ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

Wednesday 19 March 2014

ശവം കാണും നേരം



ശവം കാണാൻ നിൽക്കുമ്പോൾ
നിങ്ങളൊരു ഗുഹ സന്ദർശിക്കാൻ നില്ക്കുന്നു

ബന്ധുജനങ്ങളുടെ
കണ്ണീരു കൈകൂപ്പു നെഞ്ചത്തടി തേങ്ങലുകൾക്കിടയിൽ
ശവത്തിനു ചുറ്റുമുള്ള
ആചാര മുഴച്ചു നിൽപ്പുകൾക്കിടയിൽ
അകാല ശവമാണെങ്കിൽ
ഉന്തിലും തള്ളിലും
തിക്കിലും തിരക്കിലും
പെട്ട് ക്യൂവിന് വെളിയിലേക്ക്
തെറിച്ചു പോകാതുള്ള
അഭ്യാസപ്രകടനങ്ങളോടൊപ്പം
നിങ്ങൾ നില്ക്കുന്നു

കണ്ടു കാണികളായി മാറി നില്ക്കുന്ന
പോസ്റ്റ്‌ മോർട്ടം സൂചനകളെ നിങ്ങൾ കേൾക്കുന്നു

ചന്ദനത്തിരി കുന്തിരിക്ക ഗന്ധങ്ങളുടെ
പൊറുപ്പില്ലായ്മ നിങ്ങളെ ചൂഴുന്നു .

ശവം കാണാൻ നിൽക്കുമ്പോൾ
നിങ്ങൾ ആദ്യമായും അവസാനമായും
കാണുന്ന ശവത്തിന്റെ മുഖത്തിനെ
ശ്രദ്ധിച്ചിട്ടുണ്ടോ ?

കുറച്ചു കാലം മുൻപ് വരെ
നിങ്ങൾ ജീവിച്ചു കൊണ്ടേയിരുന്ന അതേ ലോകത്ത്
നിങ്ങളോടൊപ്പം അതേ വായു ശ്വസിച്ചു ജീവിച്ച
ജീവിയുടെ
മറ്റൊരു ലോകത്തിലേയ്ക്ക്
സ്റ്റഫ് ചെയ്തു വച്ച മുഖത്തിനെ ?

മറ്റേതോ ലോകത്തെ രഹസ്യങ്ങളെ
സമൌനം മറച്ചു വച്ച്
ഓ, മരണമോ ജീവിതമോ
നിങ്ങളോ ഞാനോ ? ഒക്കെ വെറുതെയല്ലേ
എന്നൊരു നിസ്സംഗത അണിഞ്ഞു കിടക്കുന്ന
ശരീരത്തെ?

മരിച്ച മുഖം നിങ്ങൾ
സൂക്ഷിച്ചു നോക്കിയിട്ടുണ്ടോ?

മറ്റേതോ ലോകത്തേയ്ക്ക്
ഒരു നിമിഷം നമ്മളെ വലിച്ചിടുന്ന
ഒരു ഗുഹാമുഖത്തെ?

സത്യത്തിൽ
ശവം കാണാൻ നിൽക്കുമ്പോൾ
നിങ്ങൾ പലതും നോക്കാതെ പോകുന്നുണ്ട്
അടിവച്ചടിവച്ച്
തൊട്ടു മുൻപ് നടന്നു പോകുന്ന
പാദങ്ങളെ പിന്തുടർന്ന്
ഒരു സ്കൂൾ കുട്ടി കടന്നു പോകും വിധം
നിങ്ങളൊരു ഗുഹാമുഖം കണ്ടു തീർക്കുന്നു
എന്ന് മാത്രം.

ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് ഞാൻ
എന്നൊരു ഔദ്ധത്യം
തേരട്ട പോലെ
നിങ്ങളുടെ അബോധത്തിൽ
അപ്പോൾ മാത്രം
അരിച്ചു തുടങ്ങുന്നുണ്ട് , പതിയെ

അടുത്തൊരു ശവസന്ദർശനത്തിനു
നിവർന്നരിക്കാനായി
നിങ്ങളതിന് തൊട്ടു ചുരുട്ടുന്നുണ്ട്
പതിയെ.
-----------

1 comment:

  1. പിറപ്പെയ് തേർന്തെടുക്കും
    ഇറപ്പെയ് തേർന്തെടുക്കും
    പുരിമെയ് നമ്മിടത്തിൽ ഇല്ലൈ..
    വാഴ്കെയ് മട്ടും കൈയ്യിൽ ഉണ്ടത് വെൻട്രിടലാം...

    മനോഹരമായി എഴുതിയിരിക്കുന്നു. പലതിന്റേയും വ്യത്യസ്തമായ കോണുകളിൽ നിന്നുള്ള വീക്ഷണം കവിതയെ മാറ്റുള്ളതാക്കുന്നു.


    ശുഭാശംസകൾ....

    ReplyDelete