ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

Thursday 27 February 2014

മഹാവിസ്ഫോടന സിദ്ധാന്തം


-------------------------------------------

ഒരിക്കൽ 
ഈ പ്രപഞ്ചമാകെ 
ഒരു ബിന്ദുവിൽ ലീനമായിരുന്നു 
എന്ന സിദ്ധാന്തം 
മുഴുവനായും മനസ്സിലായത് 
ഇപ്പോൾ മാത്രമാണ് 

നിന്റെ കണ്ണുകളിലേയ്ക്ക്
സൂക്ഷിച്ചു നോക്കിയ നേരത്ത് .
--------------

Monday 24 February 2014

മരണത്തെയും ജീവിതത്തെയും കുറിച്ചുള്ള ഒരു താരതമ്യ പഠനം


----------------------------------------------------------------------------------------------
സകല സന്തുബന്ധുമിത്ര ജനങ്ങൾക്കും നടുവിൽ
ആദരണീയ ശവമായി
ചത്തു കിടക്കാൻ നിങ്ങൾക്കും കാണും മോഹം.

ചാവാൻ ആർക്കാണ് മോഹം
എന്ന് കെറുവിക്കാൻ വരട്ടെ സുഹൃത്തേ

അതത്ര വലിയ വിപ്ലവമൊന്നുമല്ല
അങ്ങനെ ഒരു മോഹം, ചിന്ത .

സകല മനുഷ്യരും ഉള്ളിന്റെ ഉള്ളിൽ
കൊണ്ട് നടക്കുന്ന ഒരു സാമാന്യ ചിന്ത മാത്രമാണത്

ഭാര്യ,
മക്കൾ
ബന്ധുക്കൾ
അനുചരന്മാർ
അയൽപക്കങ്ങൾ
സഹപ്രവർത്തകർ
അഭ്യുദയ കാംക്ഷികൾ
എല്ലാവരെയും പൊടുന്നനെ ഒരു
മരണവാർത്തയിൽ പ്രതിമകളാക്കി

ഓ ജീവിതമോ
അതൊക്കെ എനിക്ക് വെറും പുല്ലാ, പുല്ല്
എന്നിങ്ങനെ ഒരു ഋഷി തുല്യ നിസ്സംഗത
മുഖത്തു പിടിപ്പിച്ചു
എല്ലാർക്കും മുൻപിൽ ഒരു ശവമായി
കിടക്കുന്നതിലെ ആനന്ദം
ആർക്കാണ് പറഞ്ഞാൽ മനസ്സിലാവാത്തത് ?

ഇന്നലെ വരെ ചിരിച്ചു കളിച്ചു നടന്ന ആളാണ്‌
ദാ ഇത്തിരി മുൻപ് കൂടി
എന്നൊക്കെയുള്ള പതം പറച്ചിലുകൾക്ക് നടുവിൽ

പറഞ്ഞു കൊണ്ടേയിരിക്കുന്ന  
ഉദ്വേഗജനകമായ കഥയ്ക്ക്‌
പൊടുന്നനെ വിരാമിമിട്ട്

മനോഹരമായ ഒരു സംഗീതം
അതിന്റെ ഉച്ചസ്ഥായിയിൽ കൊരുത്തിട്ട്

കേൾക്കാനും കാണാനും സുഖമുള്ള
മരണം ആർക്കാണ് ഇഷ്ടമില്ലാത്തത്?
അത് മരണമാണെങ്കിൽപ്പോലും ?

എന്തായാലും ഒരിക്കൽ
എല്ലാവരും മരിക്കും
എന്നൊക്കെയുള്ള സാമാന്യ വൽക്കരണം
ചിന്തിക്കുകയോ പറയുകയോ
മറ്റാരിൽ നിന്നെങ്കിലും കേൾക്കുകയോ
ചെയ്യുന്ന സമയങ്ങളിൽ
നമ്മൾ ഓരോരുത്തരും
ഉദാരതയോടെ
ഒടുക്കത്തെ ഒരു ധൈര്യം എന്ന
ആത്മ പ്രശംസയോടെ
അടക്കിപ്പിടിച്ച ഭീതിയോടെ
വരച്ചിടുന്ന
സ്വന്തം മരണ ചിത്രം
ഇങ്ങനെയൊക്കെ തന്നെയല്ലേ?

കെറുവിക്കാൻ വരട്ടെ സുഹൃത്തേ
ഇതൊന്നും അത്ര വലിയ
വിപ്ലവകരമായ
വഴിവിട്ട
ഭയപ്പെടുത്തുന്ന സംഗതിയോ
ചിന്തകളോ ഒന്നുമല്ല


അല്ലെങ്കിൽ തന്നെ ഓർത്ത്‌ നോക്കൂ

ഒരാളും
ഒരാളു പോലും ഓർത്ത്‌ കരയാനോ
നെഞ്ചത്തടിക്കാനോ
വിലപിക്കാനോ ഇല്ലാതിരിക്കുമ്പോഴും
ജീവിക്കാനുള്ള ചിലരുടെ ത്വരയുണ്ടല്ലോ

വാശി എന്നോ
ഭ്രാന്ത് എന്നോ
ഉന്മാദമെന്നൊ ഒക്കെ പറഞ്ഞോളൂ അതിനെ

അതിന്റെയൊക്കെ മുന്നിൽ
ഇത്തരം നിസ്സാരകാര്യങ്ങളെ, ചിന്തകളെ,
ഞെട്ടലോടെ തടയിടാൻ  മാത്രം
വിഡ്ഢിയാണോ നിങ്ങൾ?
--------------

Friday 21 February 2014

വൈകുന്നേരത്തെ മഴ


-------------
വൈകുന്നേരത്ത്
മഴ നനഞ്ഞ പാത
ഒരു നീലച്ച റിബ്ബണ്‍

നീല മുഴുവൻ
മഴയിൽ ഒലിച്ചു പോയ ആകാശം
ചലം കെട്ടി വിളറിയ
മുറിവ് പോലെ

കുടയിൽ സ്ഥലമില്ലെന്നു അറിഞ്ഞിട്ടും
മഴ എപ്പോഴും എന്തിനാണ്
കൂടെ ഈ ഭൂതകാലത്തിനെയും
കൊണ്ട് വരുന്നത്?
--------

Tuesday 18 February 2014

വിനോദയാത്ര


--------------------
കടൽക്കരയിൽ ഇരിക്കുമ്പോൾ
നിങ്ങൾ ഒരു കടല് കാണുന്നു
നിങ്ങളുടെ തന്നെ വിക്ഷുബ്ധ കടൽ

തീരത്ത് ആർത്തു ചിരിച്ചും
നിന്നും കിടന്നും പടമെടുത്തും
കടലിനെ എവ്വിധം ആസ്വദിക്കണം
എന്ന് ഉറപ്പില്ലാതെ നിങ്ങളുടെ കൂടെ വന്നവർ
ചിതറി നടപ്പുണ്ടാവും

നിങ്ങൾ കടലിനോടൊപ്പം
കടൽക്കരയും
മനുഷ്യരെയും
പട്ടികളെയും കാക്കകളെയും
ഞണ്ടുകളെയും കാണുന്നു

മനസ്സിൽ
ചെറു ചാലായി ഉറവയെടുക്കുന്ന
ഒരു തരി വിഷാദത്തെയും കാണുന്നു

കടൽ നിങ്ങൾക്ക് തരുന്ന ഭാവം
ആസക്തിയുടെയല്ല എന്ന് നിങ്ങൾ
അത്ഭുതത്തോടെ തിരിച്ചറിയുന്നു

നിരന്തരം തലതല്ലി
തീരം തകർക്കാൻ ശ്രമിച്ചു കൊണ്ടേയിരിക്കുന്ന
അശാന്തിയുടെ കടൽക്കരയിൽ
നിങ്ങൾ ശാന്തതയെ പുൽകിയിരിക്കുന്നു
എന്ന വൈരുദ്ധ്യം നിങ്ങളെ തെല്ലിട ചിരിപ്പിക്കുന്നു

നേരം ഇരുളുകയും
ഇനി പടം പിടിപ്പു സാധ്യമല്ല
എന്ന് തിരിച്ചറിയുകയും ചെയ്യുമ്പോൾ
സഹയാത്രികർ
തിരിച്ചു വണ്ടിയിലേയ്ക്ക് കയറുന്നു
ഒപ്പം നിങ്ങളും

വണ്ടിയുടെ സുരക്ഷിത ഇരിപ്പിടങ്ങളിൽ
കടലിൻറെ ഉപ്പും മണൽത്തരികളും
തരുന്ന അസ്വസ്ഥത
തുടച്ചും കുടഞ്ഞും കളഞ്ഞ്
എല്ലാവരും അടുത്ത ലക്ഷ്യത്തിലേയ്ക്ക്
തല ചായ്ച്ചുറങ്ങുന്നു

രാത്രിയിലൂടെയും ഇരുട്ടിലൂടെയും
നിങ്ങളുടെ വണ്ടി
ഒരു കപ്പലെന്നപൊലെ
പാറിപ്പാറി ഒഴുകുന്നു എന്ന
മറ്റാർക്കും ചേതമില്ലാത്ത ഒരു
രൂപകത്തെ കെട്ടിപ്പിടിച്ചു നിങ്ങളും .
---------------

Sunday 16 February 2014

-

കാറ്റ് ഒരു വെളുത്ത തൂവാല വീശുന്നു
ഏകാന്തതേ ഏകാന്തതേ എന്ന്
കൊക്ക് ചിറകടിച്ചു പറക്കുന്നു
---
കരയിൽ നിന്ന് കരയിലേയ്ക്ക്
തടാകം ഒരു തിരശ്ശീല വലിച്ചു പിടിയ്ക്കുന്നു
നിലാവ് തിരനോട്ടം നടത്തുന്നു
----
ആകാശം മഴനൂല് കൊണ്ട്
അലങ്കാരത്തുന്നൽ പഠിക്കുന്നു
തടാകത്തുണിയിൽ
-----

Monday 10 February 2014

-

-
-

നിലാവ്
വലിച്ചുകെട്ടിയ ചേല
തുളയിടുന്ന നക്ഷത്രങ്ങൾ

-
-
പുഴ
ഓർത്തെടുക്കുന്നു
പിറകിലഴിഞ്ഞ ചേലകൾ
-
-
നിശാഗന്ധി
നിഴലിനോട് കലഹിക്കുന്നു
നിലാവിലേയ്ക്ക് സ്വതന്ത്രമാവാൻ 

Saturday 8 February 2014

അ(ര)രാഷ്ട്രീയം സിനിമ പിടിക്കുന്നേരം


-------------------------------------------------------
ഒരാല്
ചുറ്റും ഒരു തറ
തറയിൽ ഒരാൾ
ചുറ്റും വിജനത

ഒരു കുളം
പരിസരത്ത് ഒരു അമ്പലം
സുബ്ബലക്ഷ്മിയുടെ സുപ്രഭാതം നിറച്ച ചെമ്പുകുടം
ഇവയും വേണ്ടതായിരുന്നു
വച്ചില്ല
ഫ്രെയിം മതേതരം ആകണമെന്ന് വാശിയുള്ളതു കൊണ്ട് .

ഒരു ബാങ്ക് വിളി
ഒരു പള്ളിമണിച്ചീള്
എന്നിവ കൂടി ഫിറ്റ്‌ ചെയ്ത്
മിനിമം മതസൗഹാർദ്ദത്തിനു പോയതുമില്ല

(കൃഷ്ണാ , അള്ളാ , കർത്താവേ എന്നിങ്ങനെ
പണ്ടത്തെ
ഡിറ്റക്റ്റീവ്  ചിത്രകഥയിലേതു മാതിരി)

അതൊക്കെ സ്കൂൾ കാലത്ത് തന്നെ
നാടകം കളിച്ച് മടുത്തു പോയത് കൊണ്ടാവാം

പച്ചച്ച പാടത്തിന്റെ പാശ്ചാത്തലത്തിൽ
ചെങ്കൊടിത്തിളക്കം കാണിക്കണം എന്നുണ്ടായിരുന്നു
ചെയ്തില്ല
പതിവ് ക്ലീഷേകൾ പാടില്ലെന്ന്
നിർമ്മാതാവിന് ഒരേ നിർബ്ബന്ധം

ജീവിതം മുറിച്ചു വയ്ക്കണം
എന്ന് മാത്രമേ ചിന്തിച്ചുള്ളൂ

മുറിഞ്ഞു മുറിഞ്ഞു വീണ
രംഗങ്ങളിൽ
രക്തത്തുള്ളികൾ കാഴ്ച മായ്ക്കുന്നു

സഖാവേ
ഇനിയേതു ചെങ്കടലിൽ മുക്കിയാലാണ്
എന്റെ കൊടി ചുവക്കുക?
-----------

Thursday 6 February 2014

ഹൈക്കു

ഇരുട്ട്
ചിതലരിച്ചു
പുലരി 

Monday 3 February 2014

ഇല്ലേ?


--------
പഴയ ഒരു പാട്ട് കേൾക്കുമ്പോൾ
നിങ്ങൾക്ക് മർഫി റേഡിയോ ഓർമ്മവരുന്നു
അതിന്റെ കൂട്ടത്തിൽ പഴയ ഒരു തുണ്ട് കാലവും

എത്ര ചെവി പിടിച്ചു തിരിച്ചാലും
അതിന്റെ സ്വന്തം ഉച്ചതയിൽ പാടുന്ന ഒരു മഞ്ഞപ്പെട്ടി

ബുധനാഴ്ച രാത്രി ഒമ്പതരയുടെ
ഗാനതരംഗിണി : ശ്രോതാക്കൾ ആവശ്യപ്പെട്ട ചലച്ചിത്ര ഗാനങ്ങൾ
രാത്രിയുടെ കനവും മൂകതയും ആറ്റിക്കുറുക്കിയെടുത്ത സമയങ്ങൾ
മറ്റാരും കേൾക്കരുത്  എന്ന ഒരേ ആന്തലിൽ
പലപ്പോഴും പാട്ട് ആസ്വദിക്കാനേ പറ്റാതെ പോയ
ഒമ്പതരകൾ (സ്വാർത്ഥത കൊണ്ടല്ല  ഭയം കൊണ്ട്)

ഞായർ ഉച്ചകളുടെ സിലോണ്‍ സ്റ്റേഷനിലെ
മലയാള ഗാനമയക്കങ്ങൾ

രാവിലെകളിലെ മഞ്ഞും തണുപ്പും
അതിന്റെ ഒപ്പം വയലും വീടും
വിദ്യാഭ്യാസ രംഗം
ലളിത സംഗീത പാഠം
പാട്ടും കേട്ടിരിക്കാതെ ഉസ്കൂളിൽ പോടാ
എന്ന അമ്മ നിലവിളികൾ

ഏതു ഇടവഴി വിജനതയിലും
കൂട്ടിനെത്തുന്ന
ബാബുരാജ് ദേവരാജൻ പി ഭാസ്കരൻ
വേലിപ്പുറ സിനിമാഗാനശകലങ്ങൾ

പാട്ടും കേട്ട് പഠിക്കാതെ നടന്നോ
എന്ന മുതിർന്ന തലകിഴുക്കങ്ങൾ
ചെവി പിടിച്ചു തിരുമ്പലുകൾ

എന്നിട്ടും
അനുസരിക്കാതെ
സ്വന്തം ഉച്ചതയിൽ
ആവശ്യമില്ലാതെ ഉയർന്നും
ചിലപ്പോൾ സ്വകാര്യം പറഞ്ഞും
തല്ലുകൊള്ളിപ്പിക്കുന്ന അതിന്റെ  മർഫിത്തരങ്ങൾ

തലവഴി മൂടി പുതപ്പിനടിയിൽ
സ്വകാര്യ ശബ്ദത്തിൽ ട്യൂണ്‍ ചെയ്യുമ്പോൾ
കിതച്ചും കുരച്ചും
വിസിൽ അടിച്ചും
ദേ എന്നെ ചെവി പിടിച്ചു തിരിച്ചു വേദനിപ്പിക്കുന്നേ
എന്ന കുസൃതിത്തരങ്ങൾ

അച്ഛന്റെ ഒമ്പത് മണിയുടെ
ഇംഗ്ലീഷ് വാർത്ത തീരാൻ
ചെകിടോർത്തു നെഞ്ഞിടിപ്പ്‌ അടക്കി
ഉറക്കം നടിച്ചു കൊണ്ടുള്ള കാത്തു കിടപ്പ്

മർഫി എന്നിട്ടും നിങ്ങളെ ഒരിക്കലും
ഇംഗ്ലീഷ് പഠിപ്പിച്ചില്ല
സംഗീതവും

കാറ്റിലും ഇരുട്ടിലും രാത്രി മൂകതയിലും
പഴയ ഒരു പാട്ട് അരിച്ചെത്തുന്ന നേരത്ത്
ഒരു തുണ്ട് കാലം കൂടി നിങ്ങൾക്ക്
മുറിച്ചു കൊണ്ടെത്തരുന്നു
മർഫിയോർമ്മകൾ

തളിരിട്ട കിനാക്കൾ തൻ
കേൾക്കുമ്പോൾ അതുകൊണ്ടാണ്
നിങ്ങളിപ്പോഴും ആ നട്ടുച്ച വിശപ്പിന്റെ
തീരത്ത് എത്തിപ്പെടുന്നത്

റേഡിയോക്കാലമെന്നു
നിങ്ങൾ അതിനെ ഗൃഹാതുരപ്പെടുന്നു
പുതിയ ആവൃത്തികളിൽ
തിരിച്ചറിയാത്ത തരംഗദൈർഘ്യങ്ങളിൽ
ഇപ്പോഴും വയറിളക്കം പിടിപെട്ട
ജോക്കി സംസാരങ്ങളിൽ
നിങ്ങളാക്കാലത്തെ ട്യൂണ്‍ ചെയ്തു
ചെവി ചേർക്കുന്നു

പഴമയല്ല നിങ്ങളുടെ പ്രശ്നമെന്നും
നിങ്ങൾ നടന്നു വന്ന പാടവരമ്പിന്റെ
പച്ച ദൂരങ്ങൾ നിങ്ങളോട് പറയുന്നത്
ഗൃഹാതുരത്തോറ്റങ്ങൾ മാത്രമല്ലെന്നും
നിങ്ങൾ കരയുന്നു

തരംഗദൈർഘ്യങ്ങൾ മാത്രമാണ്
എല്ലാം നിർണ്ണയിക്കുന്നത്
ആവൃത്തി വ്യത്യാസങ്ങളിൽ
കാലം ട്യൂണ്‍ ചെയ്യപ്പെടാതെ മുരടനക്കുന്നു
എന്ന് നിങ്ങൾ സ്വയം ആശ്വാസപ്പെടുന്നു

കാലം ഇത്തരം പലപല
മണ്‍തൊട്ടികളിൽ
ആകാശം നോക്കി ചിരിച്ചു കിടക്കുന്നു
എന്നോ മറ്റോ രൂപകപ്പെടുന്നു
--------