--------
ഒരു വഴി പോകുന്നുണ്ട്
വീട്ടു പടിക്കലൂടെ
മൂടൽ മഞ്ഞിലൂടെ
നിറയെ പൂത്തു നില്ക്കുന്ന ചെണ്ടുമല്ലി
മഞ്ഞപ്പിന്നിടയിലൂടെ
ഇരുവശവും മരുന്നടിക്കാത്ത
പച്ചക്കറിപ്പാടങ്ങൾ
വിളഞ്ഞു കിടക്കുന്ന
നാട്ടുവഴിയിലൂടെ
എന്റെ തന്നെ കുട്ടിക്കാലം
തുടുത്തു നില്ക്കുന്ന
എണ്‍പതുകളിലൂടെ
ഓരത്തൊരു
വേലിക്കപ്പുറം വീട്ടുതിണ്ണയിൽ
മധുരപ്രതീക്ഷതൻ എന്ന്
മാല കോർക്കുന്നുണ്ട്
ജാനകി റേഡിയോവിലൂടെ
മുറ്റങ്ങളിൽ ഉണക്കാനിട്ട
പുളി, പുളിച്ചു മണക്കുന്ന
കാറ്റ് വന്നു മൂക്കത്ത്
വട്ടം ചുഴറ്റുന്നുണ്ട്
മഴ വന്നടിയേ
ഓടിയെടുക്ക് അയക്കയിലെ
തുണി നനയാതെന്നു
കാറ്റൊപ്പം നേർപ്പിക്കുന്നുണ്ട്
ഒരമ്മയുടെ നിലവിളി..
ജിലും ജിലും ശബ്ദത്തി
ന്നകമ്പടിയോടെ
ചാണകച്ചിതറിച്ചയോടെ
കടന്നുപോകുന്നുണ്ട് ഒരു കാളവണ്ടി ;
പിറകിലായൊരു
യൂപ്പി ഉസ്ക്കൂളിലെ കുട്ടിക്കൂട്ടം
....
വഴി പുതുക്കിപ്പണിത്പണിത്
കോണ്‍ ക്രീറ്റ് കട്ടകൾ അടുക്കിയടുക്കി
ബംഗാളികൾ കലപിലകൂട്ടുന്ന
വെയിൽപ്പാടത്ത്
പൊടുന്നനെ
ഉരുകിപ്പോകുന്നുണ്ട് ആ മഞ്ഞു വഴി
----