ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

Friday 27 December 2013

ഒരു നിറമുള്ള നുണക്കഥ

ഒരിടത്ത് ഒരു പക്ഷി ഉണ്ടായിരുന്നു. അത് ഒരു ചിത്രകാരന്റെ വീട്ടിലെ പണിപ്പുരയിൽ  വച്ച ഒരു പ്രകൃതി ദൃശ്യത്തിൽ നിന്നും പറന്നു വന്നു ഒരു മരത്തിൽ ഇരുന്നതായിരുന്നു. ചിത്രകാരൻ ആ പ്രകൃതി ദൃശ്യം വരച്ചു കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ .


അസ്തമിക്കുന്ന സൂര്യൻ പടർത്തിയ ചോര നിറം ധാരാളമുള്ള ഒരു ആകാശത്തിൽ പറക്കുന്ന  രൂപത്തിൽ ആയിരുന്നു ആ പക്ഷി ഉണ്ടായിരുന്നത് . അതിന്റെ ചിറകുകളിൽ സൂര്യ വെളിച്ചം മൂർച്ചയുള്ള ഒരു വാള് പോലെ തിളങ്ങിയിരുന്നു. ആ ചിത്രം വരച്ചു തീർത്താൽ ഉടൻ അതിനെ ഫ്രെയിം ചെയ്ത് ഒരു ധനികന്റെ വീട്ടിൽ സ്ഥാപിക്കാം എന്നായിരുന്നു ചിത്രകാരന്റെ വിചാരം. ഇനിയിപ്പോൾ അതിനു പറ്റില്ല. കാരണം പക്ഷി പറന്നു പോയ ഇടം ആകാശത്തിന്റെ ചോരയോ മഞ്ഞളോ ഇല്ലാതെ ഒരു നിറമില്ലാ ഇടമായി തീർന്നിരുന്നു. അതിലേയ്ക്ക് ചിത്രകാരൻ എന്തെന്തു നിറം വാരി പൂശിയിട്ടും അതൊന്നും പ്രതിഫലിച്ചു കണ്ടില്ല. പ്രപഞ്ചത്തിൽ ഉണ്ടാകുന്ന തമോഗർത്തം പോലെ അവിടെ ഒരു പക്ഷിഗർത്തം ഉണ്ടായിരിക്കുന്നു. ഇനി ആ ഗർത്തം സമീപത്തിലുള്ള എല്ലാ നിറങ്ങളെയും അതിലേയ്ക്ക് വലിച്ചു തീർക്കുമെന്ന് ചിത്രകാരൻ ഭയന്നു. അങ്ങനെ ഒടുക്കം ചിത്രകാരനെയും അത് വലിച്ചു തീർത്താൽ പിന്നെ എന്താവും ബാക്കിയാവുക? 


ചിത്രകാരന് സങ്കടം വന്നു. ആ ചിത്രം ധനികന് വിറ്റ്, അതിൽ നിന്നും കിട്ടുന്ന പണം കൊണ്ട് വേണം അരി വാങ്ങാൻ. അതും കാത്തു ചിത്രകാരന്റെ ഭാര്യയും കുഞ്ഞുങ്ങളും വിശന്നു വിശന്നിരിക്കുകയാണ്.


മരക്കൊമ്പിൽ ഇരിക്കുന്ന പക്ഷി പക്ഷെ ഇതൊന്നും അറിഞ്ഞില്ലായിരുന്നു. അത് നാല് പാടും ചിതറി നോക്കി . ഇനി ഏതു ശബ്ദത്തിൽ ചിലയ്ക്കണം എന്ന ചിന്തയിൽ ആയിരുന്നു അത്. കാരണം ചിത്രകാരൻ രൂപം മാത്രമേ കൊടുത്തിരുന്നുള്ളൂ . ശബ്ദം എന്ത് വേണം എന്നൊരു സൂചന പോലും ചിത്രത്തിൽ ഒരിടത്തും ഇല്ലായിരുന്നു. 


പാടണമോ കരയണമോ എന്നൊക്കെ ചിന്തിച്ചിരിക്കവേ പെട്ടെന്ന് പക്ഷിയിലേയ്ക്ക് മരക്കൊമ്പിലെ പച്ച നിറം ഒന്നാകെ കുത്തിയൊലിച്ചു വന്നു. പിന്നെ അയൽമരത്തിലെ . പിന്നെ അയൽ വീടുകളിലെ മരങ്ങളിൽ നിന്ന്. അങ്ങനെ ഭൂമിയിലെ പച്ചയാകെ കുത്തിയൊലിച്ചു തീർന്നപ്പോൾ പിന്നെ ചുവപ്പിന്റെ ഊഴമായി. പൂവുകളിലെ, ആകാശത്തിലെ , ചുണ്ടുകളിലെ, കൊടികളിലെ...പിന്നെ മഞ്ഞ , നീല , അങ്ങനെ ഓരോരോ നിറങ്ങൾ. ഒടുക്കം ഭൂമിയാകെ നിറമില്ലാത്ത ഒരു കണ്ണാടിച്ചില്ല് പോലെ ആയി. 


പക്ഷിക്കാകട്ടെ എല്ലാ നിറങ്ങളും കുത്തിയൊലിച്ചു വന്നതുകൊണ്ട് ശ്വാസം മുട്ടും പോലെയായി. പക്ഷി ഒരു കരിക്കട്ട പോലെയായി.ഏറ്റവും ഒടുവിൽ പക്ഷി ഗത്യന്തരമില്ലാതെ ചിത്രകാരന്റെ ആ പ്രകൃതി ദൃശ്യത്തിലേയ്ക്ക് തന്നെ തിരിച്ചു പറന്നു പോയി.


ഭാഗ്യം തന്നെ. ചിത്രത്തിൽ പക്ഷിക്കിരിക്കാൻ സ്ഥലം തികഞ്ഞു കിട്ടി. എന്തോ ഭാഗ്യം. ചിത്രകാരൻ തുള്ളിച്ചാടി. ചിത്രം വേഗം ധനികന് കൊണ്ടേ ക്കൊടുത്തു. ധനികൻ കൊടുത്ത പണം കൊണ്ട് അരി വാങ്ങി. ഭാര്യയും കുട്ടികളും ചിത്രകാരനും ആഹാരം വച്ച് കഴിച്ചു.


ധനികൻ ആ ചിത്രം ചുവരിൽ തൂക്കി. നല്ല മനോഹരമായ പ്രകൃതി ഭംഗി. ധനികന് സന്തോഷമായി. പക്ഷെ പക്ഷിക്ക് പകരം അവിടെ എന്താണച്ഛാ ഒരു കുപ്പിച്ചില്ല് എന്ന് ധനികന്റെ കുഞ്ഞു മകൻ പറഞ്ഞത് മാത്രം ധനികൻ കേട്ടില്ല. 

--------------------------------------------

Inertia of Motion / ചലന ജഡത്വം

മുറിച്ചു വച്ചൊരു 
ചിരിയുണ്ട് എന്റെ പുരപ്പുറത്ത്


ലോക വേഗങ്ങളെയത്രയും
യാത്രകളായ യാത്രകളെയത്രയും 
പോയ്‌ വരൂ പോയ്‌ വരൂ എന്ന്
പിടഞ്ഞു ചിരിച്ചു യാത്രയാക്കുന്ന 
രണ്ടു നാക്കുള്ള ഒരു ചിരിക്കൊടി..


പഴയ അമർ ചിത്ര കഥ
പ്പുസ്തക പുറം ചട്ടകളിൽ 
ഇതിഹാസ കഥാ പാത്രങ്ങളുടെ 
രഥങ്ങളിൽ കാണുന്ന തരം കൊടി.


എല്ലാ മഹായാനങ്ങളും
കഴിഞ്ഞു കിതപ്പാറ്റാൻ
ഈ തണലിലേയ്ക്ക് വരൂ 
എന്നൊരു പിൻവിളിക്കൊടി 


ഉണ്ടെന്റെ കരൾപ്പുറത്തൊരു 
സങ്കടക്കൊടി 


മഴയായ മഴയും 
വെയിലായ വെയിലും
മഞ്ഞായ മഞ്ഞും നനഞ്ഞു 
കാറ്റായ കാറ്റിന്റെയൊക്കെയും
തോളത്തു കൈയ്യിട്ടു 
ചിരിച്ചേ കാക്കും കൊടി .


യാത്രകളൊടുങ്ങിയിട്ടല്ലേ  
കൊടി മടക്കാനെന്നു
മുനിയുന്നുണ്ട് മനം 
തിരയൊടുങ്ങാത്തീരം 
------------

Wednesday 25 December 2013

Inertia of Rest (Rust) / നിശ്ചല ജഡത്വം

വീട് വിട്ടിറങ്ങുമ്പോൾ
കാറ്റ് വന്നെന്നെ എതിർത്തു പറയുന്നു
 പോക്കോ കൂട്ടിലേയ്ക്ക്‌
 ഇത് പുറം ലോകമാണ്
 ദയാരഹിത ലോകം

 വെയിൽ-
എന്റെ തന്നെ നിഴൽ-
നിന്റെയോ
 ഇനിയൊരായിരം പേരുടെയോ
രക്തമില്ലാത്ത മുഖങ്ങൾ-
ഒക്കെയും പാരാട്ടുന്നുണ്ട് 
എന്റെ വീടിന്റെ -
കൂടിന്റെ -
പുറം തോടിന്റെ-
 കാത്തു സൂക്ഷിപ്പിനെ

 ലോകം
എനിക്ക് കൂടിയുള്ളതാണെന്ന്
ഒരൊറ്റ പുൽക്കൊടി പോലും
 തലയാട്ടിത്തരുന്നില്ല

 ആമ
 സ്വന്തം തോടിനകത്തേയ്ക്കെന്ന പോലെ
 ഒരുൾ വലിയലാകുന്നു ഞാൻ
 പോ പുറം ലോകമേ
 എന്നൊരു വാതിൽ കൊട്ടിയടക്കൽ
------------------------

Thursday 19 December 2013

Escape Velocity

( അതിന്റെ കാവ്യമലയാളം കിട്ടാഞ്ഞത് കൊണ്ട് മാത്രം ആംഗലേയ തലക്കെട്ടിൽ )

മെല്ലെ
വളരെ മെല്ലെ
ഒരു ഉറുമ്പ് അരിക്കുന്നയത്ര
സാവകാശത്തിൽ
നിന്നെ പ്രേമിക്കണമെന്നു
വിചാരിക്കുന്നുണ്ട് ഞാൻ.

എന്റെ തന്നെ ഗുരുത്വാകര്ഷണ
അപകർഷതയെ
അതിജീവിക്കുവാനുള്ള
പ്രവേഗം അതിനില്ലാത്തത് കൊണ്ടാവണം
അതൊരു വിചാരം മാത്രമായ്
നിലനിന്നേ പോകുന്നത്

അതിജീവനവും മന്ദഗതിയും
നന്നായി സന്ധി ചേരുന്ന
ഏതോ ഒരു നാൽക്കവലയിൽ വച്ചു
നിന്നെ ഞാൻ പ്രണയിക്കും , തീർച്ച.

ഒരു പൂവ് ഇതൾ വിടർത്തുന്നയത്രയും
വേഗതയിൽ ഒരു ചുംബനം കൊണ്ട്..
--------------

Uncertainty Principle

( അതിന്റെ കാവ്യമലയാളം കിട്ടാഞ്ഞത് കൊണ്ട് മാത്രം ആംഗലേയ തലക്കെട്ടിൽ )

ഒറ്റയ്ക്ക്
തലമാത്രം 
തലയുടെ തുമ്പ് മാത്രം 
വെളിപ്പെടുത്തി 
തുഴഞ്ഞു തുഴഞ്ഞു പോകുമ്പോഴും 
കുളമെന്ന
ഇളകാത്ത തിരശ്ശീലയിൽ
വരഞ്ഞിടുന്നുണ്ട് നീർക്കോലി
ഒരു വലിയ ഉടൽ സാധ്യത

പിറകിലേയ്ക്കെത്ര
ആഴത്തിലേക്കെത്ര
എത്രത്തോളം ഇത്ര
എന്നൊക്കെ ശങ്കിച്ചു ശങ്കിക്കാതെ..

ഒരു കുളത്തോളം
എന്ന സാധ്യതയെ
ഓളങ്ങളിലൂടെ
ചെറുതാക്കി
വലുതാക്കി..
-----------

Tuesday 12 November 2013

പലതരം മണങ്ങൾ

വന്നെന്നെ ചൂഴുന്നുണ്ട്‌
പലതരം മണങ്ങൾ
കെട്ടുപൊട്ടിച്ചു ചിതറിപ്പരന്നു-
ടലാകെപ്പൊതിഞ്ഞു രോമാഞ്ചിച്ച്

പൂയ് ....
ക്ണിം ക്ണിം എന്ന് കൂവിപ്പാഞ്ഞു പോകും
വണ്ടിക്കാരൻ പിറകിലെപ്പെട്ടിയിൽ
കൊണ്ട് പോകുന്നുണ്ട് ഒരു കടൽ
ഇന്നെന്താണയിലയോ മത്തിയോ
എന്ന് ചെന്ന് കൂടുന്നുണ്ട് ചുറ്റിനും ആളുകൾ

കൈമാറ്റ സമയത്ത് ഒരു ചെതുമ്പലെങ്കിലും
ചിതറുമെന്നാശിച്ചു കാത്തുനില്പ്പുണ്ട്
നാനാവിധം പട്ടി പൂച്ചകൾ

വിറകും ഒപ്പം മണ്ണെണ്ണമണവും
പുകയടുപ്പും
കൊണ്ടെത്തരുന്നുണ്ട് പഴയ
നാലുമണിച്ചായകൾ
വിശന്നു പുകയുന്ന വയറും
പുസ്തകക്കെട്ടും
ഒരു നീളൻ ദിവസത്തിന്റെ സ്കൂൾ മുഷിപ്പും
പിന്നെ ഉരുളുന്ന ഗോട്ടിയും
തിരിയുന്ന പമ്പരവും.

പതയുന്ന സോപ്പ് മണപ്പിക്കുന്നുണ്ട്
പണ്ടത്തെ അതേ
കുളക്കടവും കുന്നായ്മകളും കിന്നാരവും
കണ്ണ് കണ്ണോടു കോർത്തെയ്തു വിടുന്ന
പ്രണയ സന്ദേശങ്ങളും
കുളക്കരയുടെ ഉഷ്ണമണവും
നനഞ്ഞ ചരൽക്കല്ലിൻ
ഇളം ചൂട് സ്പർശവും

ഖട്കടു ഖട്കടു
ഉരുണ്ടുരുണ്ടേ പോകും
കാളവണ്ടിക്ക് പിറകെ
കാലോപ്പിച്ചുള്ള നടത്തവും
സ്കൂൾ വഴി തീരുന്നത്രയും
ദൂരം ഒന്നിടവിട്ട് കാണും
ചാണകപ്പൂക്കളും
കാളമൂത്ര കോലവും
കൊണ്ടെത്തരുന്നുണ്ട് മണങ്ങൾക്കൊപ്പം
ആ വഴി യാത്ര മുഴുവനും

മഴ നനഞ്ഞുണങ്ങാതെ
യുണങ്ങി പൂപ്പൽ മണം പരത്തുന്ന
തുണികൾ മറവുകൾ
കൊണ്ടെത്തരുന്നുണ്ട്
പകുതി മദാലസസ്വപ്‌നങ്ങൾ
അന്നത്തെ മുഴുമിക്കുവാനാവാത്ത
കൊടും കിനാവുകൾ
കൗമാരയിളക്കങ്ങൾ

ചൂണ്ടയിട്ടു കൊത്താതെ കൊത്തും
പരൽമീൻ തിളക്കങ്ങൾ
പാതിചത്ത ഞാഞ്ഞൂലുകൾ
കാലൊടിഞ്ഞു വേയ്ക്കും പച്ചത്തവളകൾ .

ഉണ്ട്
കൊണ്ടെത്തരുന്നുണ്ട്
പലതരം മണങ്ങൾ
പലതരം കാലങ്ങളെ
തുണ്ട് കഷ്ണങ്ങളെ

ഇന്നിന്റെ പരുക്കൻ
മേശമേൽ കൈകാൽ വക്രിച്ചു
നിശ്ചലം നിർമമം
കിടപ്പാണവയൊക്കെയും
പോസ്റ്റുമോർട്ടം ടേബിളിലെന്നപോൽ
-----------

Saturday 9 November 2013

അത് ശ്രേഷ്ഠം ആകുന്നത് എങ്ങനെയെന്നാൽ


ഭാഷ
വിനിമയം ചെയ്യപ്പെടേണ്ട
നാണയം മാത്രമല്ല
അത് ഒരു ആവാസ വ്യവസ്ഥയാണ്‌

കല്ല്‌ മണ്ണ് മരം
മഴ കാറ്റ് വെയിൽ
അമ്മ ആന ആട്
കുളം പുഴ കടൽ
ഒക്കെയും ചുറ്റിനും സ്വന്തം രൂപങ്ങളുമായി
നിങ്ങളെ ചൂഴ്ന്നു നിന്നത് പോലെ
അത്രയും വാക്കുകളും
നിങ്ങൾക്ക് കാവൽ നിന്നിരുന്നു

നിങ്ങൾ വളരാനും
അർത്ഥം ഗ്രഹിച്ചു അവറ്റയെ
തൊട്ടുനോക്കി ചിരിച്ചു സ്വീകരിക്കാനും
കാത്തു നില്ക്കാതെ
അവയത്രയും നിങ്ങൾക്ക് അന്തരീക്ഷം ചമച്ചു
നിന്നിരുന്നു

അവയൊന്നും നിങ്ങൾ പഠിച്ചതല്ല
അവ നിങ്ങളെ പഠിച്ചതാണ്

അമ്മയെന്ന വാക്ക് വന്നു
നിങ്ങളെ എടുത്തു ഒക്കത്ത് വച്ചു
ആന വന്നു തുമ്പിക്കൈ ചുഴറ്റി നിന്നു
പൂ വാസനിച്ചു
കാറ്റ് പൊതിഞ്ഞു കുളിർത്തു

ആരും അർത്ഥം തിടമ്പേറ്റി നിന്ന്
നിങ്ങളുടെ വഴിയേതും മുടക്കിയില്ല

വേലിക്കൽ വിരിഞ്ഞു ചിരിക്കുന്ന
നാനാ വിധം കുഞ്ഞു പൂക്കളെപ്പോലെ
കുട്ടി പൊക്കോ നേരെ പൊക്കോ
എന്ന് വഴിയൊഴിച്ചു തന്ന്
കൈവീശി യാത്ര പറഞ്ഞു .

ആവുന്നയിടങ്ങളിൽ ആവുംപോലെ എടുത്തെറിഞ്ഞു
ആഘോഷമാക്കാൻ നിങ്ങൾക്കും മടിയേതും കണ്ടില്ല.

ഭാഷ അങ്ങനെയൊക്കെ നിറഞ്ഞു പരന്നു മാനം മുട്ടി
നിങ്ങളെ ഗർഭജലം കണക്കെ പൊതിഞ്ഞു.

കരയുമ്പോഴും കണ്ണ് നിറഞ്ഞു ചിരിക്കുമ്പോഴും
അതൊപ്പം ഒരു തൂവൽ കണക്കെ
നനഞ്ഞു
ചുറ്റിനും വട്ടമിട്ടു പറന്നു

ഇരുണ്ട ആകാശത്ത് നക്ഷത്രങ്ങളെ കൊത്തി വച്ചത് പോലെ-
കനത്ത രാത്രിയുടെ ആഴങ്ങളിൽ
മിന്നാമിനുങ്ങിന്റെ പവിഴങ്ങൾ ചൂഴ്ന്നു മിഴിക്കും പോലെ  -

ഇനിയേതു പുറംകടലിൽ പോകുമ്പോഴും
നിങ്ങളതിനെയൊരു കൊതുമ്പു വള്ളമാക്കി തുഴയെറിഞ്ഞു
വലയെറിഞ്ഞു വള്ളത്തിലേയ്ക്ക്
കുടഞ്ഞിടുമ്പോഴും
കൂടെക്കിടന്നു പിടപിടച്ചു

ഭാഷ
നാണയമല്ല
ശ്വാസകോശമാണെന്ന്
ആരും പറഞ്ഞതേയില്ല
പഠിപ്പിച്ചതേയില്ല

എന്നിട്ടും കുമിളയിട്ടു കുമിളയിട്ടു
നിങ്ങളതിനെ ശ്വസിച്ചു കൊണ്ടേയിരിക്കുന്നു

എനിക്കെന്തിനൊരു കുളം പുഴ കടൽ
എന്ന് അക്വേറിയ മത്സ്യം
അഹങ്കരിക്കും പോലെ
------------

Friday 8 November 2013

വീട്ടിൽ ഒറ്റയാവുമ്പോൾ

വീട്ടിൽ ഒറ്റയാകുമ്പോഴാണ്
ഒരാൾക്ക്‌ മറ്റൊരാളാരാണെന്നു തിരിച്ചറിയുക

ഒരാൾ ഒരാളല്ല
ഒരന്തരീക്ഷമാണെന്ന്.

അമ്മ പോകുമ്പോൾ
കൂടെ കുറേ വേവലാതിക്കിളികളെ കൊണ്ടുപോകുന്നുണ്ട്
തുറന്നേ കിടക്കും പടിവാതിൽ
പിച്ചക്കാരുടെ കയറ്റിറക്കങ്ങൾ
തേങ്ങയിടീല്കാരന്റെ വിളി
മാട് മേച്ചിലിന്റെ കാവൽ
കയ്പ്പ കുമ്പള വള്ളികളുടെ കരുതൽ
പാലുകാരന്റെ നേരങ്ങൾ
പത്രക്കാരന്റെ ചുഴറ്റിയെറിയലുകൾ

ഭാര്യ
കൂടെ കൊണ്ടുപോകുന്നുണ്ട് കുറേ
കലപിലച്ചെത്തങ്ങൾ
പുലർച്ചയുടെ നെരിപ്പോടുകൾ
എച്ചിൽ പാത്രങ്ങളുടെ ഇടയൽ
ആറുമണിച്ചായയുടെ ആവി
നെഞ്ചിലെ കപ്പലോട്ട വിരലുകൾ
കുരുമുളക് നീറ്റൽ
അരിമാവിന്റെ പുളി മണം
തീര്ന്നു പോയ ഗ്യാസ് കുറ്റിയുടെ
അമ്പലമണിപ്പരാതി
അടയ്ക്കാത്ത ഇൻഷൂറൻസ് കടലാസിന്റെ
പെടപെടപ്പ്‌
പലചരക്ക് പച്ചക്കറി സഞ്ചികളുടെ
അനുധാവനം

മകൾ
മായ്ച്ചു കളയുന്നുണ്ട്
ചിത്രപ്പെന്സിലുകൾ
മൂന്നു ചക്രക്കരച്ചിലുകൾ
കുട്ടിപ്പാട്ടിന്റെ ഇടച്ചിലുകൾ
പാവക്കുട്ടി ചിണ്ങ്ങലുകൾ
കുരങ്ങു പൂച്ച നായ അണ്ണാൻ കരച്ചിലുകൾ
മരംകൊത്തി മുട്ടലുകൾ
കുരുവി വെപ്രാളങ്ങൾ
ചെമ്പോത്ത് അലോസരങ്ങൾ

വീട്ടിൽ ഒറ്റയാവുമ്പോഴാണ്‌
ഒരാൾ മറ്റെയാൾ എന്താണെന്ന്
തിരിച്ചറിയുക

ഒരാൾ ഒരാളല്ല
ഒരന്തരീക്ഷമാണെന്ന് .

പെട്ടെന്ന് പിൻവലിക്കപ്പെട്ട
അന്തരീക്ഷം
ഒരാളെ
കടൽ വറ്റിപ്പോയ  മീനെന്ന പോലെ
ഫോസിൽ ആക്കുന്നതെങ്ങനെ എന്ന്

വീട്ടിൽ ഒറ്റ ആവുമ്പോഴാണ്
ഒരാൾ സ്വയം എന്തല്ല എന്ന് -
---------------

Thursday 7 November 2013

നേരം

ഇന്ന് കാലത്തായിരുന്നു
ഒരു ഏഴ് ഏഴര മണിയായിക്കാണണം..

അത്രയേ ഉള്ളൂ സമയത്തിന്റെ കൃത്യത സുഹൃത്തേ...

അത് വരേയ്ക്കും നീ കാത്തു വച്ച
സമയ ക്ലിപ്തത 
ഇന്ന് കാലത്ത് ഒരു ഏഴിനും എഴരയ്ക്കും ഇടയിലെ
നീണ്ട മുപ്പതു മിനുട്ടുകളിൽ
ഉടഞ്ഞു തകർന്നു തലച്ചോറ് ടാർ റോഡിൽ
ചിതറും വിധം ആയത് നീ തന്നെ ശ്രദ്ധിച്ചു കാണും..

ഒരു ടിപ്പറോ പാഞ്ഞു തുള്ളുന്ന
ലിമിറ്റെഡ് സ്റ്റോപ്പോ
അരികു കാക്കാതെ പോയ ഓട്ടോറിക്ഷയോ
ഏതുമാകട്ടെ
നിന്റെ ഇത്രയും കാലത്തെ
സമയാനുബന്ധ ജീവിതത്തെ
ഒന്നുമല്ലാതാക്കിയത്‌ നീ ശ്രദ്ധിച്ചു കാണും

ഉണരാൻ ഉണ്ണാൻ ഇണചേരാൻ
അലാറമിട്ടു നീ കാത്തു വച്ച
സമയനിബന്ധനകളെയാണ്
ഇന്ന് കാലത്ത് ഒരു ഏഴ് ഏഴര
എന്ന നിശ്ചയമില്ലായ്മ
കൊഞ്ഞനം കുത്തുന്നത്

അല്ലെങ്കിൽ തന്നെ
ഇനിയെന്തിനു കൃത്യ സമയത്തിന്റെ
കൂട്ട് എന്ന ഉദാസീനതയുമാവാം
ഇങ്ങനെ ഒരു അലസ നോട്ടത്തിന്റെ അടിയിൽ.

നീയാണെങ്കിലോ
ഒരു നൂറു കൂട്ടം സമയം പറച്ചിലുകളുടെ
ദിവസം തുടങ്ങിയതേ ഉള്ളൂതാനും .

അതിപ്പോ ഏഴായാലെന്ത്
ഏഴര ആയാലെന്ത്
സ്റ്റോപ്പ്‌ വാച്ച് മുറിച്ചിടുന്ന
അതിനിടയിലെ
മറ്റേതെങ്കിലും നിമിഷമായാലെന്ത്

ഒരുപക്ഷെ
ചുടു ചോര ടാർ റോഡ്‌
മുഴുവനായും കുടിച്ചു തീരാനുള്ള
സമയമാവാം അത്
അതുമല്ലെങ്കിൽ
ഉള്ളിലേയ്ക്കിടിഞ്ഞിടിഞ്ഞു
ബോധം ഒരു കറുത്ത നക്ഷത്രമായ്‌
മരിച്ചു തീരാൻ എടുത്ത സമയവുമാവാം

മിടിച്ചു മിടിച്ച്
ലോകമേ ലോകമേ എന്ന്
കണ്ണ് കീറി
ഹൃദയം, ജീവിതം അളന്ന
സമയമാവാനും മതി.

എന്തായാലും ശരി
ഒരു ഏഴ് ഏഴരയായിക്കാണും
അതു തീർച്ച.
-----------

ബസ്സ്‌ ഇറങ്ങുമ്പോൾ

ബസ്സ്‌ ഇറങ്ങുമ്പോൾ 
വിലപ്പെട്ടതെന്തോ നമ്മൾ മറന്നു വയ്ക്കുന്നുണ്ട്

ഇനിയൊരു യാത്രയിലും എടുത്തു പെരുമാറാൻ പറ്റാത്ത 
ഒരുകുന്നു കാര്യങ്ങൾ 

ബസ്സിറങ്ങുമ്പോൾ ആ യാത്രയിൽ മാത്രം 
കണ്ടുമുട്ടിയ മുഖങ്ങളെ,
ആ യാത്രയിൽ മാത്രം
കൂട്ടിമുട്ടിയ ശരീരങ്ങളെ,
തുഴഞ്ഞുണ്ടാക്കിയ ഇടങ്ങളെ,

ഇരുന്നുണ്ടാക്കിയ ഓരക്കാഴ്ചകളെ
ഇടം വലം കാലുകൾ മാറിമാറി
നിന്നുണ്ടാക്കിയ ഇടക്കാലാശ്വാസങ്ങളെ

സ്ഥിരം സൗഹൃദം എന്നപോൽ
യാത്രയുടെ അവസാനം വരെ മാത്രം
നീട്ടി നട്ടു നനച്ചു വളർത്തും
അരികു വക്രിച്ച ചിരികളെ

പെരും സൌരയൂഥത്തിലെ
ഒരേ ഗ്രഹത്തിലെ അന്തേവാസികൾ
എന്ന മട്ടിൽ
വഴിയോര തർക്കങ്ങളെ
തടയലുകളെ കല്ലേറുകളെ
കൊള്ളി വെയ്പ്പുകളെ

പുറത്തു പെയ്യുന്ന
മഴയെ വെയിലിനെ
വീശുന്ന കാറ്റിനെ
എതിര് കാത്തു പോകുന്ന
വണ്ടികളെ
ഒരേ ദയയോടെ
നോക്കുന്ന നോട്ടങ്ങളെ
ഒക്കെയും
ഒന്നിച്ചു ചിരിച്ച്
എതിർത്ത് കയർത്ത്
ചർച്ചിച്ച് തോൽപ്പിച്ച്
മുന്നേറും സമയങ്ങളെ

തൊട്ടയൽക്കാരൻ
ജനലിലൂടെ കൈവീശി
യാത്രചോദിക്കുന്ന
സൌഹൃദങ്ങളെ
പൊടിപിടിച്ച പരസ്യ ബോർഡുകളെ
അവയിലെ മഞ്ഞിച്ച മദാലസച്ചിരികളെ

ബസ്സ്‌ ഇറങ്ങുമ്പോൾ
വിലപ്പെട്ടതെന്തോ നമ്മൾ മറന്നു വയ്ക്കുന്നുണ്ട് ഒരുപാട്

ഇനിയത്തെ യാത്രയിൽ
തിരികെയെടുത്ത്‌ വിനിമയം ചെയ്യാനാവാത്ത
കാലഹരണപ്പെട്ട നാണയത്തുട്ടുകൾ
----------------------

Friday 18 October 2013

നൊസ്സ് - റ്റാൽജിയ

നഗരത്തിലെ തിരക്കേറിയ വീഥിയിലൂടെ പോകുമ്പോൾ ഏതോ ഒരു അപ്രതീക്ഷിത വളവിൽ വച്ചാണ് അത് സംഭവിച്ചത്. എം . മുകുന്ദന്റെ 'ആദിത്യനും രാധയും മറ്റു ചിലരും' എന്ന നോവലിലേതു പോലെ,  പൊടുന്നനെ ഒരു മുപ്പതു വർഷം പിന്നിലേയ്ക്ക്.

ചുറ്റിലും നോക്കുമ്പോൾ ഇല്ലാത്തവ : മൊബൈൽ ടവറുകൾ , അവ വില്ക്കുന്ന കടകൾ, ടെലിഫോണ്‍ പോസ്റ്റുകൾ, വീതിയേറിയ പാത, തലങ്ങും വിലങ്ങും ചീറിപ്പായുന്ന വണ്ടികൾ, തിളങ്ങുന്ന ചില്ലുകൾ എമ്പാടും ഉള്ള കടകൾ, കറക്കു കോഴികൾ  പ്രദർശിപ്പിക്കുന്ന വിശപ്പ്‌ വിളമ്പുന്ന ഹോട്ടലുകൾ, പാക്കെറ്റ് പാല് ബൂത്തുകൾ, കുപ്പിവെള്ളം നിരത്തിയ കടകൾ, കൊതുകുകൾ, അങ്ങനെയങ്ങനെ..

ചുറ്റിലും നോക്കുമ്പോൾ ഉള്ളത് : കട കട എന്ന് പതുക്കെ, വളരെപ്പതുക്കെ അന്നത്തെ സമയം പോലെത്തന്നെ ഇഴയുന്ന കാളവണ്ടികൾ, ചുവന്ന ഹൃദയം പോലെ നീണ്ടു പോകുന്ന ചെമ്മണ്‍ പാത, പാടം , വരമ്പ്, വെളുത്ത കൊറ്റികൾ, തണുത്ത കാറ്റ്, കുളിര് വിളമ്പുന്ന പുല്ല്, പട്ടമേഞ്ഞ മുളംകാലുകൾ താങ്ങി നിർത്തിയ ചായക്കട, കറുകറുത്ത മേശ, ബെഞ്ച്‌ , തളിരിട്ട കിനാക്കൾ തൻ പാടുന്ന റേഡിയോ, വള്ളി ട്രൌസർ, വീൽ ഇല്ലാത്ത ടയർ, മേടിമേടിത്തിരിക്കുന്ന മെലിഞ്ഞ കയ്യ്, എന്നിങ്ങനെ...

വളവൊരിക്കലും നിവരരുതേ എന്നോ മറ്റോ പ്രാർത്ഥിക്കാൻ തുടങ്ങിയതേയുള്ളൂ അതിനു മുൻപ് തന്നെ അക്കാണുന്നതിനെയെല്ലാം
റദ്ദു ചെയ്തുകൊണ്ട് "where are you " എന്ന് ഒരു എസ് എം എസ് .

കാലം പിണഞ്ഞു കിടക്കുന്ന വളവായ വളവൊക്കെ നിവർത്തി നിവർത്തി പോയ്ക്കൊണ്ടേയിരിക്കുന്ന  നെടുനീളൻ അതിവേഗപാതയിൽ അനാഥനായി നിൽക്കാനൊന്നും പോയില്ല.

കാരണം കവിതകളിൽപ്പോലും ഉപയോഗിക്കാത്ത ഒരു വിലകുറഞ്ഞ സംഭവമാകുന്നു ഈ നൊസ്റ്റാൾജിയ.
------------------

Thursday 18 July 2013

തികച്ചും ഭൗതികം



ഭൗതികശാസ്ത്ര നിയമങ്ങൾ
ആവശ്യമുള്ളപ്പോൾ മാത്രം നടപ്പിലാവുന്ന
ഒരിടം സന്ദര്ശിച്ചു വരുന്ന വഴിയാണ്..

അതായത് ഭൂഗുരുത്വം ആവശ്യമുള്ളപ്പോൾ മാത്രം
ഭൂഗുരുത്വം നമുക്കുമേൽ പ്രവര്ത്തിക്കും
അല്ലാത്ത പക്ഷം കെട്ടിടത്തിനു മുകളിൽ നിന്നും
തെന്നി മാറിയാൽ പോലും
വീഴാതെ വായുവിൽ നിന്നേക്കും

കാറും ബസ്സും കൂട്ടിയിടിക്കുമ്പോൾ
ആക്കം പ്രവര്ത്തന രഹിതമായിരിക്കും

വണ്ടി മുന്നറിയിപ്പില്ലാതെ
ബ്രേക്ക് ചവിട്ടുമ്പോൾ
ജഡത്വം പ്രവര്തിക്കാത്തത് പോലെ...

ആവശ്യമുള്ളപ്പോൾ മാത്രം
മാങ്ങകൾ ഞെട്ടറ്റു വീണു
തിരിയുന്ന പങ്കകളിൽ നിന്ന്
കാറ്റ് വിസരണം നടത്തി
നടപ്പാതകൾ ഘർഷണ ബലത്താൽ
സായാഹ്ന നടത്തയെ പിന്താങ്ങി

അല്ലാത്തപ്പോഴൊക്കെ
വഴുതി തല തല്ലി വീഴൽ
ഒരു കടംകഥ മാത്രമായി
വെട്ടുകത്തി, കോടാലി,
പിക്കാക്സ് കൊലപാതകങ്ങൾ
പഴംകഥകളായി
ഭാരിച്ച വസ്തുക്കൾ
എന്നത് അകാദമിക് പ്രശ്നം മാത്രമായി

നോക്കുകൂലി
അധ്വാനം
തൊഴിലാളി വര്ഗം
സമരപ്പന്തൽ
വിപ്ലവ ജ്വാല
പോരാട്ട വീര്യം
ഒക്കെ
ഒക്കെ
ശബ്ദതാരാവലിയിലെ
താളുകൾ നിറച്ച്
മിണ്ടാതെ കിടന്നുറക്കമായി..

ഭൌതികശാസ്ത്രം
ഒരു ശാസ്ത്രം
മാത്രമായി മാറി

നമ്മുടെ മനസ്സിന്റെ
ചര്യകൾക്കൊത്ത്
പ്രപഞ്ചം വാലാട്ടി
തലതാഴ്ത്തി
കീഴടങ്ങി..

ശാസ്ത്രം പ്രവർത്തനമല്ല
എന്ന് പരിഹാസ ചൊല്ല് തന്നെ
ഉടലെടുത്തു...

എന്ത് സുന്ദര സുരഭില
മനോഹരമായ ഇടം
അല്ലെ?
-----------

Saturday 6 July 2013

പരസ്പരം

കണ്ടെടുക്കേണ്ടത്
എന്നെത്തന്നെയെന്നു
അലറിയലറി
ഓടുന്നുണ്ട് മനം മുന്നിൽ

ഞാനിവിടുണ്ട്, ഇവിടെ
എന്ന് മൌനം കരഞ്ഞു
ഞാനും പിറകിലോടുന്നുണ്ടെന്റെ
മനമേ..

കാണുന്നില്ല നാം പരസ്പരം
എന്നല്ല

കാണുന്നുണ്ട്

പരസ്പര വെപ്രാളം മാത്രം
എന്ന് മാത്രം...

-----------