളിയനുമൊന്നിച്ചു അടിച്ചു തീര്‍ക്കാന്‍ .


തമിഴ്നാട്ടില്‍ നിന്ന് വന്ന മരുന്നടിച്ച
കായ കൊണ്ട്
ഭാര്യ ഉണ്ടാക്കിയ
ടച്ചിങ്ങ്സ് കൂട്ടിനുണ്ടാകും.

ഒന്ന് പുകയ്ക്കുകയും വേണം.

പോലീസിനെ
പറഞ്ഞിട്ട് കാര്യമില്ല..
നിയമം നിയമത്തിന്റെ വഴിക്ക്
നീങ്ങണം.

തല സേഫ് ആവണം.
അടുത്ത കാനേഷുമാരിക്ക്
എണ്ണം കൊടുക്കേണ്ടതല്ലേ?

Tuesday 23 November 2010

അവിഹിതം

തെളി വെള്ളം-
ആഴ തണുപ്പ് -

ഓരോ തവണ
മുങ്ങി നിവര്‍ന്നു
കര പറ്റുമ്പോഴും
കാലില്‍ ചേറുപുരളുന്നു

കടവുകള്‍ ഇല്ലാത്ത
കുളമാണ്

വെള്ളത്തിന്‌ ചുറ്റും
ചേറാണ്.

Sunday 21 November 2010

പാമ്പും കോണിയും

വൈകീട്ട്
ഓഫീസ് ചതുരം വിട്ട്
നിരത്തിലേക്ക്
ചിതറിത്തെറിക്കുമ്പോഴാണ്,

ബീ എം ഡബ്ലിയു വില്‍
പാഞ്ഞു വന്നു
വഴിയരികില്‍ ചവിട്ടി നിര്‍ത്തി
കേറുന്നോ ടൌണില്‍ വിടാം
എന്ന് സ്വര്‍ണ്ണ ചിരി ചിരിച്ചത്,
ബാല്യകാല സഖാവ്

പത്താം ക്ലാസ്സില്‍
കണക്കു പരീക്ഷയ്ക്ക്
ഒരേ ബെഞ്ചിലിരുന്നു
പാമ്പും കോണിയും കളിച്ചവര്‍ ഞങ്ങള്‍.

അവന്‍ 12 മാര്‍ക്കിന്റെ പകിട എറിഞ്ഞു
കോണിയിലേക്ക് തോറ്റപ്പോള്‍
ഞാന്‍ 99 ന്റെ പാമ്പിലേയ്ക്കു
അഹങ്കരിച്ചതായിരുന്നു.

കാറില്‍ ഇരുന്നു അവന്‍
കോടികളുടെ കണക്കുകള്‍ പറയുന്നു..

ഞാനോ എന്റെ ജീവിതത്തെ
എണ്ണിയെണ്ണിക്കുറയുന്നു

Saturday 20 November 2010

പസഫിക്

കൈത്തോടിനരികിലൂടെ പോയപ്പോഴാണ്,
കടലിന്‍റെ കുത്തുന്ന മണം.

കാമുകിക്ക് പരാതി,
വിങ്ങ്സ് ഉള്ള പാഡ് ഈ
ഓണം കേറാമൂലയില്‍ എവിടെ കിട്ടാനാ എന്ന്.

ഏതു ചിറകുകള്‍ക്കാവും
ചിറകെട്ടി നില്‍ക്കുന്ന കടല്‍ മണത്തെ
ഇങ്ങനെ ആവാഹിക്കാന്‍ എന്ന ആത്മഗതത്തെ
അവള്‍ കേട്ടില്ലെന്നു തോന്നുന്നു..

ധൃതിവച്ചു വീശിയ കാറ്റിലേയ്ക്ക്
മൂക്ക് കൊടുത്തു ഞാന്‍
പസഫിക്കിനെ ധ്യാനിച്ചു.

അപ്പോഴുണ്ട് :
ഏതു പാഡിനുമാവില്ലീ
കടല്‍ച്ചൊരുക്കിനു തടയിടാന്‍
എന്നവള്‍ പാരടി പാടുന്നു.

കുലട.

Friday 19 November 2010

ഇന്നലത്തെ മഴ

ഇന്നലെ പെയ്ത മഴയില്‍
കൊഴിഞ്ഞു വീണത്‌
പഴുത്ത ഇലകള്‍ മാത്രമല്ല.

മുറ്റം നിറയെ
പച്ചയിലകള്‍..
മണ്ണോടു ചേര്‍ന്ന്,
മാനം നോക്കി,
തണുത്ത ഹൃദയങ്ങള്‍ പോലെ..

ഒരില
ഭൂമിയില്‍ നിന്നും
അടര്‍ത്തിയെടുക്കുമ്പോള്‍
ചെളിയുടെ ചോരഞരമ്പുകള്‍ കണ്മിഴിക്കുന്നു.

ഇല തണുത്തതാണെങ്കിലും
അവയ്ക്കടിയിലെ മണ്ണിനു
ചോരച്ചൂട്..

സൂര്യനില്ലാത്ത മാനം
ഒരീറന്‍ തുണി .

പൂവിലോ
കായിലോ
മഴവില്ലിലോ
അല്ല പ്രണയം..

ഈ ഇലകളില്‍

ഭൂമിയോട് ചെവി കോര്‍ത്ത
ഈ ഇലകളില്‍..

കനവ്‌

ഇന്നലെ ഒരു കിനാവ്‌ കണ്ടു.
ഞാന്‍ കഴുമരത്തിന്‍റെ നിഴലില്‍.

എന്തെങ്കിലും കുറ്റം ചെയ്തു കാണണം.
അല്ലെങ്കില്‍ കുറ്റമേ ചെയ്തിട്ടില്ല എന്നും വരാം.

ഒരു പക്ഷെ
ഞാന്‍ ചെയ്ത ശരി,
ലോകത്തിനു കുറ്റമാവാനും മതി.
സ്വപ്നമല്ലേ.. സാധ്യത പലതാണല്ലോ.

നിശ്ശബ്ദമായി അവസാനത്തെ രാത്രി.
നിമിഷങ്ങള്‍ വറ്റിത്തീരുന്നതറിയിച്ച് കൊണ്ട്
കാവല്‍ക്കാരന്‍റെ കാലടി ശബ്ദങ്ങള്‍.

അവസാനമായി കാണാന്‍ വന്ന
പരിചയക്കാരന്‍ കൂടി
കണ്ണ് തുടച്ച്,
ശരി ഇനി ശവം ഏറ്റു വാങ്ങുമ്പോള്‍
നി ന്‍റെ അടഞ്ഞ കണ്ണുകള്‍ക്ക്‌
പിറകില്‍ നിന്ന് കാണാം
എന്ന് പിരിഞ്ഞപ്പോള്‍,
പക്ഷെ എന്തോ.. സ്വപ്നം
മുറിഞ്ഞു പോയി.

അല്ലായിരുന്നെങ്കില്‍
ഒരു രക്ഷകന്‍ വന്നേനെ എന്നും,
എല്ലാ കെട്ടുകളും പൊട്ടിച്ചു രക്ഷി ച്ചേനെ എന്നും
ഞാന്‍ എന്‍റെ മനസ്സിനോട് കള്ളം പറഞ്ഞു.

പിന്നെ
ഇരുട്ടിനെ നോക്കി പല്ലിളിച്ച്‌
ജീവനുണ്ടെന്നു ഉറപ്പു വരുത്തി
കമിഴ്ന്നു കിടന്നു..

സ്വപ്നങ്ങളില്‍ നിന്നും
മനസ്സിനെ അടച്ചു പിടിച്ചു..

...

Friday 12 November 2010

സൂ -ചി

പൊള്ളയായ ലോകം
ഇങ്ങനെ വീര്‍ത്തു വീര്‍ത്തു
വരുമ്പോള്‍

നിന്നെ പോലെ ഇടയ്ക്കിടയ്ക്ക്
ആരെങ്കിലും അവതരിക്കണം..

ടപ്പേ ന്നു കുത്തി പ്പൊട്ടിക്കാന്‍

പാട്ട

പഴയ പാത്രങ്ങള്‍,
കടലാസ്സുകള്‍,
പുസ്തകങ്ങള്‍,
കൊടുക്കാനുണ്ടോ എന്ന
നിലവിളിയുമായി
ഒരു സൈക്കിള്‍ കാരന്‍
എന്‍റെ മുന്‍പില്‍.

വീട് മുഴുവന്‍ പരതിയിട്ടും
ഒരു പഴയതും കിട്ടിയില്ല,
വിറ്റു കാശാക്കാന്‍.

ഒടുവില്‍ ഞാന്‍ എന്‍റെ
ഉള്ളിലേക്ക് കയ്യിട്ടു..
ഒരു മൂലയില്‍ പഴയ
ഒരു പ്രണയം കിടപ്പുണ്ടായിരുന്നു.

സൈക്കിള്‍കാരന്‍ അത്
കയ്യില്‍ തൂക്കി ഭാരം നോക്കി..
പിന്നെ ഒരു മഞ്ഞച്ച ചിരി
മാത്രം വിലയായി തന്നു..

അയാള്‍ എന്‍റെ പ്രണയത്തെ
ചാക്കിലാക്കിയില്ല..

ഭാരം കുറഞ്ഞവ
അയാള്‍ എടുക്കാറില്ല പോലും.

Friday 5 November 2010

ബോണ്‍സായ്

ഒരു ചെറിയഇടവേളയില്‍
എന്തൊക്കെ ചെയ്തു കഴിഞ്ഞു!!

ഇന്നലത്തെ ഫുള്ളി ന്‍റെ ബാക്കി
രാജേട്ടന് കൊണ്ടേ കൊടുത്തു
പാന്‍പരാഗ് സ്റ്റോക്ക്‌ തീര്‍ന്നത്
ഒരു മാല സംഘടിപ്പിച്ചു.
വരുന്ന വഴി സെല്ല് റീ ചാര്‍ജ് ചെയ്തു
ചെല്ലക്കിളിയുടെ കുട്ടി സന്ദേശത്തിന്
മറുസന്ദേശം വിട്ടു.

ദൂരെ നിന്നേ മണി മുഴങ്ങുന്നത് കേട്ടു.
മുറ്റത്ത്‌ അല തല്ലുന്ന കടലിനു
ഒരു നിമിഷം കൊണ്ട് വേലിയിറക്കം.

ശൂന്യ വരാന്തയിലൂടെ
അവന്‍ ഏഴു ബീയിലേക്ക് പാഞ്ഞു.

മാഷ്‌ വന്നിട്ടുണ്ടോ ആവോ!!

കോറിമറന്നിട്ടത്

എന്‍റെ പ്രണയം

വാലാട്ടി വാലാട്ടി നില്‍ക്കുമ്പോള്‍
ഇടയ്ക്ക് സ്നേഹം
വിളമ്പിത്തരാറുണ്ട്..

പിന്നെ-
മൌനത്തിന്‍റെ
അവഗണനയുടെ
കൂര്‍ത്ത കല്ലുകള്‍
മുഖം നോക്കാതെ വീശി എറിയും.
'പോ പട്ടീ മുന്‍പീന്നു' എന്ന ചെത്തി ക്കൂര്‍പ്പിച്ച മൌനം.

ചലവും ചോരയും ഒലിക്കുമെങ്കിലും
ഞാനപ്പോഴും വാലാട്ടുന്നു.

ഇടയ്ക്ക്
വല്ലപ്പോഴുമൊക്കെ
സ്നേഹം വിളമ്പിത്തരാറുണ്ടല്ലോ..



ജീവിതം

കടലാസ്സില്‍
ഒരു പൂ വരയ്ക്കാന്‍ തുടങ്ങി.

പൂമ്പൊടി,
ഇതളുകള്‍,
കമ്പ്, ഇലകള്‍..

ചന്തത്തില്‍ ചായം പൂശി.

എല്ലാറ്റിനും ഒടുക്കമാണറിഞ്ഞത്..
കടലാസ്സു പിഞ്ഞിരിക്കുന്നു..

കയ്യൊപ്പിടാന്‍ പോലും
ഇടമില്ലാതെ..



എന്ത് ചെയ്യണം?


നീയാണെന്നിലെ രോഗം

അതിനുള്ള ചികിത്സയും
നീ തന്നെ.

പ്രണയമേ
ഞാനിനി എന്ത് ചെയ്യണം?



പുഴ



തടാകം-
മഴവില്ല്-

ഇല്ല

പ്രണയത്തെ കുറിച്ച്
പറയുമ്പോള്‍
അത്തരം സ്വച്ഛ് ബിംബങ്ങള്‍
പറയാന്‍
എനിക്കാവില്ല.

ഞാനിപ്പോഴും പുഴ തന്നെയാണ്..
കരകവിഞ്ഞൊഴുകുന്ന
പഴയ പ്രതാപിയായ പുഴ.

എന്‍റെ അരികിലേയ്ക്ക് വരരുത്.

കടപുഴകി എന്നിലേയ്ക്ക് അടിയാനും മതി.



ഏകാന്തത


കമ്പ്യൂട്ടര്‍
സ്ക്രീനില്‍ വാക്കുകള്‍ ചരടുകളില്ലാത്ത പട്ടങ്ങള്‍ പോലെ..
വരികള്‍ക്കിടയിലെ
വെളുത്ത ആകാശത്തില്‍
ഉറഞ്ഞുപോയിരിക്കുന്നു.

കരച്ചിലിന്‍റെ കടല്‍ത്തീരത്ത്‌
കാറ്റ് കൊള്ളാനെത്തുന്നവര്‍
സുഖാന്വേഷികള്‍ ..

എത്രയും അടുപ്പമുള്ളവര്‍
എന്തുമാത്രം അകലത്താണെന്ന്
കറുത്ത മാനത്ത്
ചന്ദ്രന്‍ ചിരിക്കുന്നു

അകലം കൂടുംതോറും
എല്ലാം മുക്കുത്തിച്ചന്തങ്ങള്‍ എന്ന്
കുഞ്ഞു നക്ഷത്രങ്ങള്‍..

എന്നില്‍ നിന്നെന്നിലേക്ക്
ഒരു ഭൂമിയോളം
ചുറ്റി വരണമെന്ന്
ഭൂമിശാസ്ത്രാ ധ്യാപകന്‍.

ഞാന്‍ പോലും കൂട്ടിനില്ലാത്ത
എന്‍റെതു എന്തൊരു ഏകാന്തത.

..

Thursday 4 November 2010

...........................................കുടം

കിളച്ചു കിളച്ചു വന്നപ്പോള്‍
കിട്ടിയത് ഒരു കുടമായിരുന്നു .
ഒന്നുമില്ലാത്ത ഒരു മണ്‍കുടം.

ഒന്നുമില്ലെന്ന് പറഞ്ഞത് തെറ്റ്.
അതിനകം നിറയെ മാറാലയായിരുന്നു.
ചിലന്തി, അതിന്‍റെ മുട്ടകള്‍,
ഇര..

അതെങ്ങനെ ശൂന്യതയാവും?

അതൊരു വീടല്ലേ?
കുടുംബമല്ലേ?
കെണിയല്ലേ?

വേശ്യയുടെ മുറി

എന്നും കാലത്ത്
നിലമടിച്ചു വൃത്തിയാക്കുമ്പോള്‍
കുറേ വാക്കുകള്‍ കളഞ്ഞു കിട്ടാറുണ്ട്.
ഉറഞ്ഞു കട്ടയായി
മുറിയുടെ പല മൂലകളില്‍
മുഖം പൂഴ്ത്തിക്കിടക്കുകയാണവ.

കരളേ, പൊന്നേ, ഹാ..

വാക്കുകള്‍ പലതാണ്.
വലുതും ചെറുതുമായ വാക്കുകള്‍.

വാചകങ്ങളും വിരളമായുണ്ട്.

പലതും പുലര്‍ച്ചെയാവുംപോഴെയ്ക്കും
മുറിഞ്ഞു പോയിരിക്കും.

വാക്കുകള്‍ അക്ഷരങ്ങള്‍ ആയി പിരിഞ്ഞും കിടക്കാറുണ്ട്.

എന്നും കാലത്ത് നിലമടിച്ചു വൃത്തിയാക്കുമ്പോള്‍
അക്ഷരങ്ങള്‍ എണ്ണിനോക്കാറുണ്ട്.
തലേന്നത്തെ പ്രണയത്തിനിടയില്‍
തെറിച്ചു തൂവിപ്പോയവ.

ഏറ്റവും അധികം എണ്ണത്തിലുള്ളത്
'പ' എന്ന അക്ഷരം ആകുന്നു.

പൊന്നേ, പൂവേ, തൊട്ടു പൊലയാടി മോളേ വരെ
അതങ്ങനെ വ്യാപിച്ചു കിടപ്പാണല്ലോ

Monday 1 November 2010

പേര്

ഒരിക്കലും
തുറക്കില്ലെന്ന് ശപഥം ചെയ്തു സൂക്ഷിച്ച
പെട്ടി

അത് ഞാന്‍ തന്നെയാണ്
ഇന്നലെ തുറന്നത്..

നിനക്ക് കാണിക്കാ നൊന്നുമല്ല ഞാന്‍ അത് ചെയ്തത്..

അങ്ങനെ ഓരോന്ന് പറഞ്ഞു പറഞ്ഞു
അറിയാതെ തുറന്നു പോയതാണ്..

നിറയെ തൂവലുകള്‍..
കാറ്റ് പോയ ഒരു ബലൂണ്‍
ഫ്രെയിം മാത്രമുള്ള
ഒരു സ്ലെയിറ്റ് ..

പച്ചപ്പ്‌ വാര്‍ന്ന ഒരു
ആലിലയുടെ അസ്ഥികൂടം..

ഇതൊക്കെ നീ പ്രതീക്ഷിച്ചതിനു ഞാന്‍ എന്ത് പിഴച്ചു ?

മുട്ടയിട്ടു പെരുകിയ സര്‍പ്പക്കുഞ്ഞുങ്ങള്‍ക്ക്
ഇനി നല്ല നല്ല പേരുകള്‍
കണ്ടു വയ്ക്കണം...

മകുടി വേണ്ട..
പേരുള്ള പാമ്പുകള്‍ക്ക്
ആരും മകുടി ഊതാ റി ല്ല


എന്നെയോ?

പാമ്പാട്ടി എന്ന്
വിളിക്കാം എന്നെ..

മറ്റു പേരുകള്‍ സാധാരണ
പാമ്പാട്ടിക്കു
പറഞ്ഞു കേള്‍ക്കാറില്ല.

കണക്ക്

ഇപ്പൊ കണക്കുകള്‍ കിട്ടാറില്ല

മുന്‍പൊക്കെ കാറ്റ് തൊടുമ്പോ പറയും
ഏതാ ഞാറ്റുവേല എന്ന്..

മഴ വെയില്‍ എല്ലാറ്റിന്റെയും
കണക്കുകള്‍ കയ്യില്‍ ഉണ്ടായിരുന്നു..

ഇപ്പൊ എല്ലാം പിഴയ്ക്കുന്നു
കുട്ടികള്‍ ചിങ്ങം കന്നി..ചൊല്ലാറില്ല.
അശ്വതി ഭരണി എന്ന് കേട്ടാല്‍
ചിരിക്കുന്നു..

വിത ഞാറു എന്നൊക്കെ പറയാനും കേള്‍ക്കാനും കൊതി...

കളികള്ക്കൊന്നും ഉശിരില്ലാത്ത
ഒരു കാലം

ഇതൊക്കെ എന്റെ മുത്തശ്ശി എന്നോട് പറഞ്ഞത്
വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നു ..

ഞാന്‍ ഇതൊക്കെ ആരോടാ ഒന്ന് പറയേണ്ടത്?
എന്ന് പറയാന്‍ തുടങ്ങിയതെ ഉള്ളൂ
അപ്പോഴേയ്ക്കും കണ്ടില്ലേ..

മുടിഞ്ഞ ഗൃഹാതുരത ..
എന്ന് നിങ്ങളുടെ മുഖം കോടിയത്‌..

Wednesday 27 October 2010

കടംകഥ

നിറയെ കുനുകുനുത്ത ഇലകളുള്ള,

ആകാശ മാറിലേയ്ക്ക്
ചില്ലവിരലുകള്‍ പതിച്ചു
നില്‍ക്കുന്ന,

ഒരു മെലിഞ്ഞ മരത്തിന്‍റെ
ചുവടെ
ഞാന്‍ കാത്തു നില്‍ക്കാം..

എന്‍റെ ആട്ടിന്‍ പറ്റത്തെ
ദൂരചോലയില്‍
ദാഹശാന്തിക്കായി
പറഞ്ഞു വിടാം..

നീ വരണം..

നീ വരും മുന്‍പ്
ഞാനെന്‍റെ
കാമക്കനലുകളെ
വീശിവീശി
കനപ്പിക്കാതെ
ഉറക്കിക്കിടത്താം

അപ്പോള്‍
കുരുന്നു പുല്ലുകള്‍
കാറ്റില്‍ ചാഞ്ചാടി
ഉടനീളം രോമാഞ്ചം വിതയ്ക്കും


കയറൂരി പുളയ്ക്കുന്ന
ചിന്തകളെ തളച്ചിട്ട്
പ്രണയം എന്നത്
തീ മാത്രമല്ല
തണുത്ത കാറ്റ് കൂടിയാണ്
എന്ന് എനിക്ക്
പഠിക്കണം ...

നീ വരുമോ?

Saturday 23 October 2010

ഉറക്കം

നോക്കൂ

ഇതാ എന്‍റെ ഹൃദയം എന്‍റെ ഹൃദയം
എന്ന നിലവിളിക്കവിതയുമായ്
ഒരു ഭ്രാന്തന്‍ കാറ്റ്
ഇതിലെ കടന്നു പോയിരുന്നു അല്ലെ?

നിങ്ങളെന്ന പോലെ
ഞാനും ഉറക്കത്തില്‍ ആയിരുന്നു..

ഉറക്കത്തില്‍
മനോഹര സ്വപ്നങ്ങളും
കൂട്ടിനുണ്ടായിരുന്നു അല്ലെ?

കാറ്റ് വിതച്ച
വേദനയുടെ വസൂരി വിത്തുകള്‍
വെയില്‍ മരങ്ങളായി
ഇനി എന്നാണാവോ പൂക്കുക?

ഒരു തണല് വേണം
ഒരു തെന്നല്‍ വേണം
എന്ന്
ഇനി നമ്മള്‍ എന്നാണാവോ അലയുക!

ഇഷ്ടം

ചില ഇഷ്ടങ്ങള്‍ മണ്ണിരകളെപ്പോലെയാണ്


വെളിപ്പെടുത്തിയാല്‍
പിന്നെ അറപ്പോടെ
വെറുപ്പോടെ...

നനഞ്ഞ ശരീരം ഇഴച്ചിഴച്ച്

മണ്ണിനടിയില്‍
സ്വകാര്യതയില്‍
അതെത്ര സ്നിഗ്ദ്ധ സുന്ദരം..

Friday 22 October 2010

അയ്യപ്പന്‍

ആട്ടിങ്കുട്ടിയാണ് എന്നാണു ആദ്യം കരുതിയത്
വഴിയോരത്ത്,
ക്ഷീണിച്ചു
ചോര ഒലിച്ച്...





ബുദ്ധനായിരുന്നു..






...

Saturday 16 October 2010

കെറുവ്

കാലത്ത് തന്നെ
വാതിലില്‍ മുട്ടി
ആരാണ് ശല്യം...

നോക്കുമ്പോള്‍
ഒരു ഇളം കാറ്റായിരുന്നു

കാറ്റിനു ഊഞ്ഞാല്‍ വേണമായിരുന്നു എന്ന്..

പോയി പണി നോക്കാന്‍ പറഞ്ഞു..

ഉമ്മറത്തൊരു ഊഞ്ഞാലൊക്കെ ഇടാന്‍
ഇനിയാര് ലോണ്‍ തരാനാ..

മുറിവ്

മനസ്സ്‌
കോമ്പസ് പോലെ
ചുറ്റിത്തിരിഞ്ഞു കറങ്ങി
നടക്കുന്നു..

മുന്നില്‍ പിന്നിട്ട വര..
പിന്നില്‍
വരാനിരിക്കുന്ന വഴി!!

ഒരേ വൃത്തത്തിലൂടെ ..
സ്വന്തം വിസ്സര്‍ജ്ജന വഴികളിലൂടെ..

എഴുതുന്നതെല്ലാം
പ്രണയത്തെ പറ്റി ആവുന്നത്
എന്ത് കൊണ്ടാവാം?

ഒരുപക്ഷെ -
പ്രണയിക്കാന്‍ അറിയാത്തത്
കൊണ്ടാവാം..

Friday 15 October 2010

വില

സ്വപ്നത്തില്‍ ഇന്നലെ ഈശ്വരന്‍ പ്രത്യക്ഷപ്പെട്ട്
ഒരു വരം ചോദിയ്ക്കാന്‍ ആവശ്യപ്പെട്ടു.
ആരും എന്നെ ഭരിക്കാത്ത ആരെയും ഞാന്‍ ഭരിക്കാത്ത ഒരു നാടാണ് ഞാന്‍ ആവശ്യപ്പെട്ടത്

സ്വപ്നമായിരുന്നിട്ടും ഈശ്വരന്‍ എന്‍റെ ചെകിടടിച്ചു പൊളിച്ചു

വിലപ്പെട്ട സമയം കളഞ്ഞതിന് തെറി വിളിച്ചു..

ശരി തന്നെ.
സ്വപ്നം ആയാലെന്താ..
ഞാന്‍ അങ്ങോരുടെ സമയം പാഴാക്കരുതായിരുന്നു.

Tuesday 12 October 2010

അടയാളം


പ്രണയത്തിന്റെ സൈറ്റിലേയ്ക്ക്
കയറാന്‍ തുടങ്ങിയതായിരുന്നു..

പക്ഷെ കാലം തടഞ്ഞു നിര്‍ത്തി
പാസ്സ്‌വേര്‍ഡ്‌ ചോദിയ്ക്കുന്നു..

നഷ്ട്ടപ്പെട്ടു പോയ മുദ്ര മോതിരമോ
കളഞ്ഞു പോയ ഒരു ഒറ്റച്ചെരിപ്പോ
എന്താണ് ഞാന്‍ പകരം വയ്ക്കേണ്ടത്?

ശൂന്യ സ്ക്രീനില്‍
ഹൃദയത്തിന്റെ കര്‍സര്‍ മാത്രം
മിടിച്ചു കൊണ്ടേ ഇരിപ്പാണ്..

അടുത്തൊരു വാക്കിനു
അര്‍ത്ഥപൂര്‍ണമായ ഒരു
ചുംബനത്തിനു..

Saturday 4 September 2010

നിരന്തരം

നിതാന്തം
നിശ്ചലം നിന്ന് കൊടുക്കുന്ന
മരത്തിന്റെ മാറില്‍
മരംകൊത്തി
പ്രണയം തുരക്കുന്നു

കടല്‍
കരയോട്
പ്രണയത്തെ പറ്റി പറയുന്നു
നിരന്തരം തിരയിലൂടെ

മാറി മാറി വരുന്ന
തിരകളോ മരംകൊത്തി കളോ
സത്യത്തില്‍ പ്രണയത്തെ
പുതുക്കി പണിയുന്നില്ല

എന്നിട്ടും ആ വേദനക്കും
തലോടലിനും
എന്താണിങ്ങനെ
ഒരു ഒടുക്കത്തെ പുതുമ!

Friday 3 September 2010

പെണ്ണെഴുത്ത്

പ്രണയം നിറയുമ്പോള്‍
ഞാന്‍ ഒരു നനഞ്ഞ തുണിയാവുന്നു

പിന്നെ എന്നെ ആരും കാണാതെ
ചുരുട്ടി മടക്കി ഒളിച്ചു വയ്ക്കലായി..

എല്ലാവരും കാണ്‍കെ
കാറ്റും വെയിലും കൊള്ളിച്ചു
ഞാനിനി എപ്പോഴാണ് ഈശ്വരാ
എന്നെ ഒന്ന് ഉണക്കി എടുക്കുക?

ജനാധിപത്യം

ഇടയ്ക്കിടെ
ഇടതു ചൂണ്ടു വിരലില്‍
ജനാധിപത്യം
തീണ്ടാരിയാവാറുണ്ട്
തേച്ചാലും മാച്ചാലും
കുളിച്ചാലും പോകാത്ത
തീണ്ടാരി ക്കറയായി
അതങ്ങനെ മാസങ്ങളോളം

അങ്ങാടി

എന്നുമെന്ന പോലെ
ഇന്നും
പതിവ് പൊട്ടിത്തെറികള്‍ക്കൊടുവില്‍
അമ്മയുടെ കണ്ണുകള്‍
നിശബ്ദം എന്നോട് ചോദിക്കുന്നു

നീ ഇന്നും അങ്ങാടിയില്‍ തോറ്റു അല്ലേട?

ആലില

സമയമില്ലായ്മയുടെ
വലിഞ്ഞു മുറുക്കിയ കമ്പിയിലൂടെ
ധൃതിയില്‍ യാത്ര ചെയ്യുന്ന
വേളയില്‍

ആല്‍മരത്തിനെ പറ്റിയോ
വിറ പൂണ്ടു നില്‍ക്കും ആലിലകളെ പറ്റിയോ എന്തോ -
രണ്ടു വരി തോന്നിയതായിരുന്നു

പിന്നീട് കുറിച്ചു വെക്കാം എന്ന
വാഗ്ദാന ലംഘനം മാത്രമിപ്പോള്‍
ഓര്‍മയിലുണ്ട്

വിളി

കിളി കരഞ്ഞപ്പോള്‍
അവളുടെ വിളി എന്ന്
വെകിളിപൂണ്ടു

തല കീഴ്മേല്‍ മറിഞ്ഞു കിടക്കുന്ന
സ്വകാര്യ ലോകത്തില്‍ നിന്നും
ഞാന്‍ എന്റെ സെല്‍ ഫോണ്‍
നായാടി എടുത്തു.

ആരും വിളിച്ചിട്ടില്ല
സ്ക്രീന്‍ ശൂന്യമാണ്

നാശം എന്നലറിയപ്പോള്‍
ജാലകത്തിനരികില്‍ നിന്നും
ഒരു കിളി പറന്നു പോയി

നിന്നെയാരും വിളിക്കില്ല
എന്ന് ഫോണിന്റെ ഇളി മാത്രം
ബാക്കി ആയി.

Thursday 2 September 2010

വെളിച്ചം

വെളിച്ചപ്പെട്ട അറിവിന്റെ
നീറ്റലിലാവണം
വെളിച്ചപ്പാട്
നിര്‍ത്താതെ
തുള്ളുന്നത്

ഹൂയെ ഹൂയെ..

ലോകമേ കാണൂ ഈ നെറികെട്ട
അറിവിനെ
എന്ന്
നെറുക് വെട്ടിപ്പൊളിച്ച് ...

Thursday 26 August 2010

പകല്‍

പതിവ് പോലെ
ഇന്നും
രാവിലെ
മുറ്റത്തെ
നടക്കല്ലില്‍ തല വച്ച്
എന്നെ കാത്തു കിടപ്പുണ്ടായിരുന്നു

ആദ്യ ചവിട്ടില്‍ തന്നെ
വിഷം ചീറ്റി ആഞ്ഞു കൊത്താന്‍

Monday 16 August 2010

പ്രണയ സംവാദം

വെയില്‍

ഒന്ന് ചുംബിച്ച തല്ലെയുള്ളൂ?
അപ്പോഴേയ്ക്കും പൊട്ടി ത്തെറിച്ചത് എന്തിനായിരുന്നു?
സാരമില്ല.
എന്റെ പ്രണയം താങ്ങാന്‍ മാത്രം
കരുത്ത് നിനക്കായിട്ടില്ല എന്ന്
സമാധാനിച്ചോളാം!

ബലൂണ്‍

പൊട്ടി ച്ചെറുതായതല്ല
ഞാന്‍ ചിരിച്ചു വലുതായതല്ലേ?

Friday 13 August 2010

പൂരപ്പറമ്പ്

പൊടുന്നനെയാണ്
പാറുക്കുട്ടിയുടെ ഒക്കത്തിരിക്കുന്ന
ഉണ്ണിക്കുട്ടനെ കൊമ്പന്‍
തുമ്പി കൊണ്ട് ചുഴറ്റി എടുത്തത്!!

ജനം നാലുപാടും ചിതറിയോടി
പാറുക്കുട്ടി മാത്രം ഇടഞ്ഞ
കൊമ്പന്റെ മുന്‍പില്‍
നെഞ്ച് തല്ലി നിലവിളിച്ചു..

എന്റെ ഉണ്ണിയെ തിരികെ ത്താ..

അന്നേരം
ശ്രവണ പരിധിക്കും മേലെ
കൊമ്പനും നിലവിളിച്ചു

നിങ്ങളെന്റെ കാടിനെ
തിരിച്ചു താ...

Monday 9 August 2010

തടാകം


നിനക്കറിയില്ല
എനിക്ക്
നിന്നോടുള്ള
പ്രണയത്തെ
അണകെട്ടി നിര്‍ത്തുന്നതിന്റെ
വേദന.

തള്ളിത്തള്ളി
ചിറ പൊട്ടി
താഴ്വാര ശൂന്യതയിലേക്ക്
നീ മറഞ്ഞേ പോകുമെന്ന്
ഞാന്‍ ഭയക്കുന്നു.

എങ്കിലും

നീ
എന്റെ വേദന വടുക്കെട്ടിയ
ചിറയ്ക്ക് മുകളിലൂടെ
എന്തൊരു ശാന്തത എന്ന
കൌതുക ക്ക ണ്ണ്‍കളുമായി
ദൂരദര്‍ശിനി നോട്ടവുമായി
നടന്നു കൊണ്ടേയിരിക്കുക

നീ അറിയണ്ട
ഈ തടാകത്തിന്റെ
വീര്‍പ്പുമുട്ടലും
വേദനയും

പ്രണയം അങ്ങനെ പലതുമാണല്ലോ!

Tuesday 3 August 2010

പ്രണയം

ആദ്യമാദ്യം
ചിറകുറച്ച പറവ പോലെ
ഉന്മാദം വ്യഗ്രം

പീലിതെളിഞ്ഞ മയില് പോലെ
അഹങ്കാരം ലാസ്യം


പിന്നെപ്പിന്നെ


നിലാവ് വറ്റിപ്പോയ രാത്രി മുറ്റത്തു
ജാരനെ പോലെ
നിശ്ശബ്ദം വ്യാകുലം

പാമ്പ് പിറകിലുപേക്ഷിച്ച
ഉറ പോലെ
ശൂന്യം ഭീതിദം

Sunday 1 August 2010

സൗഹൃദം


ഉറ്റ മിത്രം രാത്രിവണ്ടിക്ക് തല വയ്ക്കുമ്പോള്‍
സുരത ശ്രുംഗത്തില്‍ ആയിരുന്നിരിക്കണം ഞാന്‍

ഒറ്റ രാത്രി കൊണ്ട് ഉടലും തലയും വേര്‍പെട്ടു പോയി
ഞങ്ങളുടെ സൗഹൃദം

Wednesday 28 July 2010

വൃദ്ധസദനം





ഉമ്മറത്താരോ വന്നിട്ടുണ്ട്
അച്ഛനാവാം
കയ്യില്‍ കളിപ്പാട്ടപ്പൊതിയുമായ്
പോസ്റ്റ്‌മാനാവാം
തപാലില്‍ ഒരു അപ്പോയിന്റ് മെന്റ് ഓര്‍ഡറുമായ്

ആരോ കതകില്‍ മുട്ടുന്നുണ്ട്
ചങ്ങാതിയാവാം
ചുണ്ടില്‍ ഒരു കള്ളച്ചിരിയുമായ്
അമ്മയാവാം
മാറില്‍ മുലപ്പാല്‍ വിങ്ങലുമായ്

മുറിയില്‍ ആരോ വന്നിട്ടുണ്ട്
പെങ്ങള്‍ ആവാം
കയ്യില്‍ ഒരു കപ്പു ചായയുമായ്
ഭാര്യയാവാം
മുടിയില്‍ ഈരിഴ തോര്‍ത്തിന്റെ തണുപ്പുമായ്

ജാലകത്തില്‍ ആരോ തട്ടുന്നുണ്ട്
കാറ്റാവാം
മഴയുടെ നേര്‍ത്ത വിരലു കളുമായ്
പുലരിയാവാം
മഞ്ഞിന്റെ കണ്ണാടി മുഖവുമായ്

ഇല്ലില്ല
ആരുമില്ല
ആരുമല്ല

നേഴ്സ് തന്ന ഉറക്ക ഗുളിക
അധികമായത് കൊണ്ടാവാം
ഉറക്കത്തിന്റെ നരച്ച കാടിനെ
കമ്പിളി പ്പുതപ്പെന്നു വൃഥാ നിനച്ചു

ചുവരിലെ ഘടികാര നടപ്പിനെ
ഹൃദയ മിടിപ്പെന്ന്!

Tuesday 27 July 2010

മിസ്സ്ഡ് കാള്‍




പുലര്‍ച്ചെ ഉണര്ന്നപ്പോഴുണ്ട്
ഒരു മിസ്സ്ഡ് കാള്‍ വന്നു കിടക്കുന്നു.

തിരിച്ചു വിളിച്ചപ്പോള്‍
അങ്ങേത്തലക്കല്‍ മൌനത്തിന്റെ നിലവിളി.

അജ്ഞാത നമ്പറിനെ ഡോക്ടര്‍
അഡ്രസ്‌ ലിസ്റ്റില്‍ ചേര്‍ത്തി ത്തന്നു.

ഇപ്പോള്‍ വറുത്തതും പൊരിച്ചതും ആയ
സംഭാഷണങ്ങള്‍ വരെ നിരോധിച്ചിരിക്കുന്നു, ഭാര്യ !

Out of coverage


പാക്കെറ്റില്‍ അടച്ച നിലാവ് വാങ്ങാന്‍
യുവ കവികളുടെ നീണ്ട നിര

മെലിവിന്റെ അഴകളവില്‍ പുഴ
സൌന്ദര്യ മത്സര വിജയി ആയിരിക്കുന്നു

ഓടിപ്പിടഞ്ഞ് എത്തുമ്പോഴേയ്ക്കും
അവസാന വണ്ടിയും പോയ്ക്കഴിഞ്ഞിരുന്നു.

കാല്‍പ്പനികതയുടെ സ്റ്റോപ്പില്‍
ഞാനിപ്പോള്‍ തനിച്ചാണ്.

നാലുകെട്ട്



കയറിയ ഉടനെ ഒരു പൂമുഖം
രഹസ്യക്കൈമാറ്റങ്ങളുടെ ഇടനാഴി
ആസക്തിയുടെ ഊണ്തളം
പിന്നെ കണ്ണീരിന്റെയും പാഴിയാരങ്ങളുടെയും
കരി പിടിച്ച അടുക്കള

പ്രണയം ഇപ്പോഴും
പഴയ ഒരു നാലുകെട്ട് തന്നെ അല്ലെ?

ഉച്ചയുറക്കത്തിന്റെ മുഖം അമര്ത്തി ത്തുടച്ച്
അടിച്ചാലും അടിച്ചാലും തീരാത്ത മുറ്റം അടിച്ചടിച്ച് ...

എങ്കിലും എല്ലാറ്റിനും പിറകില്‍
ഒരു തൊടിയുണ്ട്
വെയിലിന്റെ നാണയത്തുട്ടുകള്‍ ചിതറിക്കിടക്കുന്ന
ഇടക്കിടക്ക് വര്‍ത്തമാനത്തിന്റെ കിളികള്‍ വിരുന്നു വരുന്ന
ഒരു കാനല്‍ ത്തൊടി

പരാതിയും പരിഭവങ്ങളും ഒഴിഞ്ഞ്‌
അതെപ്പോഴും ശാന്ത സുന്ദരം തന്നെ.