ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

Saturday 4 June 2016

നാടകം കളി

ഉറക്കത്തിന്റെ നൂലിഴ ബദ്ധപ്പെട്ട്
കോർത്തുകോർത്തു കിടക്കവേ
വരിയിൽ കാത്തുകാത്തു നിൽക്കുന്നു കിനാവുകൾ
ഒരു സ്റ്റേജൊരുങ്ങുന്നതും കാത്ത്, നാടകം കളി തുടങ്ങാൻ.

അസംബന്ധമാ, ണെങ്കിലെന്ത്
ഒരുങ്ങി നിൽപ്പുണ്ട് ഓന്ത്, ആന, കലമാൻ
ഒരൊറ്റ വേദിയിൽ തിമർത്താടുമിക്കൂട്ടർ
കഥ തിരക്കഥ സംഭാഷണം അജ്ഞാതകർത്താ.

വേനലാണ്.
മനുഷ്യന്റെ പിടിപ്പുകേടു കൊണ്ട്
കൊടുംചൂടായ കാലമാണ്.
സാരമില്ല
നനവു മതി
നീന്തിക്കൊള്ളാമെന്ന്
നീർക്കോലി നടി.
കുടിക്കാൻ പുഴയുടെ കട്ടൗട്ടർ മതിയെന്ന് മാനുകൾ
നീന്തിക്കടക്കാൻ ആറിന്റെ
ഉല്പ്രേക്ഷ മതിയെന്ന്
വില്ലൻ കാട്ടാനകൾ.

അതിനെല്ലാം മുന്നേയൊന്ന്
ഉറങ്ങിക്കിട്ടണം
ആദ്യമീ സംവിധായകനെന്നു മാത്രം.

സൂചിനൂൽ കോർക്കൽ മൽസര വിസിൽ മുഴങ്ങുന്നു
കോർത്തെളുപ്പമിപ്പുറം വാ
നൂലുറക്കമേ സൂചിക്കുഴയേ
കാത്തുനില്പാണു നടീനടന്മാർ
കിനാ നാടക വേഷക്കാർ

മുകളിൽ തിരിഞ്ഞുതിരിഞ്ഞുഷ്ണക്കാറ്റ്
തുപ്പിതുപ്പിച്ചിരിയ്ക്കുന്നു
സീലിങ്ങ് ഫാൻ

ഏസി വെയ്ക്കണം
അടുത്ത നറുക്കിന്
കാത്തുനിൽക്കുമാന, കടുവ,
കാട്ടുപോത്തുകളെ ആട്ടി പ്പായിക്കണം
അവയൊക്കെ ഉഷ്ണക്കാട്ടിൽ
അലഞ്ഞോട്ടെ.

No comments:

Post a Comment