ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

Wednesday 22 June 2011

നാലണ

പേഴ്സ് നകത്ത് ഒരു നാലണ
കാലത്ത് തന്നെ എന്നെ നോക്കി തിളങ്ങുന്നു..

കരയുകയോ ചിരിക്കുകയോ ഒന്നുമായിരിക്കില്ല

വിനിമയം ചെയ്യാത്ത കാല്‍പ്പനിക കവിത പോലെ..

Thursday 16 June 2011

മലയാളി

ഒറ്റയ്ക്ക് ഒറ്റയ്ക്ക്
തവിയില്‍ കോരി എടുത്താല്‍
ചിരിച്ചു മലര്‍ന്നു
വെന്തു പാകമായത്

ഒന്നിച്ച്-
ഒരു ജനതയായി നോക്കുമ്പോഴോ
വെന്തു ചോറാകാതെ
കല്ലച്ച് കിടക്കുന്ന
ഒരു കലം അരി.

Tuesday 14 June 2011

ഉണര്‍ച്ച

വളരെ നനുത്ത
ഉച്ചയുറക്കത്തിന്റെ
മിനുസമുള്ള പട്ടിലേയ്ക്കാണ്
ഒരു കാടന്‍ സ്വപ്നത്തിന്റെ
കല്ല്‌ വന്നു വീണത്...

പട്ടു ചുളിഞ്ഞോ കീറിയോ നാശമായോ
എന്നൊന്നും അറിയാന്‍ പാടില്ല..

സ്വപ്നത്തിന്റെ കാടത്തം എന്തെന്നും
പറക വയ്യ..

ഉറക്കം നേര്‍ത്തതായിരുന്നു
ഉണര്‍വിന്റെ ഗര്‍ത്തം അഗാധവും..

Use 'n throw

ബസ്സിലെ തിരക്കിനിടയിലുണ്ട്
ആരുടെയോ മൊബൈല്‍
കരയുന്നു..

കരച്ചില്‍ നില്‍ക്കുന്നുമില്ല
ഉടമ കാള്‍ എടുക്കുന്നുമില്ല
തിരക്കായത് കൊണ്ട്
ആരുടെയാണ്
മൊബൈല്‍ എന്ന്
അറിയുന്നുമില്ല..

ഒരു കാള്‍ വരുന്നത്
ഏതൊക്കെ വഴികളിലൂടെ
എത്രയെത്ര കടമ്പകളിലൂടെ..

അത്രയും ദുര്‍ഘട പാതകള്‍ താണ്ടി
ഇത് വരേയ്ക്കും എത്തി
അതിങ്ങനെ അന്തരീക്ഷത്തില്‍
വെറുതെ ഒടുങ്ങുന്നു.. കഷ്ടം

ഇനി വല്ല ബോംബുമാണോ
എന്ന് ചിന്തിക്കും മുന്പ്
ബസ്സൊന്നു വിറച്ചു
കുലുങ്ങി

ഏയ്‌.. ബോംബാവാന്‍
തരമില്ല..

അങ്ങേതലയ്ക്കല്‍
മറുപടി കിട്ടാഞ്ഞിട്ടു
മിടിപ്പ് കൂടിയ
ഹൃദയത്തിന്റെ
വിറയലാവും ദൂരമത്രയും
താണ്ടി
ഇങ്ങെത്തിയത്..

എനിക്കെങ്ങിനെ ഇത്രയും
ഉറപ്പ് എന്നാണു ചോദ്യമെങ്കില്‍
നിങ്ങളൊരു പോങ്ങന്‍ തന്നെ
സുഹൃത്തേ..

ഇനിയൊരിക്കലും അവളുടെ
കാള്‍ എടുക്കില്ലെന്ന്
ഈ ആള്‍ക്കൂട്ടക്കോട്ടയുടെ
സുരക്ഷയില്‍ നിന്ന് കൊണ്ട് ഞാന്‍
പ്രതിജ്ഞ എടുത്തിട്ട്
നിമിഷങ്ങള്‍ അധികമായിട്ടില്ലല്ലോ..

Sunday 12 June 2011

ഓരമെന്നാലും

കല്‍ക്കുന്നന്‍ എന്ന് വിളിക്കും ചിലര്‍
പഴുതാര എന്നാണു പൊതുവായുള്ള വിളിപ്പേര്..

phylum centipede എന്നോ മറ്റോ
ശാസ്ത്രനാമം.

ഓരം പിടിച്ചേ പോകാറുള്ളൂ
എന്നിട്ടും ആദ്യ കാഴ്ചയില്‍ തന്നെ
വധശിക്ഷ വിധിക്കും നിങ്ങള്‍..

Tuesday 7 June 2011

കാലാകാലം

വേലിയില്‍ നിറയെ
മുള്ളുകളെക്കാള്‍
വള്ളികളും പൂക്കളുമുള്ള
ഒരു ഭൂത ഇടവഴിയില്‍,
സ്ലാബ് മതിലും
ഇരുമ്പു മുള്ളുകളും
ഇടതിങ്ങിയ
കോളനി ഇടുക്കില്‍
നിന്നൊരു വര്‍ത്തമാനക്കിളി
ചിലയ്ക്കാന്‍ എത്തിയിരിക്കുന്നു..

ഉച്ചയാണ്
പച്ചയാണ്
ഏകാന്തതയാണ്
എന്ന് വല്ല നോട്ടവുമുണ്ടോ?

കല്ലെടുത്ത്‌ ഒരു ആട്ടു വച്ച് കൊടുത്തു..
വര്‍ത്തമാനമൊക്കെ പിന്നെ..
ഇത് ഭൂതമാ..