ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

Friday 5 November 2010

കോറിമറന്നിട്ടത്

എന്‍റെ പ്രണയം

വാലാട്ടി വാലാട്ടി നില്‍ക്കുമ്പോള്‍
ഇടയ്ക്ക് സ്നേഹം
വിളമ്പിത്തരാറുണ്ട്..

പിന്നെ-
മൌനത്തിന്‍റെ
അവഗണനയുടെ
കൂര്‍ത്ത കല്ലുകള്‍
മുഖം നോക്കാതെ വീശി എറിയും.
'പോ പട്ടീ മുന്‍പീന്നു' എന്ന ചെത്തി ക്കൂര്‍പ്പിച്ച മൌനം.

ചലവും ചോരയും ഒലിക്കുമെങ്കിലും
ഞാനപ്പോഴും വാലാട്ടുന്നു.

ഇടയ്ക്ക്
വല്ലപ്പോഴുമൊക്കെ
സ്നേഹം വിളമ്പിത്തരാറുണ്ടല്ലോ..



ജീവിതം

കടലാസ്സില്‍
ഒരു പൂ വരയ്ക്കാന്‍ തുടങ്ങി.

പൂമ്പൊടി,
ഇതളുകള്‍,
കമ്പ്, ഇലകള്‍..

ചന്തത്തില്‍ ചായം പൂശി.

എല്ലാറ്റിനും ഒടുക്കമാണറിഞ്ഞത്..
കടലാസ്സു പിഞ്ഞിരിക്കുന്നു..

കയ്യൊപ്പിടാന്‍ പോലും
ഇടമില്ലാതെ..



എന്ത് ചെയ്യണം?


നീയാണെന്നിലെ രോഗം

അതിനുള്ള ചികിത്സയും
നീ തന്നെ.

പ്രണയമേ
ഞാനിനി എന്ത് ചെയ്യണം?



പുഴ



തടാകം-
മഴവില്ല്-

ഇല്ല

പ്രണയത്തെ കുറിച്ച്
പറയുമ്പോള്‍
അത്തരം സ്വച്ഛ് ബിംബങ്ങള്‍
പറയാന്‍
എനിക്കാവില്ല.

ഞാനിപ്പോഴും പുഴ തന്നെയാണ്..
കരകവിഞ്ഞൊഴുകുന്ന
പഴയ പ്രതാപിയായ പുഴ.

എന്‍റെ അരികിലേയ്ക്ക് വരരുത്.

കടപുഴകി എന്നിലേയ്ക്ക് അടിയാനും മതി.



ഏകാന്തത


കമ്പ്യൂട്ടര്‍
സ്ക്രീനില്‍ വാക്കുകള്‍ ചരടുകളില്ലാത്ത പട്ടങ്ങള്‍ പോലെ..
വരികള്‍ക്കിടയിലെ
വെളുത്ത ആകാശത്തില്‍
ഉറഞ്ഞുപോയിരിക്കുന്നു.

കരച്ചിലിന്‍റെ കടല്‍ത്തീരത്ത്‌
കാറ്റ് കൊള്ളാനെത്തുന്നവര്‍
സുഖാന്വേഷികള്‍ ..

എത്രയും അടുപ്പമുള്ളവര്‍
എന്തുമാത്രം അകലത്താണെന്ന്
കറുത്ത മാനത്ത്
ചന്ദ്രന്‍ ചിരിക്കുന്നു

അകലം കൂടുംതോറും
എല്ലാം മുക്കുത്തിച്ചന്തങ്ങള്‍ എന്ന്
കുഞ്ഞു നക്ഷത്രങ്ങള്‍..

എന്നില്‍ നിന്നെന്നിലേക്ക്
ഒരു ഭൂമിയോളം
ചുറ്റി വരണമെന്ന്
ഭൂമിശാസ്ത്രാ ധ്യാപകന്‍.

ഞാന്‍ പോലും കൂട്ടിനില്ലാത്ത
എന്‍റെതു എന്തൊരു ഏകാന്തത.

..

1 comment:

  1. മറക്കാനാവാത്ത കോറലുകള്‍ !

    ReplyDelete